Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓൾട്ടോ കെ 10 അർബനൊ എഡീഷനു’മായി മാരുതി

Maruti Suzuki Alto K10 Urbano Edition

റെനോയിൽ നിന്നുള്ള ‘ക്വിഡി’ന്റെ വരവോടെ എൻട്രി ലവൽ വിഭാഗത്തിൽ നേരിടുന്ന വെല്ലുവിളിയെ അതിജീവിക്കാൻ ‘ഓൾട്ടോ’യ്ക്കു പരിമിതകാല പതിപ്പുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് രംഗത്ത്. സാങ്കേതിക വിഭാഗത്തിൽ സ്പർശിക്കാതെ മൊത്തം 18 പരിഷ്കാരങ്ങളോടെയാണ് ‘ഓൾട്ടോ കെ 10 അർബനൊ എഡീഷൻ’ എന്ന പരിമിതകാല പതിപ്പിന്റെ വരവ്. പെട്രോൾ, സി എൻ ജി വിഭാഗങ്ങളിലായി എൽ എക്സ്, എൽ എക്സ് ഐ, വി എക്സ് ഐ, വി എക്സ് ഐ (ഒ) വകഭേദങ്ങളിലെല്ലാം ‘അർബനൊ’ പതിപ്പ് ലഭ്യമാവും.

കാഴ്ചപ്പൊലിമയ്ക്കൊപ്പം മോഹിപ്പിക്കുന്ന വിലയുമായി എത്തിയ ‘ക്വിഡ്’ കാൽലക്ഷത്തോളം ബുക്കിങ്ങുകൾ വാരിക്കൂട്ടിയതു മാരുതി സുസുക്കിയെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ടൈന്നു വ്യക്തമാണ്. ‘ക്വിഡി’ന്റെ മോഹവലയത്തിൽപെടാതെ ‘ഓൾട്ടോ കെ 10’ പ്രേമികളെ പിടിച്ചുനിർത്താനുള്ള തന്ത്രമാണ് ‘അർബനൊ എഡീഷൻ’. പ്രത്യേക ബക്കറ്റ് ശൈലിയിൽ രൂപകൽപ്പന ചെയ്ത ആർട് ലതർ സീറ്റ് കവറുകളും ഇതിനനുയോജ്യമായ സ്റ്റീയറിങ് വീൽ കവറുമാണു കാറിലെ പ്രധാന പുതുമ. പെഡലുകളുടെ രൂപം മാറ്റിയതിനൊപ്പം കാറിലെ ഫ്ളോർ മാറ്റുകളുടെ രൂപവും പരിഷ്കരിച്ചിട്ടുണ്ട്. ആംബിയന്റ് ലൈറ്റും എൽ ഇ ഡി ഡോർ സിൽ ഗാഡും ഉൾപ്പെടുന്നതാണു കാറിന്റെ പുറംഭാഗത്തെ മാറ്റം. ഒപ്പം ‘അർബനൊ എഡീഷനി’ൽ ക്രോമിയം വാരിവിതറാനും മാരുതി സുസുക്കി ശ്രമിച്ചിട്ടുണ്ട്; ഔട്ടർ റിയർ വ്യൂ മിറർ, ബാക്ക് ഡോർ വീൽ ആർച്ച്, ടെയിൽ ലൈറ്റ്, ഫോഗ് ലാംപ് എന്നിവയ്ക്കൊക്കെ ക്രോമിയത്തിന്റെ പകിട്ടേകാൻ കമ്പനി മറന്നില്ല.

റിവേഴ്സ് പാർക്കിങ് സെൻസർ, ഹാൻഡ്സ് ഫ്രീ ബ്ലൂടൂത്ത് കിറ്റ്, വോൾട്ടേജ് — താപനില ഡിസ്പ്ലേ സഹിതം യു എസ് ബി ചാർജർ, ലോങ് റേഞ്ച് വിഷൻ ബൾബുകൾ എന്നിവയും ഈ പരിമിതകാല പതിപ്പിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരം പുതുമകൾക്കും പരിഷ്കാരങ്ങൾക്കും 16,990 രൂപയാണു മാരുതി സുസുക്കി ഈടാക്കുക.

കറുപ്പ്, വെള്ളി നിറക്കൂട്ടിന്റെ പകിട്ടും ഇതിനനുയോജ്യമായ ബോഡി ഗ്രാഫിക്സുമൊക്കെയായാണ് ‘അർബനൊ എഡീഷ’ന്റെ വരവെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. ഉടമകളുടെ സൗകര്യാർഥം റിവേഴ്സ് പാർക്കിങ് സെൻസർ, ഹാൻഡ്സ്ഫ്രീ ബ്ലൂടൂത്ത് കിറ്റ്, യു എസ് ബി കാർ ചാർജർ തുടങ്ങിയവയും കാറിൽ ലഭ്യമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കൂടാതെ നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് നേരത്തെ പുറത്തിറക്കിയ ‘സ്വിഫ്റ്റ് ഗ്ലോറി’ എഡീഷന്റെ വിലയും മാരുതി സുസുക്കി പ്രഖ്യാപിച്ചു. ‘സ്വിഫ്റ്റി’ന്റെ വി എക്സ് ഐ, വി ഡി ഐ വകഭേദം അടിസ്ഥാനമാക്കി സാക്ഷാത്കരിച്ച ‘ഗ്ലോറി എഡീഷ’ന് യഥാക്രമം 5,28,818 രൂപയും 6,19,823 രൂപയുമാണു ഡൽഹിയിലെ ഷോറൂം വില.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.