Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പന കേന്ദ്രങ്ങൾ ഇരട്ടിയാക്കുമെന്നു മാരുതി സുസുക്കി

Maruti Baleno Baleno

നാലു വർഷത്തിനകം രാജ്യത്തെ വിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ഒരുങ്ങുന്നു. 2020ൽ വാർഷിക വിൽപ്പന 20 ലക്ഷം യൂണിറ്റിലെത്തിക്കുന്നതിന്റെ ഭാഗമായാണു കമ്പനി വിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം നാലായിരത്തോളമായി വർധിപ്പിക്കുന്നത്. നിലവിൽ 1,470 നഗരങ്ങളിലായി 1,820 പരമ്പരാഗത ഡീലർഷിപ്പുകളാണു മാരുതി സുസുക്കിക്കുള്ളത്. ഈ സാമ്പത്തിക വർഷം പുതിയ 200 ഡീലർഷിപ്പുകളാണു കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ 2017 മാർച്ചിനകം ഡീലർഷിപ്പുകളുടെ എണ്ണം രണ്ടായിരത്തിലെത്തിക്കാനാവുമെന്നു മാരുതി സുസുക്കി കരുതുന്നു.

swift-new Maruti Suzuki Swift

വിൽപ്പന 20 ലക്ഷം യൂണിറ്റിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു 2020 ആകുമ്പോഴേക്കു വിൽപ്പന കേന്ദ്രങ്ങൾ നാലായിരമാക്കി ഉയർത്തുന്നതെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി വിശദീകരിച്ചു. ഇതോടൊപ്പം പുതുതലമുറ മോഡലുകളുടെ വിൽപ്പനയ്ക്കായി തുറന്ന പ്രത്യേക ഷോറൂം ശൃംഖലയായ ‘നെക്സ’യുടെ എണ്ണം 250 ആയി ഉയർത്താനും പദ്ധതിയുണ്ട്. നിലവിൽ 127 ഔട്ട്ലെറ്റുകളാണു ‘നെക്സ’ ശ്രേണിയിലുള്ളത്. കഴിഞ്ഞ 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 200 പുതിയ ഡീലർഷിപ്പുകളാണു മാരുതി സുസുക്കി തുറന്നത്. പുതിയ സങ്കൽപമായ ‘നെക്സ’യുടെ അവതരണമാവട്ടെ ആഗോളതലത്തിൽ തന്നെ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ വിപണന ശൃംഖല വികസനമായിരുന്നെന്നു കാൽസി അവകാശപ്പടെുന്നു. ‘നെക്സ’ ഷോറൂമുകൾക്കു ലഭിച്ച മികച്ച സ്വീകാര്യത മുൻനിർത്തിയാണ് ഇത്തരം ഷോറൂമുകളുടെ എണ്ണം 2017 മാർച്ചിനകം 250 ആയി ഉയർത്തുന്നത്.

Maruti Suzuki Alto K10 Alto K10

വിൽപ്പന വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടുതൽ മോഡലുകൾ പുറത്തിറക്കാനും മാരുതി സുസുക്കി തീരുമാനിച്ചിട്ടുണ്ട്. ഇക്കൊല്ലം ഉത്സവകാലമാകുമ്പോഴേക്ക് ‘ഇഗ്നിസ്’, ‘ബലേനൊ ആർ എസ്’ എന്നിവ വിൽപ്പനയ്ക്കെത്തിക്കാനാണു തീരുമാനം. വിൽപ്പനയിൽ റെക്കോഡ് സൃഷ്ടിച്ചാണു മാരുതി സുസുക്കി 2015 — 16 പൂർത്തിയാക്കിയത്; മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 10.6% വളർച്ചയോടെ 14,29,248 യൂണിറ്റായിരുന്നു മൊത്തം വിൽപ്പന. ‘എസ് ക്രോസ്’, ‘ബലേനൊ’, വിറ്റാര ബ്രേസ’ എന്നിവയാണു കഴിഞ്ഞ സാമ്പത്തിക വർഷം മാരുതി സുസുക്കി പുതുതായി വിപണിയിലെത്തിച്ചത്. കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതലത്തിലാണു മാരുതി സുസുക്കിയുടെ വിപണി വിഹിതം; യാത്രാവാഹന വിഭാഗത്തിൽ 46.8% വിഹിതമാണു കമ്പനിക്ക് ഇപ്പോഴുള്ളത്.