50 ലക്ഷം പിന്നിട്ട് ‘മസ്ത ത്രീ’യുടെ ജൈത്രയാത്ര

കോംപാക്ട് കാറായ ‘മസ്ദ ത്രീ’യുടെ ഇതുവരെയുള്ള ഉൽപ്പാദനം 50 ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് വാഹന നിർമാതാക്കളായ മസ്ദ മോട്ടോർ കോർപറേഷൻ. ജാപ്പനീസ് വിപണിയിൽ ‘അക്സില’ എന്ന പേരിലാണ് ഈ കാർ വിൽപ്പനയ്ക്കെത്തുന്നത്. ഇതോടെ ‘ഫാമിലിയ’യ്ക്കു പിന്നാലെ മസ്ദ ശ്രേണിയിൽ ഈ ഉൽപ്പാദന നേട്ടം കൈവരിക്കുന്ന കാറായി ‘മസ്ദ ത്രീ’ മാറി. ഏപ്രിൽ അവസാനത്തോടെയാണു ‘മസ്ദ ത്രീ’ ഈ നേട്ടം സ്വന്തമാക്കിയതെന്നും കമ്പനി പ്രഖ്യാപിച്ചു. ‘ഫാമിലിയ’, ‘323’, ‘പ്രൊട്ടീജ്’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന മോഡലിന്റെ പിൻഗാമിയായി 2003ലായിരുന്നു ‘മസ്ദ ത്രീ’യുടെ അരങ്ങേറ്റം. അക്കൊല്ലം ജൂണിൽ നിർമാണം തുടങ്ങിയ ‘മസ്ദ ത്രീ’ 12 വർഷവും 10 മാസവും കൊണ്ടാണ് 50 ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനം കൈവരിച്ചു മസ്ദയ്ക്കായി പുതിയ ചരിത്രം സൃഷ്ടിച്ചത്.

നിലവിൽ മസ്ദയുടെ മൊത്തം വിൽപ്പനയിൽ മൂന്നിലൊന്നോളം സംഭാവന ചെയ്യുന്ന തന്ത്രപ്രധാന മോഡലാണു ‘മസ്ദ ത്രീ’. ജപ്പാനിലെ ഹൊഫുവിലും ചൈനയിലെ ചാങ്ങൻ മസ്ദ ഓട്ടമൊബീൽ കമ്പനിയിലും ഓട്ടോ അലയൻസി(തായ്ലൻഡ്)ലും മെക്സിക്കോയിലെ മസ്ദ ഡെ മെക്സിക്കൊ വെഹിക്കിൾ ഓപ്പറേഷനിലുമായാണു കാറിന്റെ നിർമാണം നടക്കുന്നത്. കൂടാതെ മലേഷ്യയിലും വിയറ്റ്നാമിലും പ്രാദേശിക അസംബ്ലിങ് വഴിയും ‘മസ്ദ ത്രീ’ വിൽപ്പനയ്ക്കെത്തുന്നുണ്ട്. നിരത്തിലെത്തിയതു മുതൽ ‘മസ്ദ ത്രീ’യെ വിപണിയുടെ താൽപര്യങ്ങൾക്കൊത്ത് നിരന്തരം പരിഷ്കരിക്കാനും നവീകരിക്കാനും നിർമാതാക്കൾ ബദ്ധശ്രദ്ധരായിരുന്നു. 2013ൽ സമഗ്രമായി പരിഷ്കരിച്ച ‘മസ്ദ ത്രീ’യുടെ മൂന്നാം തലമുറ മോഡലാണ് ഇപ്പോൾ വിൽപ്പനയ്ക്കുള്ളത്; സ്കൈആക്ടീവ് ടെക്നോളജിയും കൊഡോ സോൾ ഓഫ് മോഷൻ ഡിസൈനും സഹിതമാണ് ഇപ്പോഴത്തെ ‘മസ്ദ ത്രീ’യുടെ വരവ്.