Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കൊല്ലം വാഹന വിൽപ്പന വളരില്ലെന്നു മെഴ്സീഡിസ്

benz-gla

ഇക്കൊല്ലം ഇന്ത്യയിലെ വിൽപ്പനയിൽ കാര്യമായ വർധന പ്രതീക്ഷിക്കുന്നില്ലെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ്. കഴിഞ്ഞ വർഷം കമ്പനി ഇന്ത്യയിൽ റെക്കോഡ് വിൽപ്പന കൈവരിച്ചിരുന്നു. ഡീസൽ എൻജിനുകളുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വവും ചരക്ക് — സേവന നികുതി(ജി എസ് ടി) നിലവിൽ വരുന്നതുമൊക്കെയാണു വിൽപ്പനയ്ക്കു തിരിച്ചടി സൃഷ്ടിക്കുന്നതെന്നു കമ്പനി കരുതുന്നു. സാഹചര്യം അനുകൂലമല്ലെങ്കിലും വർഷാവസാനത്തിനുള്ളിൽ നാലു പുതിയ മോഡലുകൾ കൂടി അവതരിപ്പിക്കാൻ മെഴ്സീഡിസ് ബെൻസ് ഇന്ത്യ ഒരുങ്ങുന്നുണ്ട്. മൂന്നു പുതിയ ഡീലർഷിപ്പുകൾ കൂടി ഇക്കൊല്ലം പ്രവർത്തനം ആരംഭിക്കുമെന്നും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോളണ്ട് ഫോൾജർ അറിയിച്ചു.

കഴിഞ്ഞ വർഷം 13,502 കാറുകളാണു മെഴ്സീഡിസ് ബെൻസ് ഇന്ത്യയിൽ വിറ്റത്; 2014നെ അപേക്ഷിച്ച് 32% അധികമാണിത്. ഇക്കൊല്ലവും കഴിഞ്ഞ വർഷത്തെ അത്രയും കാറുകൾ വിൽക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു ഫോൾജർ വെളിപ്പെടുത്തി.
ഇന്ത്യയുടെ ആവശ്യം നിറവേറ്റാനുള്ള ശേഷി പുണെയ്ക്കടുത്ത് ചക്കനിലെ ശാലയ്ക്കുണ്ട്. പ്രതിവർഷം 20,000 കാറുകൾ ഉൽപ്പാദിപ്പിക്കാവുന്ന ഈ ശാല വരുന്ന രണ്ടു മൂന്നു വർഷത്തെ ആവശ്യം നിറവേറ്റാൻ പര്യാപ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യ തലസ്ഥാന മേഖല(എൻ സി ആർ)യിൽ രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് കഴിഞ്ഞ ഓഗസ്റ്റ് അവസാനമാണു സുപ്രീം കോടതി പിൻവലിച്ചത്.

വാഹനവിലയുടെ ഒരു ശതമാനം ഹരിസ് സെസ് ആയി നൽകാമെന്നു നിർമാതാക്കൾ വാഗ്ദാനം ചെയ്തതോടെയായിരുന്നു കോടതി നടപടി.ജി എസ് ടി നടപ്പാവുന്നതോടെ കാർ വിലയിൽ എന്തു മാറ്റം വരുമെന്നതു സംബന്ധിച്ചു ധാരാളം ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കോടതി വിലക്കും ജി എസ് ടി സംബന്ധിച്ച അനിശ്ചിതത്വവുമൊക്കെ കമ്പനിയുടെ ആസൂത്രണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഫോൾജർ അഭിപ്രായപ്പെട്ടു. സെപ്റ്റംബറിനുള്ളിൽ എല്ലാ മോഡലുകൾക്കും പെട്രോൾ വകഭേദം അവതരിപ്പിക്കാൻ കമ്പനി നിർബന്ധിതരായ കാര്യവും അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ ജൂലൈ — സെപ്റ്റംബർ ത്രൈമാസത്തിൽ 3,327 കാറുകളാണു മെഴ്സീഡിസ് ബെൻസ് വിറ്റത്; 2015ൽ ഇതേ കാലത്ത് കമ്പനി 3,420 കാർ വിറ്റിരുന്നു.  

Your Rating: