യു എസിലെ വാഹന നിർമാണം മിറ്റ്സുബിഷി നിർത്തുന്നു

യു എസിലെ കാർ ഉൽപ്പാദനം ഇക്കൊല്ലം തന്നെ അവസാനിപ്പിക്കുകയാണെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ മിറ്റ്സുബിഷി പ്രഖ്യാപിച്ചു. ഇല്ലിനോയ് ശാലയിൽ നിന്നുള്ള കാർ നിർമാണം അവസാനിപ്പിക്കുകയാണെന്നു വ്യക്തമാക്കിയ മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷൻ പ്രസിഡന്റ് ടെറ്റ്സുരൊ അയ്കാവ ഭാവിയിൽ ജപ്പാനും റഷ്യയും തായ്ലൻഡ്, ഇന്തൊനീഷ, ഫിലിപ്പൊൻസ്, മലേഷ്യ എന്നിവ ഉൾപ്പെടുന്ന ദക്ഷിണ പൂർവ ഏഷ്യൻ(ആസിയാൻ) രാജ്യങ്ങളുമാവും കമ്പനി ഉൽപ്പാദന കേന്ദ്രങ്ങളെന്നും അറിയിച്ചു. ജാപ്പനീസ് വാഹന നിർമാതാക്കളിൽ ആറാം സ്ഥാനത്തുള്ള കമ്പനിയാണു മിറ്റ്സുബിഷി.

വടക്കേ അമേരിക്കയിലെ ഇല്ലിനോയിയിലുള്ള നോർമലിലെ ശാലയിൽ നടത്തിയിരുന്ന ‘ഔട്ട്ലാൻഡർ സ്പോർട്’ ഉൽപ്പാദനം ജപ്പാനിലേക്കു പറിച്ചുനടാനാണു മിറ്റ്സുബിഷിയുടെ പദ്ധതി. പോരെങ്കിൽ ഇല്ലിനോയിൽ ഇപ്പോഴുള്ള ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കി നിർമാണശാല ഏറ്റെടുക്കാൻ തയാറുള്ളവരെ മിറ്റ്സുബിഷി തേടുന്നുമുണ്ട്. യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയണിൽ അംഗത്വമുള്ള 918 ജീവനക്കാരാണ് ഈ ശാലയിലുള്ളത്.

മിറ്റ്സുബിഷിയും അന്നത്തെ പങ്കാളിയായിരുന്ന ക്രൈസ്​ലറും ചേർന്നുള്ള സംയുക്ത സംരംഭമായ നോർമൽ ശാല 1988ലാണു പ്രവർത്തനം തുടങ്ങിയത്. ശാലയുടെ പ്രവർത്തനം നവംബർ അവസാനത്തോടെ നിർത്തുമെന്നു മിറ്റ്സുബിഷിയും യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയനും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

യു എസിലെ കാർ നിർമാണം അവസാനിപ്പിക്കാനുള്ള മിറ്റ്സുബിഷിയുടെ തീരുമാനത്തെ ഓഹരി വിപണികൾ സ്വാഗതം ചെയ്തു. പ്രഖ്യാപനത്തെത്തുടർന്ന് മിറ്റ്സുബിഷി ഓഹരികൾക്ക് അഞ്ചു ശതമാനത്തോളം വിലയുമേറി.

പിക് അപ് ട്രക്കുകളുടയും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളുടെയും വിൽപ്പന കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഏഷ്യൻ രാജ്യങ്ങളിലും മറ്റു വികസിത വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മിറ്റ്സുബിഷിയുടെ തീരുമാനം. യു എസിലെ വാഹന വിൽപ്പനയിൽ ഇടിവു നേരിമ്പോൾ ഏഷ്യയിലും മറ്റ് വികസിത വിപണികളിലും മിറ്റ്സുബിഷി വിൽപ്പന വളർച്ച കൈവരിച്ചു മുന്നേറുകയാണ്.

യു എസിൽ നിന്നുള്ള പിൻമാറ്റത്തെതുടർന്നു മിറ്റ്സുബിഷിയുടെ പ്രധാന കയറ്റുമതി കേന്ദ്രമായും ജപ്പാൻ മാറുകയാണ്; നിലവിൽ മൂന്നു ശാലകളുള്ള തായ്​ലൻഡ് കേന്ദ്രീകരിച്ചാണു കമ്പനിയുടെ കയറ്റുമതി. ഡോളറുമായുള്ള വിനിമയത്തിൽ യെൻ ദുർബലമായതിനാൽ ജപ്പാനിലെത്തുന്നതോടെ ഉൽപ്പാദന ചെലവ് കുറയ്ക്കാമെന്നും മിറ്റ്സുബിഷി കണക്കുകൂട്ടുന്നു. യു എസ് കാർ വിപണി കൈവരിക്കുന്ന വളർച്ച പരിഗണിക്കുമ്പോൾ ശാല വിൽക്കുക പ്രയാസമാവില്ലെന്നും അയ്കാവ കരുതുന്നു.

നിലവിൽ തായ്​ലൻഡിലും ഫിലിപ്പൈൻസിലുമാണു മിറ്റ്സുബിഷി കാറുകൾ നിർമിക്കുന്നത്. പോരെങ്കിൽ ‘പജീറൊ സ്പോർട്’ പോലുള്ള എസ് യു വികളുടെ നിർമാണത്തിനായി ഇന്തൊനീഷയിൽ പുതിയ ശാല സ്ഥാപിക്കുമെന്നു കമ്പനി കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു.