ഫോർച്യൂണറെ തകർക്കാൻ ഔട്ട്ലാൻഡർ

outlander
SHARE

ജാപ്പനീസ് നിർമാതാക്കളായ മിറ്റ്സുബിഷി പുത്തൻ ‘ഔട്ട്ലാൻഡർ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. ഒറ്റ വകഭേദത്തിൽ മാത്രം വിൽപ്പനയ്ക്കുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിന് 31.54 ലക്ഷം രൂപയാണു മുംബൈയിലെ ഷോറൂം വില. ആറു വർഷത്തിനിടെ ഇന്ത്യയിൽ മിറ്റ്സുബിഷി നടത്തുന്ന ആദ്യ മോഡൽ അവതരണമാണു പുത്തൻ ‘ഔട്ട്ലാൻഡർ’. വിദേശ വിപണികളിൽ 2015 മുതൽ ലഭ്യമായ ‘ഔട്ട്ലാൻഡർ’ ആണ് ഇപ്പോൾ ഇന്ത്യയിലെത്തുന്നത്; വിദേശത്തു നിർമിച്ച മോഡൽ ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്.

പുത്തൻ ‘ഔട്ട്ലാൻഡറി’നു കരുത്തേകുന്നത് 2.4 ലീറ്റർ, നാലു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ്. 6,000 ആർ പി എമ്മിൽ 167 ബി എച്ച് പി വരെ കരുത്തും 4,100 ആർ പി എമ്മിൽ 222 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പെർമനെന്റ് ഓൾ വീൽ ഡ്രൈവ് ലേ ഔട്ടുള്ള വാഹനത്തിൽ ആറു സ്പീഡ് സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.  ഡീസൽ എൻജിനുള്ള ‘ഔട്ട്ലാൻഡർ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്താൻ സാധ്യതയില്ലെന്നാണു സൂചന; എന്നാൽ പ്ലഗ് ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുള്ള ‘ഔട്ട്ലാൻഡർ പി എച്ച് ഇ വി’ ഇന്ത്യയിലെത്തിയേക്കും.

ഏഴു സീറ്റുള്ള ‘ഔട്ട്ലാൻഡറി’ലെ രണ്ടും മൂന്നും നിര സീറ്റുകൾ മടക്കിയാൽ കൂടുതൽ സംഭരണ സ്ഥലം സൃഷ്ടിക്കാനാവും. മുന്തിയ വകഭേദമായതിനാൽ പുത്തൻ ‘ഔട്ട്ലാൻഡറി’ൽ ഓട്ടോ ഹെഡ്ലൈറ്റ്, ഓട്ടമാറ്റിക് വൈപ്പർ, ഇലക്ട്രിക് സൺറൂഫ്, ഇഴക്ട്രിക് പാർക്കിങ് ബ്രേക്ക്, കീരഹിത എൻട്രി, സി വി ടി ഓട്ടമാറ്റിക്കിനു പാഡ്ൽ ഷിഫ്റ്റർ, ലതർ സീറ്റ്, ഇരട്ട മേഖല ക്ലൈമറ്റ് കൺട്രോൾ, 710 വാട്ട് റോക്ക്ഫോഡ് ഫോസ്ഗേറ്റ് സൗണ്ട് സിസ്റ്റം, 6.1 ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം തുടങ്ങിയവയൊക്കെയുണ്ട്. സുരക്ഷാവിഭാഗത്തിൽ ആറ് എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഹിൽ അസിസ്റ്റ്, ആക്ടീവ് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവുയം ലഭ്യമാണ്. 

ഇന്ത്യയിൽ 34.84 ലക്ഷം രൂപയ്ക്കു ലഭിക്കുന്ന സ്കോഡ ‘കോഡിയാക്കി’നോടാവും പുത്തൻ ‘ഔട്ട്ലാൻഡറി’ന്റെ മത്സരം. ഏഴു സീറ്റുമായി അടുത്തു തന്നെ ഇന്ത്യയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ഹോണ്ടയുടെ പുതുതലമുറ ‘സി ആർ — വി’യാവും മറ്റൊരു എതിരാളി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA