മോട്ടോ ജി പി: ഹോണ്ടയ്ക്കൊപ്പം തുടരാൻ ഡാനി പെഡ്രോസ

മോട്ടോ ജി പിയിൽ മത്സരിക്കുന്ന ഡാനി പെഡ്രോസയുമായുള്ള കരാർ രണ്ടു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചതായി ഹോണ്ട റേസിങ് കോർപറേഷൻ. ഈ ആഴ്ച നടക്കുന്ന ഇറ്റാലിയൻ ഗ്രാൻപ്രിക്കു മുന്നോടിയായാണ് പെഡ്രോസയുമായുള്ള കരാർ 2018 വരെ നീട്ടാൻ ഹോണ്ട തീരുമാനിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി ലോക ചാംപ്യൻഷിപ്പിൽ പെഡ്രോസ മത്സരിക്കുന്ന 250—ാമത്തെ മത്സരമാവും ഇറ്റാലിയൻ ഗ്രാൻപ്രി. ഹോണ്ടയ് ക്കൊപ്പമാണു ഡാനി പെഡ്രോസ റേസിങ് ജീവിതം ആരംഭിച്ചത്; 2001ൽ 125 സി സി ക്ലാസിലായിരുന്നു അരങ്ങേറ്റം. പിന്നീട് ഇതുവരെ ഹോണ്ടയ്ക്കൊപ്പം തന്നെ തുടർന്ന സ്പാനിഷ് റൈഡറായ പെഡ്രോസ 125 സി സി, 250 സി സി വിഭാഗങ്ങളിൽ ജേതാവായ ശേഷമാണ് 2006ൽ റെപ്സോൾ ഹോണ്ട മോട്ടോ ജി പി ടീമിലേക്കു സ്ഥാനക്കയറ്റം നേടിയത്. ഒന്നര പതിറ്റാണ്ടിനിടെ മോട്ടോ ജി പിയിൽ മാത്രം 101 തവണ വിജയപീഠത്തിൽ ഇടംപിടിച്ച പെഡ്രോസ മൊത്തം 142 പോഡിയം ഫിനിഷുകളാണു നേടിയത്. ഹോണ്ടയ്ക്കായി 51 വിജയങ്ങളാണു പെഡ്രോസ നേടിയത്; ഹോണ്ട റൈഡർ ഇതുവരെ കൈവരിച്ച ഏറ്റവും ഉയർന്ന നേട്ടവും ഇതുതന്നെ.


റെപ്സോൾ ഹോണ്ട ടീമിനൊപ്പം തുടരാൻ കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്ന് ഡാനി പെഡ്രോസ അഭിപ്രായപ്പെട്ടു. രണ്ടു വർഷത്തേക്കു കൂടി കരാർ നീട്ടി നൽകുക വഴി ഹോണ്ട തന്നിൽ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ആദ്യമായി മത്സരിച്ച കമ്പനിക്കൊപ്പം തന്നെ തുടരാൻ കഴിയുന്നതാണു തന്റെ കായിക ജീവിതത്തിന് ഏറ്റവും നല്ലതെന്നും പെഡ്രോസ അഭിപ്രായപ്പെട്ടു. കരാർ ചർച്ചകൾ അതിവേഗം പൂർത്തിയായതോടെ തനിക്ക് റേസുകളിൽ ശ്രദ്ധിക്കാമെന്നും വാരാന്ത്യത്തിലെ ഇറ്റാലിയൻ മോട്ടോ ജിപിയിൽ 100% ആത്മാർഥതയോടെ ട്രാക്കിലിറങ്ങുമെന്നും പെഡ്രോസ വ്യക്തമാക്കി. സ്പാനിഷ് റൈഡറെ നിലനിർത്താൻ കഴിഞ്ഞതിൽ ഹോണ്ട റേസിങ്ങും ഏറെ ആഹ്ലാദത്തിലാണ്. ഹോണ്ടയോടും റേസിങ് കോർപറേഷനോടും പെഡ്രോസ പുലർത്തുന്ന ആത്മാർഥതയെ കോർപറേഷൻ വൈസ് പ്രസിഡന്റ് ഷുഹെയ് നകമൊട്ടോ അഭിനന്ദിച്ചു. വർഷങ്ങൾക്കു ശേഷവും അതേ പ്രതിബദ്ധതയും ആവേശവും നിലനിർത്താൻ പെഡ്രോസയ്ക്കു കഴിയുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി. ബൈക്ക് വികസനത്തിൽ പെഡ്രോസയുടെ പരിചയസമ്പത്ത് നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും നകമൊട്ടോ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വാരങ്ങളിൽ മോട്ടോ ജി പിയിലെ പല മുൻനിര താരങ്ങളും പുതിയ ടീമുകളിൽ ചേക്കേറിയിരുന്നു. മുവിസ്റ്റാർ യമഹയ്ക്കായി മത്സരിച്ചിരുന്ന ജോർജ് ലൊറൻസോ ഇറ്റാലിയൻ ടീമായ ഡ്യുകാറ്റിയിലേക്കു മാറിയതായിരുന്നു ഇതിൽ ശ്രദ്ധേയം. ഇതോടെ ലൊറൻസോയ്ക്കു പകരം യമഹയിൽ വലന്റീനൊ റോസിയുടെ സഹറൈഡറാവാൻ ഇപ്പോൾ സുസുക്കിക്കായി മത്സരിക്കുന്ന മാവെറിക് വിനാലെസ് എത്തുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.