ഇനി ടോൾ കൊടുക്കാൻ കാത്തു നിൽക്കേണ്ട

ദേശീയപാതകളിലെ ടോൾ ബൂത്തുകളിലെ കാത്തിരിപ്പ് യാത്രക്കാർക്ക് പലപ്പോഴും അലോസരങ്ങൾ സൃഷ്ടിക്കാറുണ്ട്. പലപ്പോഴും നീണ്ട വരിയായിരിക്കും ടോൾ പ്ലാസകളിൽ. എന്നാൽ ഇനി വരിനിന്ന് കഷ്ടപ്പെടേണ്ട, ടോൾ നൽകാനായി വാഹനങ്ങൾ നിർത്തുന്നതു മൂലമുള്ള കാലതാമസമൊഴിവാക്കാൻ ‘ഫാസ്റ്റാഗ്’എന്ന ഇലക്ട്രോണിക് ടോൾ പിരിക്കൽ സംവിധാനവുമായി ദേശീയപാത അതോറിറ്റി എത്തുന്നു. രാജ്യത്തെ 250 ടോൾ പ്ളാസകളിൽ സംവിധാനം ഏർപ്പെടുത്തും. ഫാസ്റ്റാഗ് കാർഡുകൾ വാഹനത്തിന്റെ മുൻപിലെ ചില്ലുഗ്ലാസിലാണു പിടിപ്പിക്കുക.

ഈ വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിൽ കടന്നുപോകാൻ പ്രത്യേക പാതയുണ്ടാകും. വാഹനങ്ങൾ കടന്നു പോകുമ്പോൾ, കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രീ പെയ്ഡ് അക്കൗണ്ടിൽനിന്ന് ടോൾ തുക താനേ ഈടാക്കപ്പെടും. ടോൾ ഈടാക്കിയ വിവരത്തിനു എസ്എംഎസ് അലർട്ടും എത്തും. തുക തീരുമ്പോൾ കാർഡ് റീച്ചാർജ് ചെയ്യണം. ഇതിനും എസ്എംഎസ് അറിയിപ്പു വരും. 25–ാം തീയതി മുതൽ തിരഞ്ഞെടുത്ത ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് കാർഡ് വാങ്ങാം.

ആദ്യതവണ 200 രൂപ കൊടുത്ത് കാർഡ് വാങ്ങണം. ഈ സാമ്പത്തികവർഷം 10% കാഷ്ബാക്ക് സമ്മാനവുമുണ്ട്. 100 രൂപ ടോൾ കൊടുത്താൽ 10 രൂപ തിരികെ കിട്ടും. ഓരോ മാസവും തുടക്കത്തിൽ തൊട്ടുമുൻപത്തെ മാസത്തെ സമ്മാനത്തുക ഫാസ്റ്റാഗ് അക്കൗണ്ടിലെത്തും. വാഹനം ടോൾ ബൂത്തിൽ നിർത്തേണ്ടി വരില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന മെച്ചം. സമയലാഭത്തിനു പുറമേ ഇന്ധനലാഭവും പണലാഭവും ഉറപ്പ്.