Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സങ്കര ആനോഡുമായി ദീർഘായുസ്സുള്ള ബാറ്ററികൾ വരുന്നു

pacific-northwest-national-laboratory

ഓരോ തവണ ചാർജ് ചെയ്യുമ്പോഴും വൈദ്യുത വാഹനങ്ങളെ കൂടുതൽ ദൂരം പിന്നിടാൻ സഹായിക്കുന്ന പുതിയതരം ബാറ്ററികൾ വികസന ഘട്ടത്തിൽ. ബാറ്ററിയിലെ തന്ത്രപ്രധാന ഘടകത്തിന്റെ രൂപകൽപ്പനയിലെ മാറ്റമാണ് വാഹനങ്ങളുടെ സഞ്ചാരപരിധി ഗണ്യമായി ഉയർത്താൻ വഴി തെളിക്കുക. യു എസ് ഊർജ വകുപ്പിന്റെ പസിഫിക് നോർത്ത്വെസ്റ്റ് നാഷനൽ ലബോറട്ടറി(പി എൻ എൻ എൽ) വികസിപ്പിച്ച സങ്കര ആനോഡാണു ബാറ്ററികളിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുക. ഇതോടെ ലിതിയം സൾഫർ ബാറ്ററികളുടെ ആയുസ്സിൽ നാലിരട്ടി വർധനയാണു ഗവേഷകർ പ്രതീക്ഷിക്കുന്നത്.

വൈദ്യുത കാറുകളുടെ റേഞ്ച് വർധിപ്പിക്കാനും കുറഞ്ഞ ചെലവിൽ പുനരുപയോഗിക്കാവുന്ന, കാറ്റിൽ നിന്നുള്ള വൈദ്യുതി സംഭരിക്കാനും ലിതിയം സൾഫർ ബാറ്ററികൾ സഹായിക്കുമെന്നു പി എൻ എൻ എൽ ലബോറട്ടറി ഫെലോ ജുൻ ലിയു വെളിപ്പെടുത്തി. എന്നാൽ ഈ നേട്ടം കൈവരിക്കാൻ സാങ്കേതികതലത്തിൽ ചില വെല്ലുവിളികൾ അവശേഷിക്കുന്നുണ്ടെന്നും ലിയു വ്യക്തമാക്കി. നിലവിൽ നിരത്തിലുള്ള വൈദ്യുത വാഹനങ്ങളിലേറെയും ലിതിയം അയോൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. എന്നാൽ ലിതിയം അയോൺ ബാറ്ററികളുടെ രസതന്ത്രം മൂലം ഇവയിൽ സംഭരിക്കാവുന്ന ഊർജത്തിനു പരിമിതിയുണ്ട്. ബാറ്ററിക്കുള്ളിലെ അനാവശ്യ പാർശ്വ പ്രവർത്തനങ്ങൾ മൂലം ആയുസ് കുറയുന്നു എന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന പോരായ്മ.

അതേസമയം, കാതോഡിൽ നിന്നുള്ള സൾഫർ ചോർച്ച തടയുകയാണു ലിതിയം സൾഫർ ബാറ്ററി വികസനം നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിനായി ആനോഡിൽ ഗ്രാഫൈറ്റും കണക്ടഡ് കാർബൺ തന്മാത്രകളും ചേർന്നു നിർമിച്ച സംരക്ഷണ കവചം ഏർപ്പെടുത്താനാണ് ഇപ്പോഴത്തെ ഗവേഷണത്തിലെ ശ്രമം. ലിതിയം അയോൺ ബാറ്ററികളുടെ ആനോഡിലും സമാന സംരക്ഷണ കവചങ്ങൾ ഇപ്പോൾതന്നെ നിലവിലുണ്ട്. സൾഫറിന്റെ ഭാഗത്തെ രാസപ്രവർത്തനങ്ങളെ ആനോഡിന്റെ ലിതിയം പ്രതലത്തിൽ നിന്ന് അകറ്റി നിർത്തുകയാണ് ഈ ഗ്രാഫൈറ്റ് കവചത്തിന്റെ ദൗത്യം. ലിതിയം അയോൺ ബാറ്ററികളിലെ ഗ്രാഫൈറ്റും പരമ്പരാഗത ബാറ്ററികളിലെ ലിതിയവും സംഗമിക്കുന്നതിനാലാണു പുതിയ ആനോഡിനെ ഗവേഷകർ സങ്കരമെന്നു വിശേഷിപ്പിക്കുന്നത്.

പുതിയ ആനോഡ് ഘടിപ്പിച്ചതോടെ ലിതിയം സൾഫർ ബാറ്ററിയുടെ ആയുസ് നാലിരട്ടിയോളമായി വർധിച്ചെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. സങ്കര ആനോഡുള്ള ബാറ്ററി നാനൂറോളം തവണ തുടർച്ചയായി ചാർജ് ചെയ്യാനാവുമെന്നു ലിയു അവകാശപ്പെട്ടു. ഇത്രയും തവണ ആവർത്തിച്ച് ഉപയോഗിക്കുമ്പോഴും ബാറ്ററിയുടെ ഊർജ സംഭരണ ശേഷിയിൽ 11% ഇടിവു മാത്രമാണു രേഖപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.  

Your Rating: