പുതിയ ഹോണ്ട സിറ്റി തായ്‌ലൻഡിൽ

Honda City

ഹോണ്ടയുടെ ജനപ്രിയ സെഡാൻ സിറ്റിയുടെ പുതിയ പതിപ്പ് തായ്‌ലൻഡിൽ പുറത്തിറങ്ങി. പുറത്തും അകത്തും മാറ്റങ്ങളുമായാണ് പുതിയ സിറ്റി പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ മുൻ-പിന്‍ ബംബറുകളും ഗ്രില്ലുമാണ് പ്രധാന മാറ്റങ്ങൾ. കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റുകളും നൽകിയിട്ടുണ്ട്. റീഡിസൈൻഡ് ഇന്റീരിയറാണ് പുതിയ സിറ്റിയിൽ ഫീച്ചറുകളും സൗകര്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വാഹനത്തെ കൂടുതൽ സ്റ്റൈലിഷും പ്രീമിയവുമാക്കി സി സെഗ്‍മെന്റിലെ തങ്ങളുടെ മേധാവിത്വം നിലനിർത്താനായിരിക്കും ഹോണ്ട ശ്രമിക്കുന്നത്.

Honda City

തായ്‌ലൻഡിൽ പുറത്തിറങ്ങിയെങ്കിലും ഇന്ത്യയിൽ പുതിയ സിറ്റി എന്നെത്തുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 1981ൽ ആഗോള വിപണിയിലെത്തിയ സിറ്റിയുടെ ഏഴാം തലമുറയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 1998 ൽ മൂന്നാം തലമുറയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കാറിന്റെ നാലു തലമുറകൾ ഇതുവരെ വിപണിയിലെത്തിയിട്ടുണ്ട്. 2014 ലാണ് നിലവിലെ ഇന്ത്യൻ വിപണിയിലുള്ള സിറ്റി പുറത്തിറങ്ങുന്നത്. രൂപത്തിൽ അടിമുടി മാറ്റവുമായി എത്തുന്ന കാറിന്റെ എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല.

Honda City

ഹോണ്ടയുടെ കോംപാക്റ്റ് സെ‍ഡാനായ അമേയ്സിലൂടെ അരങ്ങേറ്റം കുറിച്ച 1.5 ലിറ്റർ ഡീസൽ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനുമാണ് ഉണ്ടാകുക. പെട്രോൾ, ഡീസൽ വകഭേദങ്ങൾ കൂടാതെ മിഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സിറ്റിയും ഇന്ത്യയിലെത്തിയേക്കും. മാനുവൽ, ഓട്ടോമാറ്റിക്ക് വകഭേദങ്ങളുണ്ടാകുന്ന പുതിയ സിറ്റി ഈ വർഷം പകുതിയോടു കൂടി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.