ന്യൂജെൻ റയിൽവേ സ്റ്റേഷൻ

ന്യൂഡൽഹി റയിൽവേ സ്റ്റേഷനിലെ ഐആർസിടിസി ലോഞ്ച്

മുഖം മിനുക്കാൻ കൊച്ചിയിലെ റയിൽവേ സ്റ്റേഷനുകൾ. ജില്ലയിലെ പ്രധാന സ്റ്റേഷനുകളായ എറണാകുളം സൗത്ത്, നോർത്ത്, ആലുവ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതി നടപടികളുമായി റയിൽവേ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അതിനു മുൻപ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണു തിരുവനന്തപുരം ഡിവിഷൻ തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളും റയിൽവേ ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. സ്റ്റേഷനുകളുടെ ഭൂവിസ്തീർണവും മറ്റ് അടിസ്ഥാന വിവരങ്ങളും റയിൽവേ വെബ്സൈറ്റിൽ ലഭ്യമാണ്. താൽപര്യമുള്ള ഗ്രൂപ്പുകൾക്കോ കമ്പനികൾക്കോ താൽപര്യപത്രം സമർപ്പിക്കാം.

എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷൻ

വലിയ മുതൽ മുടക്കില്ലാതെ മുഖം മിനുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. പ്രകൃതി സൗഹാർദമായ അലുമിനിയം റൂഫിങ്ങാണ് ഇപ്പോൾ എല്ലാ സ്റ്റേഷനുകളിലും മേൽക്കൂര നിർമണത്തിന് ഉപയോഗിക്കുന്നത്. ജനറൽ മാനേജരുടെ സന്ദർശനത്തോടനുബന്ധിച്ച് എറണാകുളം മുതൽ ആലപ്പുഴ വരെയുള്ള എല്ലാ സ്റ്റേഷനുകളും റയിൽവേ പെയിന്റടിക്കുകയും പൂന്തോട്ടങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തിരുന്നു. കോടികളുടെ വരുമാനമുള്ള ജില്ലയിലെ സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ കുറവാണെന്ന വ്യാപക പരാതിക്കു പുതിയ നടപടികൾ കുറച്ചെങ്കിലും ആശ്വാസമാകുമെന്നു പ്രതീക്ഷിക്കാം.

എസി / നോൺ എസി വെയിറ്റിങ് ഹാൾ

എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ ആവശ്യത്തിനു വിശ്രമ മുറികളില്ലെന്ന പരാതിക്കു വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനു പരിഹാരമായി രണ്ടു വെയിറ്റിങ് ഹാളുകളാണ് ഇപ്പോൾ നിർമിക്കുന്നത്. ഒരു എസി വെയിറ്റിങ് ഹാളും ഒരു നോൺ എസി അപ്പർ ക്ലാസ് വെയിറ്റിങ് റൂമുമാണു നിർമിക്കുന്നത്. നോർത്ത് റയിൽവേ സ്റ്റേഷനിലെ അപ്പർക്ലാസ് വെയിറ്റിങ് റൂം പ്രവർത്തനം ആരംഭിച്ചു.

എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷൻ

എസ്കലേറ്ററുകൾ

പുതിയതായി മൂന്ന് എസ്കലേറ്ററുകളാണു സൗത്തിൽ വരുന്നത്. ഒന്നാം പ്ലാറ്റ്ഫോമിൽ ഇപ്പോഴുള്ള എസ്കലേറ്ററിനൊപ്പം താഴേക്കു ഇറങ്ങാനുള്ള ഒരു എസ്കലേറ്ററും രണ്ട്, ആറ് പ്ലാറ്റ്ഫോമുകളിൽ താഴേക്കു പോകാനുള്ള എസ്കലേറ്ററുകളുമാണു സ്ഥാപിക്കുക. ആറാം നമ്പർ പ്ലാറ്റ്ഫോമിലെ എസ്കലേറ്റർ നിർമാണം ജിസിഡിഎ സ്ഥലം വിട്ടു നൽകാത്തതിനാൽ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇടപ്പള്ളി സ്റ്റേഷനു മുന്നിൽ റോഡ് നിർമിക്കാൻ റയിൽവേ സ്ഥലം വിട്ടു നൽകാത്തതിനാൽ എറണാകുളത്തു ജിസിഡിഎ സ്ഥലം റയിൽവേയ്ക്കു നൽകാൻ മടി കാണിക്കുകയാണ്. ആറാം പ്ലാറ്റ്ഫോമിൽ യാത്രക്കാർക്കു നേരെ ജിസിഡിഎ പാർക്കിങ് ഏരിയയിലേക്ക് എത്താൻ പാകത്തിനാണു എസ്കലേറ്റർ സ്ഥാപിക്കാൻ പദ്ധതിയുള്ളത്.

ആലുവ റയിൽവേ സ്റ്റേഷൻ

എൽഇഡി ഡിസ്പ്ലേ,ആധുനിക സൈനേജുകൾ

യാത്രക്കാർക്കു ട്രെയിൻ വിവരങ്ങൾ ലഭ്യമാക്കാൻ ആധുനിക ഡിസ്പ്ലേ ബോർഡില്ലാത്തതു സ്റ്റേഷനിലെത്തുന്നവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഇതിനു പരിഹാരമായി എല്ലാ പ്ലാറ്റ്ഫോമുകളിലും എൽഇഡി ഡിസ്പ്ലേയോടു കൂടിയ ഇൻഫർമേഷൻ സിസ്റ്റം സ്ഥാപിക്കാനുള്വ കരാർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ട്രെയിൻ വിവരങ്ങൾക്കൊപ്പം കോച്ച് പൊസിഷനും ഈ ബോർഡുകളിൽ ലഭ്യമാകും. ഇതോടൊപ്പം ആധുനിക സൈൻ ബോർഡുകളും വരുമെന്ന് അധികൃതർ പറയുന്നു.

കറൻസി ഓപ്പറേറ്റഡ് ടിക്കറ്റ് വെൻഡിങ് മെഷീൻ

പണമിട്ടാൽ ടിക്കറ്റ് ലഭിക്കുന്ന കറൻസി ഓപ്പറേറ്റഡ് ടിക്കറ്റ് വെൻഡിങ് മെഷീനാണു സൗത്തിലെ പുതിയ ആകർഷണം. ടച്ച് സ്ക്രീനിൽ പോകേണ്ട സ്ഥലം തിരഞ്ഞെടുത്തു ടിക്കറ്റ് നിരക്കു ഡിപ്പോസിറ്റ് ചെയ്താൽ മതിയാകും. അഞ്ച്, പത്ത് എന്നിവയുടെ ഗുണിതങ്ങൾ മാത്രമേ മെഷീൻ സ്വീകരിക്കൂ.

ലിഫ്റ്റ്

ലിഫ്റ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നു രണ്ടു വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴാണു നിർമാണം ആരംഭിച്ചത്. ഒന്നാം പ്ലാറ്റ്ഫോമിലും രണ്ടാം പ്ലാറ്റ്ഫോമിലുമാണു ലിഫ്റ്റ് സ്ഥാപിക്കുന്നത്. പ്രധാനമായും പ്രായമുള്ളവരെയും രോഗികകളെയും ലക്ഷ്യമിട്ടാണു ലിഫ്റ്റ്. ഇവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്.

എമർജൻസി മെഡിസിൻ

അടിയന്തര ചികിൽസാ സൗകര്യം ലഭ്യമാക്കാനായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ ക്ലിനിക് വൈകാതെ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കും. പാരാമെഡിക്കൽ ജീവനക്കാരുടെ സേവനവും മുഴുവൻ സമയ ആംബുലൻസ് സൗകര്യവും ഇതോടൊപ്പം സ്റ്റേഷനിൽ ലഭിക്കും.

എറണാകുളം നോർത്ത്

രണ്ടാം പ്ലാറ്റ്ഫോമിൽ എസ്കലേറ്റർ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പുതിയ മൊബൈൽ ചാർജിങ് യൂണിറ്റുകളും എൽഇഡി ഡിസ്പ്ലേ ബോർഡുകളും ഇവിടെ സ്ഥാപിക്കും.

മൂന്നിടത്ത് വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂം (വിആർആർ)

എറണാകുളം സൗത്ത്, നോർത്ത്, ആലുവ എന്നിവിടങ്ങളിൽ ഓരോ വിആർആറുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ഭക്ഷണ സാധനങ്ങൾക്കു താരതമ്യേന വിലക്കുറവുള്ള വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂം നിലവിൽ ഈ മൂന്നു സ്റ്റേഷനുകളിലുമില്ല. ആലുവയിൽ ഇപ്പോൾ ഒന്നാം പ്ലാറ്റ്ഫോമിൽ റസ്റ്ററന്റുകൾ ഇല്ല. പാസഞ്ചർ അസോസിയേഷനുൾപ്പെടെ ദീർഘനാളായി ഭക്ഷണശാലയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നുണ്ട്.

ഐആർസിടിസി ലോഞ്ച്

വിമാനത്താവളങ്ങളിലെ ലോഞ്ച് പോലെ നിശ്ചിത പണം നൽകിയാൽ ഭക്ഷണവും വിശ്രമ സൗകര്യവും ലഭിക്കുന്ന ഐആർസിടിസി (ഇന്ത്യൻ റയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) ലോഞ്ച് എറണാകുളം സൗത്തിൽ ആരംഭിക്കാൻ നടപടി ആരംഭിച്ചതായി അധികൃതർ പറയുന്നു. ഇൻർവ്യൂ, പരീക്ഷ എന്നിവയ്ക്കായി നഗരത്തിലെത്തുന്നവർക്കു ലോഞ്ച് ഏറെ ഉപാകാരപ്പെടും. കുളിച്ചു വേഷം മാറാനുള്ള സൗകര്യമാണു ലോഞ്ചിലുള്ളത്. പുലർച്ചെ നഗരത്തിലെത്തുന്നവർക്കും കണക്‌ഷൻ ട്രെയിനുകൾ കിട്ടാൻ എറണാകുളത്തു മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുന്നവർക്കും ലോഞ്ച് പ്രയോജനപ്പെടും. പഴയ പാഴ്സൽ ഓഫിസിരുന്ന സ്ഥലത്താണു സൗത്തിൽ ലോഞ്ചിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ബുഫേ ഭക്ഷണം, വൈഫൈ, ലൈവ് ടിവി, ലഗേജ് റാക്ക്, ന്യൂസ്പേപ്പർ, ബുക്ക് സ്റ്റാൻഡ്, ട്രെയിൻ ഇൻഫർമേഷൻ സംവിധാനം എന്നിവ ലോഞ്ചിലുണ്ടാകും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഇവിടെ സ്വീകരിക്കും. രാജ്യത്തെ 30 സ്റ്റേഷനുകളിലാണു ലോഞ്ച് നിർമിക്കുന്നത്.