1,000 കിലോമീറ്റർ എക്സ്പ്രസ്‌വേ നിർമിക്കാൻ പദ്ധതി

ദേശീയപാത വികസന പദ്ധതി(എൻ എച്ച് ഡി പി)യിൽപെടുത്തി 16,680 കോടി രൂപ ചെലവിൽ 1,000 കിലോമീറ്റർ എക്സ്പ്രസ്‌വേ നിർമിക്കുമെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപനം. എൻ എച്ച് ഡി പിയുടെ ആറാം ഘട്ടത്തിന്റെ ഭാഗമായാണ് ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ(ഡി ബി എഫ് ഒ ടി) വ്യവസ്ഥയിൽ 1,000 കിലോമീറ്റർ എക്സ്പ്രസ് പാത യാഥാർഥ്യമാക്കുകയെന്നും ദേശീയ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി ലോക്സഭയെ അറിയിച്ചു.

ഗതാഗതത്തിരക്കിന്റെ മാത്രം അടിസ്ഥാനത്തിലത്തിലാവും എക്സ്പ്രസ്‌വേ നിർമാണത്തിനുള്ള മേഖലകൾ തിരഞ്ഞെടുക്കുക. ഗതാഗത സാന്ദ്രതയേറിയ മുംബൈ — വഡോദര(400 കിലോമീറ്റർ) മേഖലയിൽ എക്സ്പ്രസ്‌വേ നിർമിക്കാൻ മുൻഗണന നൽകി, സാധ്യതാപഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗതത്തിരക്കിന്റെ അടിസ്ഥാനത്തിലാവും എക്സ്പ്രസ്‌വേ നിർമാണത്തിനുള്ള അവശേഷിക്കുന്ന 600 കിലോമീറ്റർ പാതയും തിരഞ്ഞെടുക്കകയെന്ന് അദ്ദേഹം ആവർത്തിച്ചു.

എൻ എച്ച് ഡി പി ആറാം ഘട്ടത്തിൽ ഗതാഗതസാന്ദ്രതയേറിയ മേഖലകളായി തിരഞ്ഞെടുക്കപ്പെട്ട പാതകൾ ഇവയാണ്: വഡോദര — മുംബൈ (400 കിലോമീറ്റർ), ദേശീയപാത 58ലെ ഡൽഹി — മീറഠ് (66 കിലോമീറ്റർ), എൻ എച്ച് നാലിലെ ബെംഗളൂരു — ചെന്നൈ (334 കിലോമീറ്റർ), എൻ എച്ച് എട്ടിലെ ഡൽഹി — ജയ്പൂർ (261 കിലോമീറ്റർ), എൻ എച്ച് ഒന്നിലെ ഡൽഹി — ചണ്ഡീഗഢ് (249 കിലോമീറ്റർ), എൻ എച്ച് രണ്ടിലെ കൊൽക്കത്ത — ധൻബാദ് (277 കിലോമീറ്റർ), എൻ എച്ച് രണ്ടിലെ ഡൽഹി — ആഗ്ര(200 കിലോമീറ്റർ). ഡൽഹി — മീറഠ് എക്സ്പ്രസ്‌വേയിലെ 66 കിലോമീറ്ററിൽ 30.63 കിലോമീറ്ററിനുള്ള കരാർ രണ്ടു ഭാഗമായി നൽകി കഴിഞ്ഞതായും ഗഢ്കരി അറിയിച്ചു. കൂടാതെ 135 കിലോമീറ്റർ നീളമുള്ള ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ്‌വേയുടെ നിർമാണവും ആറു പാക്കേജായി ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.