തകാത്തയ്ക്കു സാമ്പത്തിക സഹായമില്ലെന്നു ഹോണ്ട

Takahiro Hachigo

നിർമാണ പിഴവുള്ള എയർബാഗുകൾ വിതരണം ചെയ്ത തകാത്ത കോർപറേഷനെ സാമ്പത്തികമായി സഹായിക്കാൻ പദ്ധതിയില്ലൈന്നു ഹോണ്ട മോട്ടോർ കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് തകഹിരൊ ഹച്ചിഗൊ. തകാത്ത കോർപറേഷന്റെ പ്രധാന ഉപയോക്താവെന്ന നിലയിൽ നിർമാണ പിഴവുള്ള എയർബാഗുകളുടെ പേരിൽ ഏറ്റവുമധികം പേരുദോഷം നേരിട്ട വാഹന നിർമാതാക്കളാണു ഹോണ്ട.

തകാത്ത നിർമിച്ചു നൽകിയ എയർബാഗ് ഘടിപ്പിച്ച 20 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ആവശ്യമായ തുക ഇക്കൊല്ലം ഹോണ്ട നീക്കിവച്ചിട്ടുണ്ടെന്നും ഹച്ചിഗൊ വ്യക്തമാക്കി. ഇതേത്തുടർന്നു കഴിഞ്ഞ വർഷത്തെ പ്രവർത്തനഫലം പരിഷ്കരിക്കാനും ഹോണ്ട നിർബന്ധിതരായിരുന്നു; മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ പ്രവർത്തന ലാഭം 65168 കോടി യെന്നി(33,697 കോടി രൂപ)ൽ നിന്ന് 60688 കോടി യെൻ(ഏകദേശം 31,380 കോടി രൂപ) ആയിട്ടാണു കമ്പനി കുറച്ചത്.

ഗുണമേന്മയിൽ നഷ്ടമായ സൽപ്പേര് വീണ്ടെടുക്കുകയെന്ന കനത്ത വെല്ലുവിളിയാണു ജപ്പാനിലെ വാഹന നിർമാതാക്കളിൽ മൂന്നാം സ്ഥാനത്തുള്ള ഹോണ്ടയുടെ മേധാവിയായി കഴിഞ്ഞ മാസം ചുമതലയേറ്റ ഹച്ചിഗൊ(55)യെ കാത്തിരിക്കുന്നത്. നിർമാണ പിഴവുള്ള തകാത്ത എയർബാഗ് മൂലം സംഭവിച്ച എട്ട് അപകട മരണങ്ങളും സംഭവിച്ചതു ഹോണ്ട നിർമിച്ചുവിറ്റ വാഹനങ്ങളിലായിരുന്നു.

തകാത്ത എയർബാഗിനു പുറമെയുള്ള ഗുണനിലവാര പിഴവുകളുടെയും പേരിൽ ഹൈബ്രിഡ് സബ്കോംപാക്ട് കാറായ ‘ഫിറ്റ്’ കഴിഞ്ഞ വർഷം അഞ്ചു തവണ തിരിച്ചുവിളിക്കേണ്ടി വന്ന പശ്ചാത്തലത്തിൽ ഹച്ചിഗൊയുടെ മുൻഗാമിയായ തകനൊബു ഇറ്റൊയും മറ്റ് എക്സിക്യൂട്ടീവുകളും ഒക്ടോബറിൽ പ്രതിഫലം കുറയ്ക്കാൻ സന്നദ്ധരായിരുന്നു.

എയർബാഗ് ഇൻഫ്ളേറ്ററിൽ തകാത്ത കോർപറേഷൻ ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിർമിത ചെറു പേടകം പൊട്ടിത്തെറിച്ച് മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താനുള്ള സാധ്യതയാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. ഇതോടെ ആഗോളതലത്തിൽ ലക്ഷക്കണക്കിനു വാഹനങ്ങളാണു വിവിധ നിർമാതാക്കൾ തിരിച്ചുവിളിച്ചു പരിശോധിച്ചത്.

അതേസമയം സഖ്യങ്ങൾ ഹോണ്ടയ്ക്കു ഗുണകരമെങ്കിൽ മറ്റു വാഹന നിർമാതാക്കളുമായി സഹകരിക്കാൻ കമ്പനി തയാറാണെന്ന് ഹച്ചിഗൊ നയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ വികസിപ്പിക്കാൻ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സിനോടു സഹകരിക്കാനും ഹോണ്ട തീരുമാനിച്ചിട്ടുണ്ട്.

നൈജീരിയയിൽ മോട്ടോർ സൈക്കിൾ നിർമാണശാല നവീകരിച്ച് ആഫ്രിക്കയിൽ ഹോണ്ട കാർ ഉൽപ്പാദനം തുടങ്ങിയതായും ഹച്ചിഗൊ വെളിപ്പെടുത്തി. ഈ ശാലയിൽ നിന്ന് പ്രതിവർഷം 1,000 ‘അക്കോഡ്’ സെഡാൻ പുറത്തിറക്കാനാണു ഹോണ്ട ലക്ഷ്യമിട്ടിരിക്കുന്നത്.