ബസ് ഷട്ടിൽ സർവീസുമായി ഓല

പുതുതായി ആരംഭിച്ച ഷട്ടിൽ ബസ് സംരംഭത്തിനു കരുത്തേകാൻ ഓൺലൈൻ ടാക്സി ബുക്കിങ് കമ്പനിയായ ഓല കാബ്സ് ട്രിപ് പ്ലാനിങ് ആപ്ലിക്കേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ജിയോടാഗിനെ സ്വന്തമാക്കി. ജിയോടാഗിനെ ഏറ്റെടുക്കാനുള്ള മുതൽമുടക്ക് സംബന്ധിച്ച് ഓല കാബ്സ് സൂചനകളൊന്നും നൽകിയിട്ടില്ല. ഡൽഹി — ദേശീയ തലസ്ഥാന മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച നഗരാന്തര ബസ് സർവീസ് വ്യാപിപ്പിക്കാൻ 120 — 150 കോടി രൂപയുടെ നിക്ഷേപമാണ് ഓല ലക്ഷ്യമിട്ടിരിക്കുന്നത്. തിരക്കേറിയ വേളകളിലെ ഗതാഗതക്കുരുക്ക് പോലെ നഗരമേഖലകളിലെ സവിശേഷ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ജിയോടാഗിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്നാണ് ഓലയുടെ കണക്കകൂട്ടൽ.

പൊതുഗതാഗത മേഖലയിൽ ഇന്ത്യയിലെ പ്രധാന യാത്രാമാർഗമാണു ബസ്സുകൾ; ഓരോ ദിവസവും ഒന്നര ലക്ഷത്തോളം ബസ്സുകളിലായി ഏഴു കോടിയിലേറെ ആളുകൾ യാത്ര ചെയ്യുന്നുണ്ടെന്നാണു കണക്ക്. ഓൺലൈൻ കാബ് സർവീസ് രംഗത്തെ മുൻനിരക്കാരായ ഓലയാവട്ടെ ഷട്ടിൽ സർവീസ്, കാർ പൂളിങ്, മോട്ടോർ സൈക്കിൾ ടാക്സി മേഖലകളിലേക്കൊക്കെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ബസ് സർവീസ് രംഗത്ത് ചെറുകിട സ്റ്റാർട് അപ് കമ്പനികളായ സിറ്റിഫ്ളോ, ഷട്ട്ൽ, സിപ്ഗോ തുടങ്ങിയവയോടാവും ഓലയുടെ മത്സരം. ഈ മേഖലയിലെ സാധ്യത തിരിച്ചറിഞ്ഞ് സികോക്യ കാപിറ്റൽ, ഓറിയോസ് വെഞ്ച്വർ പാർട്ണേഴ്സ്, ഐ ഡി ജി വെഞ്ച്വേഴ്സ്, ഇന്ത്യ കോഷ്യന്റ് തുടങ്ങിയ വെഞ്ച്വർ കാപിറ്റൽ കമ്പനികൾ ഈ രംഗത്തു നിക്ഷേപവും നടത്തുന്നുണ്ട്. രണ്ടു കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ഡൽഹി — എൻ സി ആർ മേഖലയിൽ പോയിന്റ് ടു പോയിന്റ് വ്യവസ്ഥയിൽ ബസ് സർവീസ് നടത്തുന്ന, ഗുഡ്ഗാവ് ആസ്ഥാനമായ ഷട്ട്ൽ പ്രതിദിനം 15,000 റൈഡുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നാണു കണക്ക്. ക്രമേണ മറ്റു നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനിക്കു പദ്ധതിയുമുണ്ട്. മുംബൈയിൽ വൻകിട ബസ് ഓപ്പറേറ്റർമാരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സിറ്റിഫ്ളോയാവട്ടെ പ്രതിദിനം 2,200 റൈഡുകളാണു കൈകാര്യം ചെയ്യുന്നത്. തടസ്സങ്ങളില്ലാത്ത യാത്ര മോഹിച്ചു ട്രെയിനുകളും സ്വന്തം കാറുകളും ടാക്സികളുമൊക്കെ ഉപേക്ഷിച്ചു ധാരാളം പേർ ബസ് തിരഞ്ഞെടുക്കുന്നുണ്ടെന്നാണു സിറ്റിഫ്ളോ ചീഫ് എക്സിക്യൂട്ടീവ് ജെറിൻ വേണാടിന്റെ അവകാശവാദം.

യാത്രാ തടസ്സം ഒഴിവാക്കാൻ സികോക്യയുടെ പിൻബലമുള്ള ഷട്ട്ൽ വൻതോതിൽ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നുണ്ട്: ശരിയായ പാത തിരഞ്ഞെടുക്കാനും ബസിനെ തത്സമയം പിന്തുടരാനും പണമിടപാടിനുമൊക്കെ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതാണു കമ്പനിയുടെ മികവെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അമിത് സിങ് കരുതുന്നു.

ചെന്നൈ ഐ ഐ ടിയിൽ നിന്നു പഠിച്ചിറങ്ങിയ അഖിലേഷ് കൊപ്പിനേനിയും കൃഷ്ണ ചൈതന്യയും ചേർന്നു സ്ഥാപിച്ച ജിയോടാഗ്, ഇ ടിക്കറ്റ് ആപ്ലിക്കേഷൻ വികസനം, ഫ്ളീറ്റ് മാനേജ്മെന്റ് സിസ്റ്റം, റൂട്ട് ഓപ്റ്റിമൈസേഷൻ സിസ്റ്റം, ട്രാഫിക് ഡെൻസിറ്റി മാപ്പിങ് സിസ്റ്റം തുടങ്ങിയ മേഖലകളിലാണു പ്രവർത്തിക്കുന്നത്.