ടാക്സി: പുതുവ്യവസ്ഥകളെ സ്വാഗതം ചെയ്തു യൂബറും ഓലയും

രാജ്യത്തെ ടാക്സി വ്യവസായത്തിനുള്ള പുതുക്കിയ മാർഗരേഖയെ സ്വാഗതം ചെയ്തു റൈഡ് ഹെയ്‌ലിങ് കമ്പനികളായ ഓലയും യൂബറും. പുതിയ നിർദേശങ്ങൾ ഈ മേഖലയുടെ വളർച്ചയ്ക്കു വഴി തെളിക്കുമെന്ന് ഇരുകമ്പനികളും അഭിപ്രായപ്പെട്ടു. എങ്കിലും നിരക്ക് നിയന്ത്രണം സംബന്ധിച്ച വ്യവസ്ഥകളെക്കുറിച്ച് ഇരുകമ്പനികൾക്കും ആശങ്കയുമുണ്ട്. സ്വന്തമായി കാർ വാങ്ങുന്നതു നിരുത്സാഹപ്പെടുത്താനും പൊതു ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ ടാക്സി വ്യവസായത്തിന് ഏകീകൃത നിയമ വ്യവസ്ഥ ആവശ്യമാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം രൂപീകരിച്ച സമിതി അഭിപ്രായപ്പെട്ടിരുന്നു.

നീതിയുക്തവും ഏകീകൃതവും സുതാര്യവുമായ ഈ നിയന്ത്രണ സംവിധാനത്തിൽ പരമ്പരാഗത ടാക്സികൾക്കും റേഡിയോ ടാക്സികൾക്കുമൊപ്പം കാബ് അഗ്രിഗേറ്റർമാരായ യൂബറിനെയും ഓലയെയും ഉൾപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. രാജ്യത്തു റൈഡ് ഷെയറിങ് സംവിധാനത്തിന്റെ വികസനത്തിലെ സുപ്രധാന നാഴിക്കല്ലാണു പരിഷ്കരിച്ച മാർഗനിർദേശങ്ങളെന്നു യൂബർ ഇന്ത്യ പ്രസിഡന്റ് അമിത് ജയിൻ അഭിപ്രായപ്പെട്ടു. വരുംവർഷങ്ങളിൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും പുതിയ നഗരങ്ങൾക്കുമെല്ലാം മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ ഈ മാർഗരേഖ വഴി തെളിക്കും.

നിരക്ക് നിയന്ത്രണം സംബന്ധിച്ച വ്യവസ്ഥകൾ ആശങ്കാജനകമാണെങ്കിലും മൊത്തത്തിൽ വ്യവസായത്തെ പുഷ്ടിപ്പെടുത്തുന്ന നിർദേശങ്ങളാണു സമിതി മുന്നോട്ടു വച്ചതെന്നും അദ്ദേഹം വിലയിരുത്തി. പുരോഗമനാത്മകമായ മാർഗനിർദേശങ്ങളാണു സമിതിയുടേതെന്നായിരുന്നു ഓല ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പ്രണയ് ജീവ്രാജ്കയുടെ പ്രതികരണം. രാജ്യത്തെ സഞ്ചാര സ്വാതന്ത്യ്രം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്താനുമുള്ള ശ്രമങ്ങൾ പുതിയ മാർഗരേഖകളിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.