പ്യുഷൊ വീണ്ടും ഇന്ത്യയിലെത്തുന്നു

ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ പി എസ് എ പ്യുഷൊ സിട്രോൺ വീണ്ടും ഒരുങ്ങുന്നു. രണ്ടു വർഷത്തിനകം പങ്കാളിയെ കണ്ടെത്തി 2021 അവസാനത്തോടെ ഇന്ത്യയിൽ വാഹന വിൽപ്പന ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ‘പുഷ് ടു പാസ്’ എന്ന പേരിൽ പാരിസിൽ നടത്തിയ അവതരണത്തിനിടെയാണു ഗ്രൂപ് ചെയർമാൻ കാർലോസ് ടവരെസ് ആഗോളതലത്തിലെ പുതിയ വിപണന പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിയിൽ ഇന്ത്യൻ വിപണിക്കു പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്നതാണു ശ്രദ്ധേയം. ആഗോള കാർ വിപണികളിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 2021നകം 17 പുതിയ മോഡലുകൾ അവതരിപ്പിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.അഞ്ചു വർഷം മുമ്പു ഗുജറാത്തിൽ കാർ നിർമാണശാല സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു പിന്മാറിയ പി എസ് എ പ്യുഷൊ ഇന്ത്യയിൽ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചന നൽകുന്നത് ഇപ്പോഴാണ്. ഗുജറാത്ത് ശാല ഉപേക്ഷിച്ച ശേഷമുള്ള വർഷങ്ങളിൽ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കാണു പ്യുഷൊ മുൻഗണന നൽകിയത്. ചൈനയിലെ ഡോങ്ഫെങ് മോട്ടോറിനെ പങ്കാളിയാക്കിയും കാർലോസ് ടവരെസിനെ ചെയർമാൻ സ്ഥാനത്തെത്തിച്ചുമൊക്കെയാണു പ്യുഷൊ സിട്രോൺ ശക്തമായ തിരിച്ചുവരവ് യാഥാർഥ്യമാക്കിയത്.

നില മെച്ചപ്പെട്ടതോടെ ആഗോള വിപണികളിൽ സാന്നിധ്യം വ്യാപിപ്പിക്കാൻ സമയമായെന്നു പി എസ് എ പ്യുഷൊ സിട്രോൺ കരുതുന്നു. അതുകൊണ്ടുതന്നെ കൂടുതൽ വളർച്ചയ്ക്കായുള്ള നീക്കങ്ങളിൽ ഇന്ത്യ പ്രധാന ഘടകവുമാകുന്നു. എങ്കിലും ഇന്ത്യയിലേക്കു തിരിച്ചുവരുമ്പോൾ ആരാവും പ്യുഷൊയുടെ പുതിയ പങ്കാളിയെന്നതും എന്തു ബിസിനസ് മാതൃകയാവും കമ്പനി പിന്തുടരുകയെന്നതുമൊക്കെ അവ്യക്തമാണ്. പ്യുഷൊ സ്കൂട്ടേഴ്സിന്റെ നിയന്ത്രണം സ്വന്തമാക്കിയ മഹീന്ദ്ര ആൻഡ് മഹീന്ദ്രയോടു മാത്രമാണു നിലവിൽ പി എസ് എയ്ക്കു ബന്ധമുള്ളത്. യൂട്ടിലിറ്റി വാഹന നിർമാണമേഖലയിൽ മികവു കാട്ടുന്ന മഹീന്ദ്രയെ പങ്കാളിയാക്കുന്നതു പി എസ് എയ്ക്കു ഗുണവും ചെയ്തേക്കാം. എന്നാൽ രണ്ടു പരാജയങ്ങൾക്കു ശേഷം മൂന്നാമതും കാർ നിർമാണത്തിൽ മുതൽമുടക്കിനു മഹീന്ദ്ര തയാറാവുമോ എന്നതു വ്യക്തമല്ല. 1990 മധ്യത്തിൽ ഫോഡിനൊപ്പവും പിന്നീട് ഫ്രാൻസിൽ നിന്നു തന്നെയുള്ള റെനോയ്ക്കൊപ്പവും കാർ വിപണിയിൽ ഭാഗ്യപരീക്ഷണം നടത്തി കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയ ചരിത്രമാണു മഹീന്ദ്രയുടേത്.