കൂട്ടിന് ബിർല; ഇന്ത്യയിലേക്കു മടങ്ങാൻ പ്യുഷൊ

Peugeot

ഇന്ത്യയിൽ തിരിച്ചെത്താൻ ഫ്രഞ്ച് കാർ നിർമാതാക്കളായ പി എസ് എ ഗ്രൂപ്പിന്റെ ശ്രമം വീണ്ടും. ഡൽഹി ആസ്ഥാനമായ സി കെ ബിർല ഗ്രൂപ്പുമായി സഹകരിച്ചു നിർമാണ സൗകര്യം ഉറപ്പാക്കിയാണത്രെ ഇക്കുറി പി എസ് എ ഗ്രൂപ് ഇന്ത്യയിലെത്താൻ ശ്രമിക്കുന്നത്. പ്യുഷൊ, സിട്രോൺ ശ്രേണിയിലെ കാറുകളുടെ നിർമാതാക്കളായ പി എസ് എ ഗ്രൂപ്പിന് തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് മികച്ച വളർച്ച കൈവരിച്ചു മുന്നേറുന്ന ഇന്ത്യൻ വിപണിയിൽ സാന്നിധ്യമില്ലാതായത്. ഈ പോരായ്മ മറികടക്കാൻ ബിർലയുമായി സംയുക്ത സംരംഭം സ്ഥാപിക്കാനും ഗ്രൂപ്പിന് ചെന്നൈയിലുള്ള അസംബ്ലി പ്ലാന്റ് പ്രയോജനപ്പെടുത്താനുമാണു പി എസ് എ ഗ്രൂപ്പിന്റെ ശ്രമമെന്നു ഫ്രഞ്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു. 12,000 യൂണിറ്റാണു ചെന്നൈയിൽ സി കെ ബിർല ഗ്രൂപ്പിനുള്ള അസംബ്ലി പ്ലാന്റിന്റെ വാർഷിക ഉൽപ്പാദന ശേഷി.

അതേസമയം ഇന്ത്യയിലേക്കുള്ള മടക്കം സംബന്ധിച്ച വാർത്തകളോടു പ്രതികരിക്കാൻ പി എസ് എ ഗ്രൂപ് തയാറായിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2014ൽ പാപ്പരായി മാറുന്നതിന് അടുത്തെത്തിയ പി എസ് എ ഗ്രൂപ്, ചീഫ് എക്സിക്യൂട്ടീവ് കാർലോസ് ടവാരെസിന്റെ നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരിനുള്ള മാർഗങ്ങൾ തേടുകയാണ്. അടുത്ത വർഷത്തോടെ പുതിയ പങ്കാളിയെ കണ്ടെത്തിയ വിപണന സാധ്യതയേറിയ ഇന്ത്യയിൽ സാന്നിധ്യം ഉറപ്പാക്കാൻ ടവാരെസ് ലക്ഷ്യമിട്ടിട്ടുണ്ട്. പ്രതിവർഷം 30 ലക്ഷത്തോളം യൂണിറ്റ് വിൽപ്പനയുള്ള ഇന്ത്യയിൽ സാന്നിധ്യമില്ലാത്തതു വൻ പോരായ്മായണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.