പ്യുഷൊ തിരിച്ചെത്താനൊരുങ്ങുന്നു

വൻസാധ്യതയുള്ള വിപണിയാണ് ഇന്ത്യയെന്ന തിരിച്ചറിവിൽ പി എസ് എ ഗ്രൂപ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ തിരിച്ചെത്താൻ പുതിയ തന്ത്രങ്ങൾ മെനയുകയാണെന്നും ഫ്രഞ്ച് വാഹന നിർമാതാക്കൾ വെളിപ്പെടുത്തി. രണ്ട് ദശാബ്ദത്തോളം മുമ്പു തന്നെ പ്രീമിയർ ഓട്ടമൊബീൽസിനെ പങ്കാളിയാക്കി പി എസ് എ ഗ്രൂപ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ ഈ വിപണിയിൽ അവതരിപ്പിച്ച ‘പ്യുഷൊ 309’ പ്രതീക്ഷിച്ച വിജയം നേടാതെ പോയതോടെ കമ്പനി ഇന്ത്യ വിടുകയായിരുന്നു. തുടർന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവായി കാർലോസ് ടവരെസ് ചുമതയേറ്റതോടെയാണ് പി എസ് എ ഗ്രൂപ് വീണ്ടും ഇന്ത്യയിലേക്കു ശ്രദ്ധ തിരിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ പുതിയ പങ്കാളിയെ കണ്ടെത്തി വിപണിയിൽ പ്രവേശിക്കാനും 2021നുള്ളിൽ ഇന്ത്യയിൽ കാർ നിർമാണം ആരംഭിക്കാനുമാണു കമ്പനിയുടെ പുതിയ പദ്ധതി.

വിപുല സാധ്യതയുള്ള വിപണിയാണ് ഇന്ത്യയെന്നു പാരിസ് മോട്ടോർ ഷോയ്ക്കെത്തിയ ടവരെസ് അഭിപ്രായപ്പെട്ടു. കമ്പനിക്കായി തയാറാക്കിയ ഇടക്കാല പദ്ധതിയായ ‘പുഷ് ടു പാസി’ൽ അതുകൊണ്ടുതന്നെ ഇന്ത്യയിലേക്കുള്ള മടക്കം ഇടംപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയിലേക്കുള്ള മടക്കം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. തന്ത്രങ്ങൾ അന്തിമ ഘട്ടത്തിലെത്തുന്ന മുറയ്ക്കു കൂടുതൽ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നായിരുന്നു ടവരെസിന്റെ വാഗ്ദാനം.

വിൽപ്പനയിൽ നേരിട്ടിരുന്ന മാന്ദ്യത്തെ യാത്രാവാഹന വിഭാഗം അതിജീവിച്ചെന്നാണു പുതിയ കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തെ പ്രമുഖ നിർമാതാക്കളുടെയെല്ലാം വാഹന വിൽപ്പനയിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയിലെ മൊത്തം വിൽപ്പന 30 ലക്ഷം യൂണിറ്റ് പിന്നിടുമെന്ന പ്രതീക്ഷയും സജീവമാണ്; 2015 — 16ലെ വിൽപ്പന 28 ലക്ഷം യാണിറ്റായിരുന്നു. ഈ നില തുടർന്നാൽ 2020 ആകുമ്പോഴേക്ക് ഇന്ത്യയിലെ കാർ വിൽപ്പന 60 ലക്ഷം യൂണിറ്റോളമായി ഉയരുമെന്നും വിദഗ്ധർ കരുതുന്നു.

ഇന്ത്യയിലേക്കു മടങ്ങാനായി ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ മോട്ടോഴ്സ്, ജനറൽ മോട്ടോഴ്സ് ഇന്ത്യ തുടങ്ങിയ കമ്പനികളെ പങ്കാളിയാക്കാനുള്ള സാധ്യത പി എസ് എ ഗ്രൂപ് മുമ്പു പരിശോധിച്ചിരുന്നു. 2015 അവസാനത്തോടെ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളാനായിരുന്നു പി എസ് എയുടെ ലക്ഷ്യം; എന്നാൽ അധികം വൈകാതെ പി എസ് എ ഗ്രൂപ്പിന്റെ ഇന്ത്യയിലെക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച വ്യക്തമായ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ഇപ്പോഴത്തെ സൂചന. നിർമാണത്തിനായി പങ്കാളിയെ തേടുമ്പോഴും ഇന്ത്യയിലെ വാഹന വിൽപ്പനയും വിപണനവും സ്വയം നടത്താനാണു കമ്പനി ആലോചിക്കുന്നതെന്ന് പി എസ് എ ഗ്രൂപ് ഇന്ത്യ പസഫിക് ഓപ്പറേഷൻ മേധാവി ഇമ്മാനുവൽ ഡിലെ അറിയിച്ചു.