വൈദ്യുത സ്പോർട്സ് കാറുകൾ നിർമിക്കാൻ പോർഷെ

മോഡലുകൾക്കെല്ലാം സങ്കര ഇന്ധന വകഭേദം ലഭ്യമാക്കാൻ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ ഒരുങ്ങുന്നു. സമീപ ഭാവിയിൽ തന്നെ ഈ ലക്ഷ്യം കൈവരിക്കുമെന്നു പ്രകടനക്ഷമതയേറിയ കാറുകളുടെ നിർമാതാക്കളെന്ന നിലയിൽ പേരുകേട്ട പോർഷെയുടെ ചീഫ് എക്സിക്യൂട്ടീവ് ഒലിവർ ബ്ലൂം വ്യക്തമാക്കി. പോർഷെ ‘911’ പ്ലഗ് ഇൻ ഹൈബ്രിഡ് 2018ൽ വിൽപ്പനയ്ക്കെത്തിക്കുമെന്നാണു ബ്ലൂമിന്റെ വാഗ്ദാനം; 31.1 മൈൽ (50 കിലോമീറ്റർ) ആണു കാറിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന സഞ്ചാര പരിധി (റേഞ്ച്).

ഡീസൽ എൻജിനുള്ള വാഹനങ്ങളെ മലിനീകരണ നിയന്ത്രണ പരിശോധനയിൽ വിജയിപ്പിക്കാൻ സോഫ്റ്റ്‌വെയർ സഹായം തേടി ‘പുകമറ’ വിവാദത്തിൽ കുടുങ്ങിയതോടെ ഫോക്സ്‌വാഗൻ വൈദ്യുത വാഹന ശ്രേണി വിപുലീകരിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഈ പശ്ചാത്തലത്തിലാണു പൂർണമായും ബാറ്ററിയിൽ ഓടുന്ന സ്പോർട്സ് കാർ നിർമാണത്തിനായി 100 കോടി യൂറോ (ഏകദേശം 7,353 കോടി രൂപ) നിക്ഷേപിക്കുമെന്നു പോർഷെ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതും. 2020-നു മുമ്പ് ‘മിഷൻ ഇ മോഡൽ’ പുറത്തിറക്കാനാണു പോർഷെ ലക്ഷ്യമിടുന്നത്; 600 ബി എച്ച് പിയിലേറെ കരുത്തുള്ള എൻജിനോടെ എത്തുന്ന കാർ ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ ഓടിക്കുകയാണു കമ്പനിയുടെ ലക്ഷ്യം.

അതേസമയം, മറ്റു നിർമാതാക്കളെ പോലെ ഡ്രൈവറില്ലാതെ ഓടുന്ന കാറുകൾക്കു പിന്നാലെ പോകാനില്ലെന്നും പോർഷെ വ്യക്തമാക്കുന്നു. ഡ്രൈവർ ഇല്ലാതെ ഓടുന്ന കാർ എന്ന ആശയത്തിൽ വിശ്വാസമില്ലെന്നാണു ബ്ലൂമിന്റെ നിലപാട്. ഈ ലക്ഷ്യവുമായി സാങ്കേതിക മേഖലയിൽ മികവു തെളിയിച്ച കമ്പനികളുമായി സഹകരിക്കാനും പോർഷെയില്ല. ‘ഐ ഫോണിന്റെ സ്ഥാനം പോക്കറ്റിലാണ്, നിരത്തിലല്ല’ എന്നായിരുന്നു ആപ്പിൾ പോലുള്ള വമ്പൻമാരുമായുള്ള സഹകരണസാധ്യതയെക്കുറിച്ചു ബ്ലൂമിന്റെ പ്രതികരണം.

സ്വന്തം കഴിവുകൾ അപര്യാപ്തമെങ്കിൽ സാങ്കേതിക സഹകരണം അനിവാര്യതയാണ്. എന്നാൽ പോർഷെയെ സംബന്ധിച്ചിടത്തോളം കൂട്ടുകെട്ടിലൂടെ മറികടക്കേണ്ട പോരായ്മകളോ അപൂർണതകളോ നിലവിലില്ലെന്നാണു ബ്ലൂമിന്റെ പക്ഷം. പോരെങ്കിൽ ഡ്രൈവറില്ലാതെ ഓടുന്ന കാർ സംബന്ധിച്ച ഗവേഷണത്തിനും പോർഷെയ്ക്കു താൽപര്യമില്ല. ഈ ദിശയിലെ ഗവേഷണവും വികസനവുമൊക്കെ മറ്റുള്ളവർക്കു വിട്ടുകൊടുക്കാനാണു പോർഷെയും തീരുമാനമെന്നും ബ്ലൂം വെളിപ്പെടുത്തി.