പോർഷെയുടെ ആർ ആൻഡ് ഡി മേധാവി കമ്പനി വിട്ടു

പോർഷെയുടെ ആർ ആൻഡ് ഡി മേധാവി വൂൾഫ്ഗാങ് ഹാറ്റ്സ്. (കടപ്പാട് - ട്വിറ്റർ)

ജർമൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയിലെ മുതിർന്ന എൻജിനീയറായ വുൾഫ്ഗാങ് ഹാറ്റ്സ് കമ്പനി വിട്ടു. പോർഷെയുടെ ഉടമസ്ഥരായ ഫോക്സ്‌വാഗൻ എ ജി, യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയെന്നു കഴിഞ്ഞ വർഷം വ്യക്തമായ സാഹചര്യത്തിൽ ഹാറ്റ്സിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാവുകയും ഹാറ്റ്സിനെതിരെ തെളിവില്ലെന്നു വ്യക്തമാവുകയും ചെയ്ത പിന്നാലെയാണ് അദ്ദേഹം പോർഷെയോടു വിട പറയുന്നത്.

ഫോക്സ്‌വാഗനിലെ എൻജിൻ വികസന ഗ്രൂപ് മേധാവിയായിരുന്ന ഹാറ്റ്സ് 2011ലാണു പോർഷെയുടെ ഗവേഷണ, വികസന(ആർ ആൻഡ് ഡി) വിഭാഗം മേധാവിയായി ചുമതലയേറ്റത്. 2015 സെപ്റ്റംബറിൽ ‘ഡീസൽഗേറ്റ്’ വിവാദം ചൂടു പിടിക്കുകയും അന്വേഷണം മുറുകുകയും ചെയ്തതോടെ ഫോക്സ്‌വാഗനിലെ മറ്റു സീനിയർ മാനേജർമാർക്കൊപ്പം ഹാറ്റ്സും സസ്പെൻഷനിലായി.

ഏഴു മാസം പിന്നിട്ടിട്ടും സസ്പെൻഷൻ തുടർന്നതിനാലാണു ഹാറ്റ്സ് കമ്പനി വിടാൻ തീരുമാനിച്ചതെന്നാണു പോർഷെയുടെ വിശദീകരണം. ഡെയ്മ്ലറിലെ മുൻ മാനേജരും ക്വാളിറ്റി മാനേജ്മെന്റ് മേധാവിയുമായ മൈക്കൽ സ്റ്റെയ്നറെ ഹാറ്റ്സിന്റെ പിൻഗാമിയായി നിയോഗിക്കാൻ പോർഷെയുടെ സൂപ്പർവൈസറി ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

‘പുകമറ വിവാദ’ത്തിൽ സീനിയർ എക്സിക്യൂട്ടീവുകൾക്കു പങ്കുണ്ടോ എന്ന് അന്വേഷിക്കാൻ യു എസ് നിയമ സ്ഥാപനമായ ജോൺസ് ഡേയെയാണു യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ ചുമതലപ്പെടുത്തിയത്. ഈ അന്വേഷണം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും ഈ വർഷം നാലാം പാദത്തോടെ തന്നെ പൂർത്തിയാവുമെന്നുമാണ് ഫോക്സ്‌വാഗന്റെ നിലപാട്.

കൃത്രിമം കാട്ടിയതെന്നു കരുതപ്പെടുന്ന കാറുകൾ തിരിച്ചെടുക്കുന്നതോ പ്രശ്നം പരിഹരിച്ചു നൽകുന്നതോ സംബന്ധിച്ചു കഴിഞ്ഞ മാസം യു എസ് റഗുലേറ്റർമാരും ഫോക്സ്‌വാഗനുമായി ധാരണയിലെത്തിയിരുന്നു. ഇത്തരം പ്രശ്ന പരിഹാര നടപടികൾക്കായി കമ്പനി 100 കോടി ഡോളർ (ഏകദേശം 6651.24 കോടി രൂപ) ചെലവഴിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നത്. മാത്രമല്ല, 90,000 ‘പോർഷെ’, ‘ഔഡി’, ‘ഫോക്സ്‌വാഗൻ’ കാറുകളിൽ ഘടിപ്പിച്ച ആറു സിലിണ്ടർ ഡീസൽ എൻജിനുകളുടെ പോരായ്മ പരിഹിക്കാനുള്ള ചെലവ് ഇതിൽ ഉൾപ്പെടുന്നില്ല. ഔഡി വികസിപ്പിച്ച ഈ എൻജിനും മലിനീകരണ നിലവാരം പാലിക്കുന്നില്ലെന്നാണു യു എസ് അധികൃതരുടെ നിലപാട്.