വില 233 കോടി ഡോളർ; പി എസ് എ യൂറോപ്പ് ജി എം വാങ്ങി

പ്രവർത്തന നഷ്ടം കനത്തതോടെ യൂറോപ്യൻ ഉപസ്ഥാനത്തെ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഫ്രഞ്ച് വാഹന നിർമാതാക്കളായ പി എസ് എ ഗ്രൂപ്പിനു വിൽക്കുന്നു. ജർമനിയിലെ ഒപെലും ബ്രിട്ടീഷ് ബ്രാൻഡായ വോക്സോളുമടക്കം 233 കോടി ഡോളറി(ഏകദേശം 15,553.91 കോടി രൂപ)നാണു പി എസ് എ ഗ്രൂപ് യൂറോപ്പിലെ ജി എമ്മിനെ സ്വന്തമാക്കുന്നത്. ജി എം യൂറോപ്പിനെ സ്വന്തമാക്കുന്നതു സംബന്ധിച്ചു പാരിസിൽ നടത്തിയ പ്രഖ്യാപനത്തോടെ പ്യുഷൊ, സിട്രോൻ കാറുകളുടെ നിർമാതാക്കളായ പി എസ് എ ഗ്രൂപ് യൂറോപ്യൻ വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തെത്തി. പ്രതിവർഷം 50 ലക്ഷം യൂണിറ്റാണ് പുതിയ കമ്പനിയുടെ ഉൽപ്പാദനശേഷി. യൂറോപ്യൻ വിപണിയിൽ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗനാണ് ഇപ്പോഴും ഒന്നാം സ്ഥാനം.

ഫ്രഞ്ച് ബാങ്കായ ബി എൻ പി പാരിബയുടെ പങ്കാളിത്തത്തോടെയാണു പി എസ് എ ഗ്രൂപ് ഈ ഇടപാട് പൂർത്തിയാക്കുക. ജി എം കൂടി കൈവരുന്നതോടെ യൂറോപ്പിൽ 12 നിർമാണശാലകളിലായി 40,000 ജീവനക്കാരാണു പി എസ് എ ഗ്രൂപ്പിനുണ്ടാവുക. ഈ ഏറ്റെടുക്കൽ മൂലം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തൊഴിൽ നഷ്ടമുണ്ടാവുമെന്ന ആശങ്കകൾ ശക്തമാണ്. അതേസമയം കമ്പനി ജീവനക്കാർക്കു ജനറൽ മോട്ടോഴ്സ് നൽകിയ ഉറപ്പുകൾ പാലിക്കുമെന്ന് പി എസ് എ ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കാർലോസ് ടവാരെസ് വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയിലെ ട്യൂറിനിലുള്ള നിർമാണശാല നിലനിർത്തുമെന്നു ജനറൽ മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുത കാർ സാങ്കേതികവിദ്യ പോലുള്ള മേഖലകളിൽ ജനറൽ മോട്ടോഴ്സും പി എസ് എയുമായുള്ള സഹകരണം തുടരുകയും ചെയ്യും. അതുപോലെ ചില ‘ബ്യൂക്ക്’ മോഡലുകൾക്കുള്ള സപ്ലൈ കരാറുകളും ഇപ്പോഴത്തേതു പോലെ തുടരും.

മൂന്നു വർഷം മുമ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട പി എസ് എ ഗ്രൂപ്പിനെ ഫ്രഞ്ച് സർക്കാരും ചൈനീസ് നിക്ഷേപകരും ചേർന്നാണു കരകയറ്റിയത്. തുടർന്നുള്ള കാലത്തിനിടെ തകർപ്പൻ തിരിച്ചുവരവാണു കമ്പനി കൈവരിച്ചത്. ഉൽപ്പാദനശേഷി മികച്ച രീതിയിൽ വിനിയോഗിച്ചും വൻതോതിലുള്ള നിർമാണത്തിലൂടെ ചെലവ് കുറച്ചുമൊക്ക ഒപെലിന്റെ പ്രവർത്തനം ലാഭത്തിലെത്തിക്കാനാവുമെന്നാണു ടവാരെസിന്റെ പ്രതീക്ഷ. പി എസ് എയിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണിതെന്നത് ടവാരെസിന് ആത്മവിശ്വാസവും പകരുന്നു.