യൂറോപ്യൻ ജി എമ്മിനെ സ്വന്തമാക്കാൻ പി എസ് എ

ജർമൻ മോട്ടോഴ്സി(ജി എം)ന്റെ യൂറോപ്യൻ ഉപസ്ഥാപനത്തെ ഏറ്റെടുക്കാനുള്ള നിർദേശം ഫ്രഞ്ച് കാർ നിർമാതാക്കളായ പി എസ് എയുടെ സൂപ്പർവൈസറി ബോർഡ് അംഗീകരിച്ചു. ഒപെൽ, വോക്സോൾ ബ്രാൻഡുകളടക്കം ജി എമ്മിന്റെ യൂറോപ്യൻ വിഭാഗത്തെ ഏറ്റെടുക്കുന്നതു സംബന്ധിച്ച ഔപചാരിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാവുമെന്നാണു സൂചന. ജി എമ്മിന്റെ ഉപസ്ഥാപനം സ്വന്തമാവുന്നതോടെ യൂറോപ്പിലെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളെന്ന സ്ഥാനം പി എസ് എ ഗ്രൂപ് വീണ്ടെടുക്കും. ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗനാണു യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ. നിലവിൽ ഫ്രഞ്ച് നിർമാതാക്കളായ റെനോയ്ക്കാണു രണ്ടാം സ്ഥാനം.

ജി എമ്മിന്റെ യൂറോപ്യൻ വിഭാഗം ഏറ്റെടുക്കാൻ പി എസ് എ ഗ്രൂപ് നടത്തുന്ന നീക്കം കഴിഞ്ഞ മാസമാണു ലോകമറിഞ്ഞത്. തിങ്കളാഴ്ച രാവിലെയോടെ ഫ്രാൻസിലും ജർമനിയിലുമായി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാവുമെന്നാണു സൂചന. അതിവേഗം പുരോഗമിക്കുന്ന ചർച്ചകളിൽ ഇരുകൂട്ടർക്കും സംതൃപ്തിയുണ്ടെന്നും കഴിവതും വേഗം നടപടിക്രമം പൂർത്തിയാക്കാനാണ് പി എസ് എ ഗ്രൂപ്പും ജി എമ്മും ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പ്യുഷൊ, സിട്രോൻ ബ്രാൻഡുകളുടെ ഉടമകളായ പി എസ് എ, ജി എമ്മിന്റെ കൈവശമുള്ള ഒപെൽ ഡിവിഷൻ സ്വന്തമാക്കാൻ ശ്രമിക്കുന്ന വിവരം കഴിഞ്ഞ മാസമാണു പുറത്തറിഞ്ഞത്.

ഇതോടെ ഫ്രാൻസിനു പുറത്തെ തൊഴിലവസരങ്ങൾ നഷ്ടമാവുമെന്ന് ജർമനിയിലും യു കെയിലും ആശങ്ക പടരുകയും ചെയ്തു. തുടർന്ന് ബ്രിട്ടീഷ് വാഹന വ്യവസായ പാരമ്പര്യത്തിന്റെ ഭാഗവും ഇതിഹാസമാനങ്ങളുള്ളതുമായ വോക്സോളിനെ വികസിപ്പിക്കുമെന്ന് പി എസ് എ മേധാവി കാർലോസ് ടവരെസ് വ്യക്തമാക്കി. ബ്രിട്ടിനിൽ 5,000 പേരാണു വോക്സോളിൽ ജോലി ചെയ്യുന്നത്. ഒപെലിന് ആറു യൂറോപ്യൻ രാജ്യങ്ങളിലായി 10 നിർമാണശാലകളുണ്ട്; 2015ലെ കണക്കനുസരിച്ച് 35,600 തൊഴിലാളികളാണ് ഈ ശാലകളിലുള്ളത്. ഇതിൽ 18,250 പേരാണു ജർമനിയിലുള്ളത്. 1862ൽ സ്ഥാപിതമായ ഒപെൽ യൂറോപ്യൻ നിരത്തുകളിൽ സജീവസാന്നിധ്യമാണ്.