ടെസ്‌ലയുടെ അപരൻ ചൈനയിൽ നിന്ന്

കോപ്പിയടിക്കാൻ വിദഗ്ദൻമാരാണ് ചൈനാക്കാർ. ലോകത്തെ വിവിധ ഉൽപ്പന്നങ്ങളുടെ അപരന്മാർ ചൈനയിൽ നിന്ന് പുറത്തിറങ്ങാറുണ്ട്. ചൈനീസ് വാഹന വിപണിയിൽ പ്രശസ്ത പല വാഹനങ്ങളുടേയും അപരന്മാരെ കാണാനാകും. റേഞ്ച് റോവർ, കാർഡിലാക്ക്, ജീപ്പ്, സ്മാർട്ട് മിനി, റോൾസ് റോയ്‌സ് ഫാന്റം തുടങ്ങി ബജാജിന്റെ പൾസറിന്റെ വരെ അപരന്മാർ ചൈനയിലൂണ്ട്. 

അപരന്മാരുടെ കൂട്ടത്തിലേയ്ക്ക് മറ്റൊരുവൻകൂടി യുക്‌സിയ റേഞ്ചർ എക്‌സ്. അമേരിക്കൻ ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ ജനപ്രിയ കാറായ മോഡൽ എസിനെയാണ് റേഞ്ചർ എക്‌സ് അതേപടി പകർത്തിയിരിക്കുന്നത്. ഇലക്ട്രിക്ക് കാറായ റേഞ്ചർ എക്‌സ്് 352 ബിഎച്ച്പി കരുത്തുൽപാദിപ്പിക്കും. ഫ്‌ളോറിൽ ബാറ്ററി ഘടിപ്പിച്ചിരിക്കുന്ന റേഞ്ചർ എക്‌സിന് നൂറ് കീമി വേഗതയിലെത്താൻ 5.6 സെക്കന്റ് മാത്രം മതി. മോഡൽ എസ്സിന്റേയും ബിഎംഡബ്ല്യു ഐ3യുടേയും ടെക്‌നോളജികൾ കടംകൊണ്ടാണ് കാറിനെ നിർമ്മിച്ചിരിക്കുന്നതെന്നാണ് യുക്‌സിയ പറഞ്ഞിരിക്കുന്നത്. 

പുറം ഭാഗം മാത്രമല്ല ഉൾഭാഗവും ടെസ്‌ലയുടേതു തന്നെയാണ്. മോഡൽ എസിന്റെ തരത്തിലൂള്ള വലിയ സ്‌ക്രീനുകളാണ് ഉൾഭാഗത്തിന്. ആൻഡ്രോയിഡ് ബേസ് ചെയ്തുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് കാറിന്. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുന്ന കാറിന് ഏകദേശം 20597 യൂറോ (ഏകദേശം 14 ലക്ഷം രൂപ) ആയിരിക്കും വില. ടെസ്‌ല മോഡൽ എസിന്റെ വില 45,800 യൂറോയാണ്( ഏകദേശം 32 ലക്ഷം രൂപ).