‘റെഡി ഗോ’ വിൽപ്പന 3,000 യൂണിറ്റ് പിന്നിട്ടെന്നു നിസ്സാൻ

RediGo

ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ശ്രേണിയിൽ അവതരിപ്പിച്ച ‘റെഡി ഗോ’യുടെ ആദ്യ മാസത്തെ വിൽപ്പന 3,000 യൂണിറ്റിലെത്തിയെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ. മാരുതി സുസുക്കി ‘ഓൾട്ടോ’യോടും ഹ്യുണ്ടേയ് മോട്ടോറിന്റെ ‘ഇയോണി’നോടും പൊരുതിയാണു ‘റെഡി ഗോ’ ഈ നേട്ടം സ്വന്തമാക്കയത്. മൂന്നു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കൊടുവിൽ എൻട്രിലവൽ മോഡലായ ‘ഗോ’യുമായി 2014ലാണു ഡാറ്റ്സൻ തിരഞ്ഞെടുത്ത വിപണികളിൽ മടങ്ങിയെത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ മികച്ച സ്വീകാര്യതയാണു ഡാറ്റ്സന് ഇന്ത്യൻ വിപണിയിൽ ലഭിച്ചതെന്നു നിസ്സാൻ മോട്ടോർ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അവകാശപ്പെടുന്നു. ഡാറ്റ്സനോടു കാണിച്ച അതേ താൽപര്യമാണ് ഇന്ത്യ ‘റെഡി ഗോ’യോടും കാട്ടിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അരങ്ങേറ്റം കഴിഞ്ഞ് വെറും 23 ദിവസത്തിനുള്ളിൽ 3,000 യൂണിറ്റിന്റെ വിൽപ്പന സ്വന്തമാക്കാൻ ‘റെഡി ഗോ’യ്ക്കു കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. അടിസ്ഥാന മോഡലിന് 2.39 ലക്ഷം രൂപ വില നിശ്ചയിച്ചാണു ഡാറ്റ്സൻ പുതു മോഡലായ ‘റെഡി ഗോ’യെ വിൽപ്പനയ്ക്കെത്തിച്ചത്.  കാറിന്റെ മുന്തിയ വകഭേദത്തിന് 3.34 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. ‘ഗോ’, ‘ഗോ പ്ലസ്’ എന്നീ രണ്ടു പരീക്ഷണങ്ങൾ പാളിയ ശേഷമാണു നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ‘റെഡി ഗോ’യിലൂടെ വീണ്ടും ഇന്ത്യയിൽ ഭാഗ്യപരീക്ഷണത്തിന് എത്തിയത്.

RediGo

നിസ്സാന്റെ പങ്കാളിയും ഫ്രഞ്ച് വാഹന നിർമാതാക്കളുമായ റെനോയുടെ എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന് അടിത്തറയായ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം ആധാരമാക്കിയാണു ഡാറ്റ്സൻ ‘റെഡി ഗോ’ സാക്ഷാത്കരിച്ചിരിക്കുന്നത്. പരന്ന എസ് യു വിയുടെ രൂപമുള്ള ‘ക്വിഡി’ൽ നിന്നു വ്യത്യസ്തമായി  ടോൾ ബോയ് രൂപകൽപ്പനയാണു ‘റെഡി ഗോ’യ്ക്കു ഡാറ്റ്സൻ സ്വീകരിച്ചത്. വലിയ, ഷഡ്കോണാകൃതിയുള്ള മുൻ ഗ്രിൽ, സ്കഫ് പ്ലേറ്റിൽ വെള്ളി സ്പർശം, ഇലയുടെ രൂപമുള്ള ഹെഡ്ലാംപ് എന്നിവയെല്ലാമാണു ‘റെഡി ഗോ’യുടെ സവിശേഷതകൾ. അഞ്ചു നിറങ്ങളിലാണു കാർ വിൽപ്പനയ്ക്കെത്തുക.

RediGo

‘ക്വിഡി’നു കരുത്തേകുന്ന 799 സി സി പെട്രോൾ എൻജിനാണ് ‘റെഡി ഗോ’യിലുമുള്ളത്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെ എത്തുന്ന എൻജിന് പരമാവധി 54 പി എസ് കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ലീറ്ററിന് 25 കിലോമീറ്ററാണു കാറിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ‘റെഡി ഗോ’യുടെ വിവിധ വകഭേദങ്ങളുടെ ഡൽഹി ഷോറൂമിലെ വില(ലക്ഷം രൂപയിൽ):  ഡി — 2.39, എ — 2.82, ടി — 3.09, ടി (ഒ) — 3.19, എസ് — 3.34.