‘ക്വിഡ്’ കയറ്റുമതി ചെയ്തും നേട്ടം കൊയ്യാൻ റെനോ

റെനോ ക്വിഡ്

ചെറുകാറായ ‘ക്വിഡി’ലൂടെ ഇന്ത്യൻ വിപണിയിൽ നേടിയ വിജയം അയൽരാജ്യങ്ങളിലും ആവർത്തിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോയ്ക്കു മോഹം. ‘സാർക്’ മേഖലയിലെ രാജ്യങ്ങളിലേക്ക് എൻട്രി ലവൽ കാറായ ‘ക്വിഡി’ന്റെയും കോംപാക്ട് എസ് യു വിയായ ‘ഡസ്റ്ററി’ന്റെയും കയറ്റുമതി വർധിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മാസം മുതൽ ശ്രീലങ്കയിലേക്ക് ‘ഡസ്റ്റർ’, ‘ക്വിഡ്’ കയറ്റുമതി ആരംഭിച്ചതായി റെനോ ഇന്ത്യ ഓപ്പറേഷൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി വെളിപ്പെടുത്തി. ഈ മാസം മുതൽ നേപ്പാളിലേക്കും കയറ്റുമതി തുടങ്ങുകയാണ്. വൈകാതെ ഭൂട്ടാനിലേക്കും ഇന്ത്യൻ നിർമിത കാറുകളുടെ കയറ്റുമതി ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

റെനോ ഡസ്റ്റർ

ഏഷ്യൻ വിപണികൾക്കു പിന്നാലെ മറ്റു വിപണന സാധ്യതയുള്ള രാജ്യങ്ങളിലേക്കും കാർ കയറ്റുമതി ചെയ്യാൻ റെനോയ്ക്കു പദ്ധതിയുണ്ട്. പ്രധാനമായും ആഫ്രിക്ക പോലുള്ള എമേർജിങ് വിപണികളിലാണു കമ്പനിയുടെ കണ്ണ്.

ദക്ഷിണ ആഫ്രിക്കയിലേക്കു കാർ കയറ്റുമതിക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നു സാഹ്നി സൂചിപ്പിച്ചു. ഇതു സംബന്ധിച്ച അന്തിമ തീരുമാനവും ഉടനുണ്ടാവും. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മറ്റു വിപണികളും റെനോയുടെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

അമേരിക്കൻ വിപണികൾക്കായി ‘ക്വിഡി’ന്റെ ഉൽപ്പാദിപ്പിക്കാൻ റെനോ ഇന്ത്യ കൈവരിച്ച വിജയം കമ്പനിയെ പ്രേരിപ്പിച്ചിട്ടുണ്ട്. അതിനാൽ അവിടെ കാർ നിർമിക്കാന് ആവശ്യമായ ഘടകങ്ങളാവും റെനോ ഇന്ത്യ ലഭ്യമാക്കുക. ചില ഘടകങ്ങളുടെ കയറ്റുമതി ആരംഭിച്ചു കഴിഞ്ഞതായും സാഹ്നി വെളിപ്പെടുത്തി.

ആഭ്യന്തര വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ റെനോയെ തുണച്ച ‘ക്വിഡ്’ കയറ്റുമതിയിലും കമ്പനിക്കു പ്രതീക്ഷ പകരുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ റെനോ ഇന്ത്യയുടെ കയറ്റുമതി 441 യൂണിറ്റായിരുന്നു; മുൻവർഷം ഇതേ കാലത്ത് വെറും 56 കാർ കയറ്റുമതി ചെയ്ത സ്ഥാനത്താണിത്.


‘ക്വിഡി’നുള്ള സ്വീകാര്യതയേറിയതോടെ ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ റെനോ നിസ്സാൻ കാർ നിർമാണശാലയിൽ മൂന്നാം ഷിഫ്റ്റും ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രതിമാസം 9,000 — 9,500 ‘ക്വിഡാ’ണു കമ്പനി ഉൽപ്പാദിപ്പിക്കുന്നതെന്ന് സാഹ്നി വെളിപ്പെടുത്തി.