‘ഡസ്റ്ററി’നു പരിമിതകാല പതിപ്പുമായി റെനോ

കോംപാക്ട് എസ് യു വി വിപണിയിലെ ശക്തമായ മത്സരം നേരിടാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ ‘ഡസ്റ്ററി’ന്റെ പരിമിതകാല പതിപ്പ് പുറത്തിറക്കി. സാഹസികർക്കും പര്യവേഷകർക്കും കൂട്ടായാണ് ‘ഡസ്റ്റർ എക്സ്പ്ലോറി’ന്റെ വരവെന്നാണു നിർമാതാക്കളുടെ അവകാശവാദം.രണ്ടു വകഭേദങ്ങളിലാണ് ഈ പരിമിതകാല പതിപ്പ് ലഭ്യമാവുക: ‘ഡസ്റ്റർ 85 പി എസ് ആർ എക്സ് എൽഎക്സ്പ്ലോർ’, ‘ഡസ്റ്റർ 110 പി എസ് ആർ എക്സ് എൽ എക്സ്പ്ലോർ’. കരുത്തുകുറഞ്ഞ മോഡലിന് 9.99 ലക്ഷം രൂപയും കരുത്തേറിയ മോഡലിന് 11.10 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില.

സാങ്കേതിക വിഭാഗത്തിൽ മാറ്റമില്ലാതെ കെട്ടിലും മട്ടിലുമുള്ള പരിഷ്കാരങ്ങളോടെയാണ് ‘ഡസ്റ്റർ എക്സ്പ്ലോറി’ന്റെ വരവ്. മുന്നിൽ ഡാർക്ക് ക്രോം ഗ്രിൽ, സ്കിഡ് പ്ലേറ്റ്, പുത്തൻ റേസിങ് സ്ട്രൈപ്, അനുബന്ധ ഫോഗ് ലാംപിനായി ഫ്രണ്ട് ആർമർ, സ്മോക്ഡ് ഹെഡ്ലാംപ്, ‘ഡസ്റ്റർ’ എന്ന് ആലേഖനം ചെയ്ത, ഡാർക്ക് ക്രോം ഫിനിഷറോടെയുള്ള ടെയിൽഗേറ്റ് എന്നിവയൊക്കെയാണു പ്രധാന പരിഷ്കാരങ്ങൾ. ബി ഡി പില്ലറുകളിൽ മാറ്റ് ബ്ലാക്ക് സ്ട്രിപ്പുകൾ ഇടംപിടിച്ചതും ഹുഡ്ഡിലും പാർശ്വങ്ങളിലും ഗ്രാഫിക്സ് പതിച്ചതുമൊക്കെയാണു മറ്റു പുതുമകൾ. ഡാർക്ക് ആന്ത്രസൈറ്റ് അലോയ് വീലിന്റെ മധ്യത്തിലാവട്ടെ നൂവോ ഓറഞ്ച് ഹൈലൈറ്റും നൽകിയിട്ടുണ്ട്.

പരിമിതകാല പതിപ്പിന്റെ അകത്തളത്തിലാകെ ഓറഞ്ച് സ്പർശമാണ്. ഡോർ ഹാൻഡിലുകളിലെ ക്രോമിയം സ്പർശത്തിനു പുറമെ ഓറഞ്ച് ഡോർ ട്രിം ഫാബ്രിക് ഇൻസർട്ടും, നൂവോ ഓറഞ്ച് തീമിലുള്ള സീറ്റ് ഫാബ്രിക് അപ്ഹോൾസ്ട്രിയും ഓറഞ്ച് സ്റ്റിച് മാർക്കുള്ള ഗീയർ ഷിഫ്റ്റ് ബെല്ലോയും പാർക്കിങ് ബ്രേക്കിന്റെ ക്രോം നോബും എയർ കണ്ടീഷനിങ് വെന്റുകൾക്കുള്ള ഓറഞ്ച് ഔട്ട്ലൈനും ഓറഞ്ച് സ്റ്റിച് മാർക്കുള്ള ലതർ സ്റ്റീയറിങ് വീലും ഓറഞ്ച് അനൊഡൈസ്ഡ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ഓറഞ്ച് ഔട്ട്ലൈനും ‘ഡസ്റ്റർ ബ്രാൻഡി’ങ്ങുമുള്ള ഫ്ളോർ മാറ്റുമൊക്കെയാണ് ഈ ‘ഡസ്റ്ററി’ലുള്ളത്.

രണ്ട് പവർ ഔട്ട്പുട്ടിലെത്തുന്ന 1.5 ലീറ്റർ, ഡി സി ഐ ഡീസൽ എൻജിനാണ് ‘ഡസ്റ്റർ എക്സ്പ്ലോറി’നും കരുത്തേകുന്നത്. 110 പി എസ് കരുത്തുള്ള എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 85 പി എസ് എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമാണ് ഗീയർബോക്സ്. കരുത്തേറിയ എൻജിന് 19.64 കിലോമീറ്ററും കരുത്തു കുറഞ്ഞ എൻജിന് 19.87 കിലോമീറ്ററുമാണു റെനോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

‘ഡസ്റ്ററി’ലൂടെ ഇന്ത്യൻ വാഹന ലോകത്തു പുതിയ വിഭാഗം സൃഷ്ടിച്ചത് റെനോയാണ്; അതിനാൽ ‘ഡസ്റ്റർ’ തന്നെയാവും തുടർന്നും രാജ്യത്തെ എസ് യു വി വിഭാഗത്തിൽ നിലവാരം നിർണയിക്കുകയെന്നു റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അവകാശപ്പെട്ടു. ഇന്ത്യയ്ക്കായി റെനോ തയാറാക്കിയ പദ്ധതിയിൽ ‘ഡസ്റ്ററി’നു സുപ്രധാന സ്ഥാനമുണ്ട്. ‘ഡസ്റ്ററി’ന്റെ പുതുമയും സമകാലികതയുമൊന്നും നഷ്ടമാവാതെ നിലനിർത്താൻ കമ്പനി തീവ്രശ്രമം നടത്തുമെന്നും സാഹ്നി വ്യക്തമാക്കി.