‘ക്വിഡും’ ‘ഡസ്റ്ററു’മായി റെനോ നേപ്പാളിൽ

ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ കാറുകൾ നേപ്പാളിലും വിൽപ്പനയ്ക്കെത്തി. എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡും’ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഡസ്റ്ററു’മാണു കമ്പനി തുടക്കത്തിൽ നേപ്പാളിൽ ലഭ്യമാക്കുക. രാജ്യത്തു വാഹന വിൽപ്പന ആരംഭിച്ചതിനു റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നിയെ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ധഹാൽ അഭിനന്ദിച്ചു. ഒപ്പം കമ്പനിയുടെ നേപ്പാളിലെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആവശ്യമായ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

സാർക് മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണു റെനോ ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാൾ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. റെനോ ഇന്ത്യ നിർമിച്ച വാഹനങ്ങൾ വിശാൽ ഗ്രൂപ്പാണു നേപ്പാളിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. റെനോ സ്റ്റോർ എന്ന ആശയം മുൻനിർത്തിയാണു വിശാൽ ഗ്രൂപ്പിന്റെ ഭാഗമായ അഡ്വാൻസ്ഡ് ഓട്ടമൊബീൽസ് നേപ്പാളിലെ റെനോ ഷോറൂമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തുടക്കമെന്ന നിലയിലാണ് അഡ്വാൻസ്ഡ് ഓട്ടമൊബീൽസ് ‘ക്വിഡി’നെയും ‘ഡസ്റ്ററി’നെയും നേപ്പാളിൽ വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. ക്രമേണ റെനോ ഇന്ത്യ ശ്രേണിയിലെ മറ്റു മോഡലുകളും ഈ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ.

ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ റെനോ നിസ്സാൻ നിർമാണശാലയിൽ നിന്നെത്തുന്ന ‘ക്വിഡി’ന്റെ 98 ശതമാനത്തോളം യന്ത്രഘടകങ്ങളും പ്രാദേശികമായി സമാഹരിച്ചവയാണ്. നേപ്പാൾ വാഹന വിപണിയിൽ ഏറ്റവുമധികം വളർച്ച കൈവരിക്കുന്നത് എസ് യു വികളും ഹാച്ച്ബാക്കുകളുമാണെന്നാണു റെനോയുടെ വിലയിരുത്തൽ. വിവിധ വിപണികളിൽ മികച്ച സ്വീകരണം നേടിയ ‘ക്വിഡി’നും ‘ഡസ്റ്ററി’നും നേപ്പാളിലും ആ വിജയം ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണു റെനോ.