മോട്ടോ ജി പി: യമഹയ്ക്കൊപ്പം തുടരുമെന്നു റോസി

Valentino Rossi

അടുത്ത രണ്ടു സീസണുകളിൽ കൂടി മോട്ടോ ജി പി ചാംപ്യൻഷിപ്പിൽ ജാപ്പനീസ് നിർമാതാക്കളായ യമഹയ്ക്കു വേണ്ടി മത്സരിക്കുമെന്ന് ഇറ്റാലിയൻ റൈഡറായ വാലന്റീനൊ റോസി. 2017, 2018 സീസണുകളിലും ട്രാക്കിലിറങ്ങുമെന്നു പ്രഖ്യാപിച്ചതോടെ വയസ് 40 ആവുംവരെ റോസി മോട്ടോ ജി പിയിൽ തുടരുമെന്നും ഉറപ്പായി. യമഹയുമായുള്ള കരാർ 2018 മോട്ടോ ജി പി സീസൺ വരെ ദീർഘിപ്പിച്ചെന്ന് ഒൻപതു പ്രാവശ്യം ലോക ചാംപ്യൻഷിപ് സ്വന്തമാക്കിയിട്ടുള്ള റോസി തന്നെയാണു വെളിപ്പെടുത്തിയത്. കരാർ തുടരാനുള്ള തീരുമാനത്തിൽ തൃപ്തനാണെന്നു വ്യക്തമാക്കിയ റോസി, മത്സരക്ഷമത നിലനിർത്താൻ കഴിയുന്നിടത്തോളം മോട്ടോ ജി പിയിൽ തുടരുമെന്നും അറിയിച്ചു. മത്സരങ്ങളും കടുത്ത പോരാട്ടവും വെല്ലുവിളിയുമൊക്കെ ആസ്വദിക്കുമ്പോൾ കളമൊഴിയേണ്ട കാര്യമില്ലെന്നായിരുന്നു കഴിഞ്ഞ മാസം 37—ാം വയസ്സിലേക്കു പ്രവേശിച്ച റോസിയുടെ നിലപാട്.

Valentino Rossi

ഖത്തറിലെ ലൊസെയ്ലിൽ ഫ്ളഡ്ലിറ്റ് ട്രാക്കിൽ നടക്കുന്ന മത്സരത്തോടെയാണു മോട്ടോ ജി പിയുടെ പുതിയ സീസൺ തുടങ്ങുന്നത്. നിലവിലുള്ള ലോക ചാംപ്യനായ ജോർജ് ലൊറെൻസൊയ്ക്കൊപ്പം യമഹയ്ക്കായി ട്രാക്കിലിറങ്ങുമ്പോൾ റോസിയുടെ ലക്ഷ്യം കഴിഞ്ഞ സീസണിൽ ഖത്തറിൽ നേടിയ വിജയം ആവർത്തിക്കുകയാവും. ഗ്രാൻപ്രി ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാലം മത്സരരംഗത്തു തുടർന്ന റൈഡറാണു റോസി. 125 സി സി വിഭാഗത്തിൽ 1996ൽ നേടിയ ആദ്യ വിജയവുമായി ജൈത്രയാത്ര ആരംഭിച്ച റോസി ഏറ്റവുമൊടുവിൽ ജയിച്ചത് കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു; ബ്രിട്ടീഷ് ജി പിയിൽ. ജനപ്രീയിയിലും മുൻനിരയിലുള്ള റോസിയെ റേസിങ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റൈഡറായി വിലയിരുത്തുന്നവരും കുറവല്ല. മോട്ടോ ജി പിയിൽ ഏഴു തവണ ലോക ചാംപ്യനായിട്ടുള്ള ട്രാക്കിലെ ‘ഡോക്ടർ’ കഴിഞ്ഞ സീസണിൽ നാലു തവണയാണു ജേതാവായത്; ഒപ്പം 15 പ്രാവശ്യം വിജയപീഠത്തിൽ ഇടം പിടിക്കുകയും ചെയ്തു. മോട്ടോ ജി പിയിൽ റോസി നേടിയ 86 വിജയങ്ങളിൽ അൻപത്തി മൂന്നും യമഹയ്ക്കൊപ്പമായിരുന്നു; ഒപ്പം ഏഴു ലോക ചാംപ്യൻഷിപ്പിൽ നാലെണ്ണത്തിൽ പങ്കാളിയായതും യമഹ തന്നെ. രണ്ടു സീസണിൽ ഡ്യുകാറ്റിക്കൊപ്പം ക്ലേശിച്ചു മത്സരിച്ച ശേഷമായിരുന്നു 2013ൽ റോസി യമഹയിലേക്കു തിരിച്ചെത്തിയത്.

Valentino Rossi

ഏപ്രിലിയയ്ക്കൊപ്പം 125 സി സി, 250 സി സി ചാംപ്യൻഷിപ്പുകൾ നേടിയ റോസി മോട്ടോ ജി പിയിൽ മൂന്നു തവണ ചാംപ്യനായത് ഹോണ്ടയ്ക്കൊപ്പമായിരുന്നു. ഗ്രാൻപ്രി റേസിങ്ങിൽ മൊത്തം 112 വിജയങ്ങളാണു റോസിയുടെ പേരിലുള്ളത്; 1964 — 1977 കാലത്തു കളം വാണ ഇറ്റാലിയൻ റൈഡർ ജിയാകൊമോ അഗൊസ്തിനി മാത്രമാണ് വിജയങ്ങളുടെ എണ്ണത്തിൽ(122) റോസിക്കു മുന്നിലുള്ളത്. ടീമിൽ തുടരാൻ റോസി തീരുമാനിച്ചത് യമഹ ആരാധകർക്കു മാത്രമല്ല മോട്ടോ ജി പിയെ സ്നേഹിക്കുന്നവർക്കെല്ലാം സന്തോഷ വാർത്തയാണെന്നായിരുന്നു യമഹ മോട്ടോർ റേസിങ് മാനേജിങ് ഡയറക്ടർ ലിൻ ജാർവിസിന്റെ പ്രതികരണം. പുതിയ സീസണ് ഇതിലും മികച്ച തുടക്കം കിട്ടാനില്ലെന്നും അദ്ദേഹം കരുതുന്നു. ജീവന്മരണ പോരാട്ടത്തിനുറച്ചാണ് 2013ൽ റോസി തറവാടായ യമഹയിലേക്കു മടങ്ങിയെത്തിയത്. പുതിയ കരാറോടെ റോസിയുടെ റേസിങ് കരിയർ പൂർത്തിയാവുന്നതും യമഹയ്ക്കൊപ്പമാണെന്ന് ഏറെക്കുറെ ഉറപ്പാണെന്നു ജാർവിസ് അഭിപ്രായപ്പെട്ടു.