എയർബാഗ്: റഷ്യയിൽ 1.36 ലക്ഷം കാർ തിരിച്ചുവിളിച്ചു ഹോണ്ട

എയർ ബാഗ് തകരാറിന്റെ പേരിൽ റഷ്യയിൽ 1.36 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഹോണ്ട ഒരുങ്ങുന്നു. 2005 — 2016 കാലത്തു നിർമിച്ചു നിരത്തിലെത്തിയ 1,35,168 കാറുകൾ തിരിച്ചുവിളിക്കുമെന്നാണു പ്രാദേശിക വിതരണക്കാരായ ഹോണ്ട മോട്ടോർ റസ് അറിയിച്ചതെന്നു റഷ്യൻ സ്റ്റാൻഡേഡ് ഏജൻസി റോസ്റ്റൻഡാർട് അറിയിച്ചു. ഇതോടൊപ്പം 323 ‘അക്യൂറ’ കാറുകളും കമ്പനി തിരിച്ചുവിളിക്കുന്നുണ്ട്.

നിർമാണത്തിലെ പാളിച്ച മൂലം എയർബാഗുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കില്ലെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണു കാറുകൾ തിരിച്ചുവിളിക്കുന്നതെന്നാണ് ഹോണ്ട മോട്ടോർ റസിന്റെ വിശദീകരണം. ഹോണ്ടയ്ക്കു കൂടി പങ്കാളിത്തമുള്ള തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകളുടെ സാങ്കേതികപിഴവിന്റെ പേരിൽ ഹോണ്ടയടക്കമുള്ള ജാപ്പനീസ് നിർമാതാക്കൾ ആഗോളതലത്തിൽ കോടിക്കണക്കിനു വാഹനങ്ങളാണു തിരിച്ചുവിളിച്ചു പരിശോധിച്ചത്. വിന്യാസവേളയിൽ എയർബാഗിലെ ഇൻഫ്ളേറ്റർ പൊട്ടിത്തെറിച്ച് മൂർച്ചയേറിയ വസ്തുക്കൾ ചിന്നിച്ചിതറാനുള്ള സാധ്യതയാണു കാർ യാത്രികർക്കു ഭീഷണി സൃഷ്ടിക്കുന്നത്.