ടെസ്‌ല ‘മോഡൽ ത്രീ’: ബാറ്ററി ലഭ്യമാക്കാൻ സാംസങ്ങും

Tesla Model 3

ആഡംബര വൈദ്യുത കാർ നിർമാതാക്കളായ ടെസ്‌ല മോട്ടോഴ്സിനു ബാറ്ററി ലഭ്യമാക്കാൻ കൊറിയയിൽ നിന്നുള്ള സാംസങ് എസ് ഡി ഐ തയാറെടുക്കുന്നു. ടെസ്‌ലയുടെ പുതിയ കാറായ ‘മോഡൽ ത്രീ’ക്കു മാത്രമല്ല മറ്റ് ഊർജ സംഭരണ ഉൽപന്നങ്ങൾക്ക് ആവശ്യമായ ബാറ്ററികളും ലഭ്യമാക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പിടാനാണു സാംസങ് എസ് ഡി ഐ ഒരുങ്ങുന്നതെന്നാണു സൂചന. ജാപ്പനീസ് നിർമാതാക്കളായ പാനസോണിക്കിനു പുറമെ കൊറിയൻ കമ്പനിയായ സാംസങ് എസ് ഡി ഐയിൽ നിന്നും ടെസ്‌ല ബാറ്ററി വാങ്ങുമെന്നു നിക്കൈ ഏഷ്യൻ റിവ്യുവാണു റിപ്പോർട്ട് ചെയ്തത്. ചർച്ചകൾ രഹസ്യമായാണു പുരോഗമിക്കുന്നതെന്നും പ്രസിദ്ധീകരണം വ്യക്തമാക്കി. അതേസമയം വാർത്തകളോടു പ്രതികരിക്കാൻ സാംസങ് എസ് ഡി ഐ വക്താവ് വിസമ്മതിക്കുകയും ചെയ്തു. ‌‌

Tesla Model 3

ടെസ്‌ല മോട്ടോഴ്സ് ഇൻകോർപറേറ്റഡിന്റെ ബാറ്ററി നിർമാണശാലയ്ക്കു വാഗ്ദാനം ചെയ്ത നിക്ഷേപം ആവശ്യമെങ്കിൽ നേരത്തെയാക്കാമെന്നു ജാപ്പനീസ് ഇലക്ട്രോണിക്സ് ഗ്രൂപ്പായ പാനസോണിക് കോർപറേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭാവി സെഡാനായ ‘മോഡൽ ത്രീ’ക്കു പ്രതീക്ഷിക്കുന്ന വർധിച്ച ആവശ്യം നിറവേറ്റാനായാണു ടെസ്‌ല പുതിയ ബാറ്ററി നിർമാണശാല സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
മൊത്തം 500 കോടി ഡോളർ (ഏകദേശം 33374.97കോടി രൂപ) ചെലവിൽ ടെ‌സ്‌ല സ്ഥാപിക്കുന്ന ‘ഗീഗഫാക്ടറി’യിൽ ഘട്ടം ഘട്ടമായി 160 കോടി ഡോളർ (10680 കോടിയോളം രൂപ) നിക്ഷേപിക്കാനാണു പാനസോണിക് തീരുമാനിച്ചിരിക്കുന്നത്. അത്യാധുനിക കാർ ബാറ്ററികളുടെ നിർമാണം ഇക്കൊല്ലം തന്നെ ആരംഭിക്കാനാണു ടെസ്ല മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. ടെസ്‌ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ‘മോഡൽ ത്രീ’ക്കുള്ള ബുക്കിങ്ങിന് ഉജ്വല വരവേൽപ്പാണു വിപണി നൽകിയത്. അതുകൊണ്ടുതന്നെ 2018നകം വാർഷിക ഉൽപ്പാദനശേഷി അഞ്ചു ലക്ഷം യൂണിറ്റോളമായി ഉയർത്താനും ടെസ്‌ല ലക്ഷ്യമിട്ടിട്ടുണ്ട്; മുമ്പ് നിശ്ചയിച്ചതിലും രണ്ടു വർഷം നേരത്തെയാണിത്.

Tesla Model 3

ഉൽപ്പാദനശേഷി ഉയർത്താനായി 140 കോടി ഡോളറി(ഏകദേശം 9345 കോടി രൂപ)ന്റെ മൂലധനനിക്ഷേപം സമാഹരിക്കാനും ടെസ്‌ല മോട്ടോഴസ് തയാറെടുക്കുന്നുണ്ട്. വർധിപ്പിച്ച വാർഷിക ഉൽപ്പാദനലക്ഷ്യം കൈവരിക്കാനുള്ള മൂലധന സമാഹരണത്തിനായി 68 ലക്ഷം ഓഹരികൾ പൊതുജനങ്ങൾക്കു വിൽക്കുമെന്നാണു ടെസ്‌ല മോട്ടോഴ്സ് നൽകുന്ന സൂചന. അടുത്ത വർഷം ആദ്യം കാർ കൈമാറാമെന്ന പ്രതീക്ഷയിൽ 3.73 ലക്ഷത്തോളം ബുക്കിങ്ങുകളാണ് ‘മോഡൽ ത്രീ’ക്കായി ടെസ്ല സ്വീകരിച്ചത്. ‘മോഡൽ എസ്’, ‘മോഡൽ എക്സ്’ എന്നിവയ്ക്കൊപ്പം ‘മോഡൽ ത്രീ’ കൂടി ചേരുന്നതോടെയാവും വാർഷിക ഉൽപ്പാദനം അഞ്ചു ലക്ഷം യൂണിറ്റോളമെത്തുകയെന്നും ടെസ്‌ല മോട്ടോഴ്സ് വിശദീകരിച്ചിട്ടുണ്ട്. ‌

Tesla Model 3

മൂലധന സമാഹരണത്തിനൊപ്പം തന്റെ പക്കലുള്ള 28 ലക്ഷം ഓഹരികൾ വിറ്റൊഴിയാനും കമ്പനി സ്ഥാപകൻ എലോൺ മസ്ക് തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഈ വിൽപ്പനയിൽ നിന്നുള്ള വരുമാനം മസ്ക് കമ്പനിക്കുകൈമാറില്ല; പകരം നികുതി ബാധ്യത ഒഴിവാക്കാനാവും അദ്ദേഹം ഈ തുക വിനിയോഗിക്കുക. അതേസമയം, ആവശ്യമേറിയാൽ 82 ലക്ഷം ഓഹരി വരെ വിൽക്കാൻ സന്നദ്ധമാണെന്നും ടെസ്‌ല മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി 170 കോടി ഡോളർ(ഏകദേശം 11347.49 കോടി രൂപ) വരെ സമാഹരിക്കാമെന്നും കമ്പനി കരുതുന്നു.