സന്ദീപ് സിങ് ഇനി ടാറ്റ ഹിറ്റാച്ചി കൺസ്ട്രക്ഷനെ നയിക്കും

ടൊയോട്ട കിർലോസ്കർ മോട്ടോർ ഡപ്യൂട്ടി മാനേജിങ് ഡയറക്റായിരുന്ന സന്ദീപ് സിങ് നിർമാണമേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ടാറ്റ ഹിറ്റാച്ചി കൺസ്ട്രക്ഷൻ മെഷീനറിയിൽ ചേരുന്നു. ഓഗസ്റ്റ് ഒന്നു മുതലാണു സിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേൽക്കുക. മുമ്പ് ടൊയോട്ടയ്ക്കൊപ്പം ജോലി ചെയ്തിരുന്നതു പോലെ ബെംഗളൂരൂ ആസ്ഥാനമായിട്ടാവും ഇത്തവണയും അദ്ദേഹത്തിന്റെ പ്രവർത്തനം.

സന്ദീപ് സിങ് എത്തുന്നതോടെ ഏറെക്കാലമായി ടാറ്റ ഹിറ്റാച്ചി കൺസ്ട്രക്ഷൻ മെഷീനറിയെ നയിക്കുന്ന രണവീർ സിൻഹ സീനിയർ അഡ്വൈസർ സ്ഥാനത്തേക്കു മാറും. ടി കെ എം ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനം വിട്ടശേഷം ബാങ്കോക്കിൽ ടൊയോട്ടയുടെ ഏഷ്യ പസഫിക് ഓഫിസിൽ എൻജിനീയറിങ്, മാനുഫാക്ചറിങ് വിഭാഗങ്ങളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് മാനേജിങ് കോഓർഡിനേറ്ററായി പ്രവർത്തിക്കുമ്പോഴാണു സിങ് കമ്പനിയിൽ നിന്നു രാജിവച്ചത്.

വിൽപ്പന, വിപണന, ഉപഭോക്തൃ സേവന വിഭാഗങ്ങൾക്കു പുറമെ പൊതുവായ മാനേജ്മെന്റിലുമായി സന്ദീപ് സിങ്ങിനു യാത്രാവാഹന, ട്രാക്ടർ നിർമാതാക്കൾക്കൊപ്പം മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന പ്രവർത്തന പരിചയമുണ്ട്. നിർമാണ ഉപകരണ ഉൽപ്പാദകരായ ജെ സി ഇ ഇന്ത്യയിൽ 2003 മുതൽ 2008 വരെ പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുകമായാണു സിങ് ഇപ്പോൾ ടാറ്റ ഹിറ്റാച്ചിയിലെത്തുന്നത്. ജെ സി ബിയിൽ വിൽപ്പന, വിപണന, ഉപഭോക്തൃ സേവന വിഭാഗങ്ങളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിട്ടായിരുന്നു സിങ്ങിന്റെ പ്രവർത്തനം; ഇക്കാലത്തിനിടെ കമ്പനിയുടെ വിൽപ്പനയും ലാഭവും പല മടങ്ങ് വർധിപ്പിച്ചതിന്റെ ഖ്യാതിയും അദ്ദേഹത്തിനു തന്നെ.

പിന്നീട് ഇന്ത്യയിൽ ടൊയോട്ടയുടെ പ്രവർത്തനത്തിനു വിജയകരമായ തുടക്കമിട്ടതും സിങ്ങിന്റെ നേതൃപാടവമായിരുന്നു; ഇന്തൊനീഷൻ വിപണി വാണിരുന്ന വിവിധോദ്ദേശ്യവാഹന(എം പി വി)മായ ‘കിജാങ്ങി’ന്റെ മൂന്നാം തലമുറയെ ‘ക്വാളിസ്’ എന്ന പേരിൽ വിൽപ്പനയ്ക്കെത്തിച്ചായിരുന്നു ഇന്ത്യയിൽ ടി കെ എമ്മിന്റെ തുടക്കം. ‘ക്വാളിസ്’ പിന്നീട് ‘ഇന്നോവ’യ്ക്കു വഴി മാറിയപ്പോഴും പുതു മോഡലുകളായ ‘എത്തിയോസും’ ‘ലിവ’യും എത്തിയപ്പോഴുമെല്ലാം സിങ് നേതൃസ്ഥാനത്തു തുടർന്നു. വിദേശത്തു നിന്നെത്തിയ എതിരാളികൾ പലരും ഇന്ത്യയിൽ ചുവടുറപ്പിക്കാൻ പാടുപെട്ടപ്പോൾ ടി കെ എമ്മിന് അഞ്ചു ശതമാനത്തിലേറെ വിപണി വിഹിതം നേടിക്കൊടുക്കുന്നതിലും സന്ദീപ് സിങ് വിജയം കണ്ടു.

ഇതുവരെ മൂന്നു പ്രാവശ്യമാണു സന്ദീപ് സിങ് ടൊയോട്ടയ്ക്കൊപ്പം പ്രവർത്തിച്ചത്. 1984 — 1994 കാലത്ത് ഡി സി എം ഗ്രൂപ്പുമായി സഹകരിച്ചു ടൊയോട്ട ലഘുവാണിജ്യ വാഹന(എൽ സി വി)മായ ‘ഡി സി എം ടൊയോട്ട ഡൈന’ പുറത്തിറക്കിയപ്പോഴും 1998 — 2003 കാലത്ത് കിർലോസ്കർ ഗ്രൂപ്പിനൊപ്പം ടൊയോട്ട എം പി വിയും കാറും പുറത്തിറക്കുമ്പോഴും സിങ് രംഗത്തുണ്ടായിരുന്നു. തുടർന്ന് 2008 മുതൽ 2015 വരെ ടി കെ എമ്മിന്റെ നേതൃനിരയിലും അദ്ദേഹം ഇടം നേടി.