ഷംന കാസിമിന്റെ പുത്തൻ ഔഡി

സിനിമാക്കാരുടെ ഇഷ്ട വാഹനമാണ് ഔഡി. മലയാള സിനിമയിലെ താരങ്ങളായ താരങ്ങൾ മുഴുവൻ ഔഡിയാണ് സ്വന്തമാക്കുന്നത്. സുരേഷ് ഗോപിക്കും, കുഞ്ചാക്കോ ബോബനും, ആസിഫ് അലിക്കും, റിമി ടോമിക്കും പിന്നാലെ ഔഡി സ്വന്തമാക്കിയത് അഭിനേത്രിയും നർത്തകിയുമായ ഷംന കാസിമാണ്. ഔഡിയുടെ ലക്ഷ്വറി എസ് യു വി ക്യൂ 5 ലാണ് താരത്തിന്റെ ഇനിയുള്ള യാത്ര. ഷംന ട്വിറ്ററിലൂടെയാണ് ഔഡി ക്യൂ 5 സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്.

ഔഡിയുടെ എസ് യു വി നിരയിലെ മികച്ച വാഹനങ്ങളിലൊന്നാണു ക്യൂ 5. 2008 ലാണ് ഔഡി ലക്ഷ്വറി കോംപാക്റ്റ് ക്രോസ്ഓവർ എസ് യു വിയായ ക്യൂ5 വിപണിയിലെത്തിക്കുന്നത്. തുടർന്ന് ഇന്ത്യയിലെത്തുന്ന വാഹനത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. മികച്ച കരുത്തും ലക്ഷ്വറി സൗകര്യങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ക്യൂ 5, ലക്ഷ്വറി എസ് യു വി പ്രേമികളുടെ ഇഷ്ട വാഹനമാണ്.

ഔഡി ക്യൂ5 ന്റെ ഡീസൽ മോഡൽ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയിലുള്ളത്. 1968 സിസി കപ്പാസിറ്റി എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 4200 ആർപിഎമ്മിൽ 174 ബിഎച്ച്പി കരുത്തും 1750 ആർപിഎമ്മിൽ 380 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. ഏകദേശം 49 ലക്ഷം മുതൽ 56 ലക്ഷം രൂപവരെയാണ് ക്യൂ5 എക്സ് ഷോറൂം വിലകൾ.