കാർ വാങ്ങൽ: വ്യവസ്ഥകൾ കർക്കശമാക്കി ഷാങ്ഹായ്

കാർ വാങ്ങാനുള്ള വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കി ചൈനയിലെ ഏറ്റവും വലിയ മെട്രൊപൊലിറ്റൻ നഗരമായ ഷാങ്ഹായ്. കാർ വാങ്ങുന്നതിനു മുന്നോടിയായുള്ള റജിസ്ട്രേഷൻ പ്ലേറ്റ് ലേലത്തിന്റെ വ്യവസ്ഥകളാണു ഷാങ്ഹായ് കർശനമാക്കിയത്. ലേലത്തിൽ പങ്കെടുക്കാനുള്ള അവസരം ഷാങ്ഹായ് നിവാസികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒപ്പം കഴിഞ്ഞ മൂന്നു വർഷമായി സോഷ്യൽ സെക്യൂരിറ്റി നികുതിയോ ആദായ നികുതിയോ മുടക്കമില്ലാതെ അടച്ചിട്ടുമുണ്ടാവണം. കൂടാതെ ലേലത്തിൽ പങ്കെടുക്കുന്നതിനു മുമ്പുള്ള വർഷം ഗതാഗത നിയമ ലംഘത്തിനു ശിക്ഷിക്കപ്പെട്ടിരിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ജൂലൈ 19 മുതലാണു പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിലെത്തുക; ഇതിനു മുന്നോടിയായി നിലവിൽ പ്ലേറ്റ് ലേലം നിർത്തിവച്ചിരിക്കുകയാണ്.

ഷാങ്ഹായ് അർബൻ — റൂറൽ കൺസ്ട്രക്ഷൻ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഡവലപ്മെന്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 25 ലക്ഷത്തോളം കാറുകളാണു നിലവിൽ ഈ നഗരത്തിലുള്ളത്. മലിനീകരണം നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് അഴിക്കാനുമായി ബെയ്ജിങ് അടക്കം പല പ്രധാന ചൈനീസ് നഗരങ്ങളും കാറുകൾ നേരിട്ടു വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പകരം വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ കർശന നിബന്ധനകൾ പാലിച്ച് ആദ്യം റജിസ്ട്രേഷൻ പ്ലേറ്റാണു സ്വന്തമാക്കേണ്ടത്. ബെയ്ജിങ് പോലുള്ള ചില നഗരങ്ങളിലാവട്ടെ ലോട്ടറി പോലെ നറുക്കെടുപ്പ് വഴിയാണു റജിസ്ട്രേഷൻ പ്ലേറ്റിന് അർഹതയുള്ളവരെ കണ്ടെത്തുന്നത്. പെട്രോൾ പോലുള്ള ഫോസിൽ ഇന്ധനം ഉപയോഗിക്കുന്ന കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കു പരിമിതമായ ലൈസൻസ് പ്ലേറ്റുകളാണു ഷാങ്ഹായ് മാസം തോറും അനുവദിക്കുക. ഇവിടെ നറുക്കെടുപ്പിനു പകരം ലേലം വഴിയാണു ലൈസൻസ് പ്ലേറ്റ് വിതരണം.