ആകർഷക വായ്പാ പദ്ധതിയുമായി സ്കോഡ ഇന്ത്യ

വിൽപ്പന മെച്ചപ്പെടുത്താനും കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ലക്ഷ്യമിട്ടു ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ പുതിയ വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചു. ‘റാപിഡ്’, ‘സുപർബ്’ എന്നിവ വാങ്ങുമ്പോൾ ഏഴു വർഷ കാലാവധിയുള്ള വായ്പകളാണു കമ്പനിയുടെ ഉപസ്ഥാപനമായ സ്കോഡ ഫിനാൻസ് അനുവദിക്കുന്നത്. പോരെങ്കിൽ ഈ പദ്ധതിയിൽ ആദ്യ ആറു മാസക്കാലം വെറും ഒരു രൂപ വീതം തിരിച്ചടച്ചാൽ മതിയെന്നും സ്കോഡ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

ഇതിനു പുറമെ പ്രതിവർഷം 7.99% പലിശ നിരക്കിലുള്ള വാഹന വായ്പയും സ്കോഡ ഫിനാൻസ് ലഭ്യമാക്കുന്നുണ്ട്. പ്രതിമാസത്തവണ(ഇ എം ഐ) ഒഴിവുള്ള പദ്ധതി പ്രകാരം അഞ്ചു വർഷത്തിനുള്ളിലാണു വായ്പ തിരിച്ചടയ്ക്കേണ്ടത്. കൂടാതെ സ്കോഡ ‘റാപിഡി’നൊപ്പം ദീർഘിപ്പിച്ച വാറന്റിയും റോഡ്സൈഡ് അസിസ്റ്റൻസ് പദ്ധതിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ രണ്ടു വർഷം നീളുന്ന വാറന്റിക്കു പുറമെ രണ്ടു വർഷത്തെ കൂടി കാലാവധിയുള്ളതാണ് എക്സ്റ്റൻഡഡ് വാറന്റിയും റോഡ്സൈഡ് അസിസ്റ്റൻസും.

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘യെതി’ക്കാവട്ടെ ഏഴു ശതമാനം പലിശയ്ക്കാണു സ്കോഡ ഓട്ടോ വായ്പ അനുവദിക്കുന്നത്; ‘യെതി’യുടെ ഫോർ ബൈ ടു വകഭേദത്തിനാണ് ഈ ആനുകൂല്യം. അഞ്ചു വർഷ കാലാവധിയുള്ള ഈ വായ്പാ പദ്ധതി ഈ മാസം 30 വരെ പ്രാബല്യത്തിലുണ്ടാവും.

നിലവിൽ നാലു മോഡലുകളാണു സ്കോഡ ഓട്ടോ ഇന്ത്യയിൽ വിൽക്കുന്നത്: ‘സുപർബ്’, ‘ഒക്ടേവിയ’, ‘യെതി’, ‘റാപിഡ്’ എന്നിവ.