സ്കോഡയുടെ പുത്തൻ എസ് യു വി ‘കോഡിയാക്’

Skoda Kodiaq

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോയുടെ പുതിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിന് ‘കോഡിയാക്’ എന്നു പേരിട്ടു. അലാസ്കയുടെ തെക്കൻ തീരത്തിനകലെയുള്ള ദ്വീപിൽ ജീവിക്കുന്ന കോഡിയാക് കരടിയിൽ നിന്നാണു സ്കോഡ വലിപ്പം കൂടി പുത്തൻ എസ് യു വിക്കുള്ള പേരു കണ്ടെത്തിയത്. ഈ ദ്വീപ്വാസികളായ അലുത്തിക്കുകളുടെ ഭാഷയിൽ നിന്നാണു കോഡിയാക് എന്ന പേരിന്റെ വരവ്.

Skoda Kodiaq

അലൂത്തിക് ഭാഷയോടുള്ള ആദരസൂചകമായിക്കൂടിയാണു പുതിയ എസ് യു വിക്ക് ‘കോഡിയാക്’ എന്ന പേരു സ്വീകരിക്കുന്നതെന്നാണു സ്കോഡ ഓട്ടോയുടെ പക്ഷം. ഏഴു പേർക്കു യാത്ര ചെയ്യാവുന്ന എസ് യു വിക്ക് 4.70 മീറ്ററാണു നീളം. അടുത്ത വർഷം ആദ്യത്തോടെ ‘കോഡിയാക്’ വിൽപ്പനയ്ക്കെത്തിക്കാനാണു സ്കോഡയുടെ നീക്കം. ഇതിനു മുന്നോടിയായി ഇക്കൊല്ലം രണ്ടാം പകുതിയിൽ തന്നെ സ്കോഡ ‘കോഡിയാക്’ അനാവരണം ചെയ്യുമെന്നാണു പ്രതീക്ഷ. ആഗോളതലത്തിൽ സ്കോഡയുടെ മൊത്തം വിൽപ്പന കഴിഞ്ഞ രണ്ടു വർഷമായി 10 ലക്ഷം യൂണിറ്റ് പിന്നിടുന്നുണ്ട്. പുത്തൻ മോഡൽ അവതരണങ്ങൾ വഴി വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനാണു സ്കോഡ ഓട്ടോയുടെ ശ്രമം.