ആദ്യം ‘ഒണിക്സ്’ പതിപ്പ്; പിന്നെ പുത്തൻ ‘ഒക്ടേവിയ’

എക്സിക്യൂട്ടീവ് സെഡാനായ ‘ഒക്ടേവിയ’യുടെ പരിഷ്കരിച്ച പതിപ്പ് ഇക്കൊല്ലം മധ്യത്തോടെ വിൽപ്പനയ്ക്കെത്തിക്കാനുള്ള ഒരുക്കത്തിലാണു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ. ഒപ്പം നിലവിലുള്ള മോഡൽ വിട പറയുന്നതു പ്രമാണിച്ച് കാറിന്റെ പരിമിതകാല പതിപ്പായി ‘ഒക്ടേവിയ ഒണിക്സ്’ അവതരിപ്പിക്കാനും സ്കോഡയ്ക്കു പദ്ധതിയുണ്ട്. ‘ഒക്ടേവിയ’യുടെ മുന്തിയ വകഭേദമായ ‘സ്റ്റൈൽ പ്ലസ്’ ആധാരമാക്കിയാവും സ്കോഡ ‘ഒണിക്സ്’ പതിപ്പ് സാക്ഷാത്കരിക്കുക. കറുപ്പ് നിറമാക്കിയ 16 ഇഞ്ച് ലോയ് വീൽ, വിങ് മിറർ ഹൗസിങ്, മുൻ ഗ്രിൽ, റിയർ സ്പോയ്ലർ എന്നിവയൊക്കെയാവും കാറിന്റെ പ്രധാന മാറ്റങ്ങൾ. വൈദ്യുത സഹായത്തോടെ 12 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, അഡാപ്റ്റീവ് ഹെഡ്ലാംപ്, പനോരമിക് സൺ റൂഫ് എന്നിവയും കാറിലുണ്ടാവും. അതേസമയം ‘ഒണിക്സി’ന്റെ അകത്തളമാവട്ടെ പൂർണമായും ‘ഒക്ടേവിയ സ്റ്റൈൽ പ്ലസി’ൽ നിന്നു കടംകൊണ്ടതാവും.

അതുപോലെ സാങ്കേതികവിഭാഗത്തിലും ‘ഒക്ടേവിയ ഒണിക്സി’ൽ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പെട്രോൾ, ഡീസൽ വകഭേദങ്ങളോടെ കാർ ലഭിക്കും. പെട്രോൾ വകഭേദത്തിനു കരുത്തേകുക പരമാവധി 180 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന 1.8 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാവും. ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ഗീയർബോക്സാണ് ഈ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ. ഡീസൽ കാറിൽ ഇടംപിടിക്കുക 143 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള രണ്ടു ലീറ്റർ എൻജിനാണ്; ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടമാറ്റിക് ഗീയർബോക്സാവും ഈ എൻജിനു കൂട്ട്.

‘ഒക്ടേവിയ ഒണിക്സി’ന്റെ 100 യൂണിറ്റ് മാത്രമാവും വിൽപ്പനയ്ക്കുണ്ടാവുകയെന്നാണ് സ്കോഡ ഓട്ടോ നൽകുന്ന സൂചന. സാധാരണ ‘സ്റ്റൈൽ പ്ലസി’നെ അപേക്ഷിച്ച് ‘ഒണിക്സ് എഡീഷ’ന്റെ വില 19,000 മുതൽ 22,000 രൂപ വരെ അധികമായേക്കും. ‘ഒക്ടേവിയ’യുടെ അടിസ്ഥാന വകഭേദത്തിന് പെട്രോൾ എൻജിനോടെ 21.50 ലക്ഷം രൂപയും ഡീസൽ എൻജിനോടെ 23.10 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിൽ വില. ‘ഒക്ടേവിയ’യ്ക്കു പുറമെ ‘റാപിഡി’ന്റെയും പ്രത്യേക പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡയ്ക്കു പദ്ധതിയുണ്ട്. ‘മൊണ്ടെ കാർലോ’ എഡീഷൻ എന്ന പേരിലാവും ‘റാപിഡി’ന്റെ പരിമിതകാല പതിപ്പിന്റെ വരവ്.