പുതിയ റാപ്പിഡ് അടുത്ത മാസം ആദ്യം

Skoda Rapid Monte Carlo

ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ തങ്ങളുടെ റാപ്പിഡ് സെ‍ഡാന്റെ പുതിയ മോ‍ഡലുമായി എത്തുന്നു. അടുത്തമാസം ആദ്യം പുറത്തിറങ്ങുന്ന കാറിന് അടുമുടി മാറ്റങ്ങളുണ്ടാകും എന്നാണ് കരുതുന്നത്. 2011 ൽ പുറത്തിറങ്ങിയ റാപ്പിഡിന് ഇതുവരെ കാര്യമായ മാറ്റങ്ങള്‍ വന്നിരുന്നില്ല. എന്നാൽ സമഗ്ര മാറ്റങ്ങളുമായിട്ടാകും പുതിയ റാപ്പിഡ് എത്തുക എന്നാണ് കമ്പനി അറിയിച്ചത്.

Skoda Rapid Monte Carlo

പുതിയ ഗ്രില്ലുകൾ, ബംബറുകൾ തുടങ്ങി മുന്നിലും പിന്നിലും കാര്യമായ മാറ്റങ്ങളുണ്ടാകും. കൂടാതെ പുതിയ ഒക്ടാവിയയിലൂടെ സ്കോഡ പുറത്തിറക്കിയ പുതിയ ഡിസൈനിലായിരിക്കും റാപ്പിഡും. ഫോക്സ്‌വാഗൻ അടുത്തിടെ പുറത്തിറക്കിയ കോംപാക്റ്റ് സെ‍ഡാൻ അമിയോക്ക് കരുത്തു പകരുന്ന എൻജിൻ തന്നെയാണ് റാപ്പിഡിലും. 1.5 ലീറ്റർ ഡീസൽ എൻജിൻ 110 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കും സമ്മാനിക്കും. എന്നാൽ നിലവിലെ പെട്രോൾ കാറിൽ‌ ഉപയോഗിക്കുന്ന 1.6 എൻജിന് കാര്യമായ മാറ്റങ്ങളുണ്ടാകില്ല. മാനുവൽ ട്രാൻസ്മിഷനെ കൂടാതെ രണ്ട് എൻജിൻ വകഭേദങ്ങളിലും ഏഴു സ്പീ‍ഡ് ഡിഎസ്ജി ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനുമുണ്ടാകും.

സി സെഗ്‌മെന്റ് സെഡാനുകളായ ഹോണ്ട സിറ്റി, ഫോക്സ്‌വാഗൻ വെന്റോ, ഹ്യുണ്ടേയ് വെർണ, മാരുതി സിയാസ് തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് റാപ്പിഡ് മത്സരിക്കുക. അടിമുടി മാറ്റങ്ങളുമായി എത്തുന്ന പുതിയ റാപ്പിഡ് വിപണിയിൽ സ്കോ‍ഡയ്ക്ക് മുൻതൂക്കം നൽകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വില സംബന്ധിക്കുന്ന വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.