റാപ്പിഡിന്റെ പുതിയ പതിപ്പെത്തുന്നു

Skoda Rapid Monte Carlo

ബ്രാൻഡിന്റെ ശാക്തീകരണത്തിനും വിൽപ്പന — വിപണന ശൃംഖല വിപുലീകരണത്തിനുമായി ഇന്ത്യയിൽ 100 കോടി രൂപ നിക്ഷേപിക്കാൻ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോ ഒരുങ്ങുന്നു. അടുത്ത വർഷത്തോടെ വിൽപ്പന 20,000 യൂണിറ്റിലെത്തിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ; ഇക്കൊല്ലത്തെ വിൽപ്പന 15,000 യൂണിറ്റെത്തുമെന്നും സ്കോഡ ഓട്ടോ കരുതുന്നു.മൂല്യം ഉറപ്പുനൽകുന്ന ആഡംബര കാർ നിർമാതാവെന്ന സ്ഥാനം ഉറപ്പാക്കാനാണു കമ്പനി ശ്രമിക്കുന്നതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുധീർ റാവു വിശദീകരിച്ചു. പുതിയ കോർപറേറ്റ് വ്യക്തിത്വം വികസിപ്പിക്കാനും കോർപറേറ്റ് ഡിസൈനിനും ഡിജിറ്റൽ എക്സ്പീരിയൻസ് മെച്ചപ്പെടുത്താനുമൊക്കെയാണു സ്കോഡ മുതൽ മുടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Skoda Rapid Monte Carlo

സ്കോഡ ഡീലർഷിപ്പുകളുടെ ഘടന ആകർഷകമാക്കുന്നതിനൊപ്പം കാർ ഉടമകൾക്കു മികച്ച അനുഭവം ഉറപ്പാക്കാനും ശ്രമം നടത്തും. നിലവിൽ ഇന്ത്യയിൽ 70 ഡീലർഷിപ്പുകളാണു സ്കോഡയ്ക്കുള്ളത്; ഇതിൽ 40 എണ്ണം ഇക്കൊല്ലം തന്നെ പുതിയ ശൈലിയിൽ രൂപകൽപ്പന ചെയ്യാനാണു കമ്പനിയുടെ തീരുമാനം. അവശേഷിക്കുന്നവയുടെ നവീകരണം അടുത്ത വർഷം പൂർത്തിയാക്കുമെന്നും റാവു വെളിപ്പെടുത്തി. പ്രാദേശിക എൻജിനീയറിങ്ങിന്റെ പിൻബലമുള്ള ‘റാപിഡി’ന്റെ പരിഷ്കരിച്ച പതിപ്പ്, പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘കോഡിയാക്’, ‘ഒക്ടേവിയ’യുടെ പുത്തൻ വകഭേദം(വി ആർ എസ്) എന്നിവ അടുത്ത 12 — 18 മാസത്തിനകം കമ്പനി പുറത്തിറക്കുമെന്നാണു സൂചന. എന്നാൽ പുതിയ മോഡൽ അവതരണത്തെക്കുറിച്ചു വിശദീകരിക്കാൻ റാവു വിസമ്മതിച്ചു.

Skoda Yeti

കഴിഞ്ഞ വർഷം 15,000 കാറുകളാണ് സ്കോഡ ഇന്ത്യയിൽ വിറ്റത്; ഇക്കൊല്ലം വിൽപ്പനയിൽ കാര്യമായ വളർച്ച കമ്പനി പ്രതീക്ഷിക്കുന്നില്ല. എന്നാൽ പുതിയ മോഡൽ അവതരണങ്ങളുടെ പിൻബലത്തിൽ 2017ൽ വിൽപ്പന 20,000 യൂണിറ്റിലെത്തിക്കാനാവുമെന്നാണു സ്കോഡയുടെ പ്രതീക്ഷ. വാഹനങ്ങളുടെ മുൻകാല സർവീസ് രേഖകൾ പരിശോധിക്കാനും സമീപത്തെ ഡീലർഷിപ് കണ്ടെത്താനുമൊക്കെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനായ ‘മൈസ്കോഡ’ കമ്പനി അടുത്ത മാസം അവതരിപ്പിക്കും. കൂടാതെ കമ്പനി സർവീസിലുള്ള കാറുകൾക്ക് നാലു വർഷ വാറന്റിയും സ്കോഡ ഓട്ടോ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.