ചൈൽഡ് ലോക്ക് തകരാർ: 539 കാർ തിരിച്ചുവിളിച്ചു സ്കോഡ

പിൻവാതിലിലെ ചൈൽഡ് ലോക്കിൽ നിർമാണതകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്നു പ്രീമിയം സെഡാനായ ‘ഒക്ടേവിയ’ തിരിച്ചുവിളിക്കാൻ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് കാർ നിർമാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയിൽ വിറ്റ 539 ‘ഒക്ടേവിയ’ കാറുകൾക്കാണു പരിശോധന ആവശ്യമായി വരിക. കഴിഞ്ഞ വർഷം നവംബറിനും ഈ ഏപ്രിലിനുമിടയ്ക്കു നിർമിച്ചു വിറ്റ 539 കാറുകളാണു പരിശോധനയുടെ പരിധിയിൽപെടുകയെന്നും സ്കോഡ ഇന്ത്യ വ്യക്തമാക്കി.

പിന്നിലെ രണ്ടു വാതിലുകളുടെയും മാനുവൽ ചൈൽഡ് ലോക്ക് പരിശോധിക്കാനാണു കമ്പനി ‘ഒക്ടേവിയ’ കാറുകൾ തിരിച്ചുവിളിക്കുന്നത്. പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ ഉടമകളെ സ്കോഡ സർവീസ് സെന്ററുകൾ നേരിട്ടു വിവരം അറിയിക്കും. സർവീസ് സെന്ററിലെത്തിച്ചാൽ 12 മിനിറ്റിനകം പരിശോധന പൂർത്തിയാക്കി നൽകുമെന്നാണു സ്കോഡയുടെ വാഗ്ദാനം. ആവശ്യമെങ്കിൽ തകരാറുള്ള ലോക്കുകൾ സൗജന്യമായി മാറ്റി നൽകാനാണു സ്കോഡയുടെ പദ്ധതി. വെറും 45 മിനിറ്റനകം അറ്റകുറ്റപ്പണി പൂർത്തിയാക്കി നൽകുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവിൽ നാലു മോഡലുകളാണു സ്കോഡ ഓട്ടോ ഇന്ത്യയിൽ വിൽക്കുന്നത്: ‘റാപിഡ്’, ‘യെതി’, ‘ഒക്ടേവിയ’, ‘സുപർബ്’. ‘ഒക്ടേവിയ’യ്ക്കാവട്ടെ ഡൽഹി ഷോറൂമിൽ 16.58 ലക്ഷം മുതൽ 22.41 ലക്ഷം രൂപ വരെയാണു വില.

കഴിഞ്ഞ ആഴ്ച മഹീന്ദ്ര ആൻഡ് മഹീന്ദ്രയും പിന്നിലെ ഡ്രൈവ് ഷാഫ്റ്റ് തകരാർ പരിഗണിച്ച് സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘റെക്സ്റ്റൻ’ തിരിച്ചുവിളിച്ചിരുന്നു. 2014 സെപ്റ്റംബറിനു മുമ്പു നിർമിച്ചു വിറ്റ വാഹനങ്ങൾക്കാണു പരിശോധന ആവശ്യമെന്നു മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു; എന്നാൽ എത്ര വാഹനങ്ങളാണു തിരിച്ചുവിളിക്കുന്നതെന്നു കമ്പനി വ്യക്തമാക്കിയില്ല.