7.50 ലക്ഷം യൂണിറ്റ് പിന്നിട്ടു സ്കോഡ ‘സുപർബ്’ ഉൽപ്പാദനം

ഫോക്സ് വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ ‘സൂപ്പർബി’ന്റെ ഉൽപ്പാദനം ഏഴര ലക്ഷം യൂണിറ്റിലെത്തി. വാസിനി ശാലയിൽ നിന്നാണു 2001 മുതൽ സ്കോഡയുടെ പടയോട്ടത്തിനു ചുക്കാൻ പിടിക്കുന്ന ‘സുപർബി’ന്റെ 7,50,000—ാമതു കാർ പുറത്തെത്തിയത്. ‘സുപർബി’ന്റെ മൂന്നാം തലമുറ മോഡൽ ജൂണോടെ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. കൂടാതെ ഇക്കൊല്ലം മുതൽ ചൈനയിൽ ‘സുപർബ്’ നിർമാണം ആരംഭിക്കാനും സ്കോഡ തീരുമാനിച്ചിട്ടുണ്ട്.

‘സുപർബ്’ കൈവരിച്ച മികച്ച വിജയത്തിനു തെളിവാണു കാറിന്റെ മൊത്തം ഉൽപ്പാദനം ഏഴര ലക്ഷം യൂണിറ്റിലെത്തിയതെന്നു സ്കോഡ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പ്രഫ. എച്ച് സി വിൻഫ്രൈഡ് വാലൻഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇടത്തരം വിഭാഗത്തിൽ ചെക്ക് റിപബ്ലിക്കിന്റെ കാർ നിർമാണ മികവിന്റെ പ്രതീകമായി മുന്നേറുകയാണു ‘സുപർബ്’ എന്നും അദ്ദേഹം അവകാശപ്പെട്ടു. ആഭ്യന്തര വിപണിയിൽ മാത്രമല്ല യൂറോപ്പും ചൈനയുമടക്കമുള്ള വിദേശ വിപണികളിലും വിജയം കൊയ്യാൻ ‘സുപർബി’നു കഴിഞ്ഞിട്ടുണ്ട്. ഈ വിജയത്തിന്റെ പിൻബലത്തിലാണു സ്കോഡ ‘സുപർബി’ന്റെ മൂന്നാം തലമുറയെ അണിയിച്ചൊരുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സാങ്കേതികവിദ്യ, മൂല്യം, രൂപകൽപ്പന, വശ്യത തുടങ്ങിയവയിലൊക്കെ പുതുനിർവചനം നൽകാൻ സ്കോഡയുടെ മോഡൽ ശ്രേണിക്കു കഴിയുന്നുണ്ട്. ഇതുവരെ സ്കോഡ അവതരിപ്പിച്ച മോഡലുകളെയെല്ലാം കടത്തിവെട്ടുന്ന പ്രകടനമാണു ‘സുപർബ്’ കാഴ്ചവച്ചതെന്നും അദ്ദേഹം വിലയിരുത്തി.

പുതിയ മോഡൽ ‘സുപർബി’ന്റെ നിർമാണം പ്രമാണിച്ച് സാങ്കേതികവിദ്യയിലും അസംബ്ലിയിലും ലോജിസ്റ്റിക്സിലുമൊക്കെ സ്കോഡ കനത്ത നിക്ഷേപം നടത്തിയിട്ടുണ്ട്. പുതിയ ‘സുപർബി’ന്റെ കാർ ബോഡി അസംബ്ലിയിൽ മാത്രം 170 കോടി ചെക്ക് റിപബ്ലിക് കൊറുണ(ഏകദേശം 440 കോടി രൂപ)യാണു സ്കോഡ മുടക്കിയിരിക്കുന്നത്.

കൂടാതെ വാസിനിയിലെ നിർമാണശാലയിൽ 720 കോടി കൊറുണ(1865 കോടിയോളം രൂപ) ചെലവ് പ്രതീക്ഷിക്കുന്ന വികസന പദ്ധതികൾ നടപ്പാക്കാനും സ്കോഡ തീരുമാനിച്ചിട്ടുണ്ട്. 2018ൽ വികസന പരിപാടി പൂർത്തിയാവുന്നതോടെ 1,300 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ. ഒപ്പം ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 2.80 ലക്ഷം യൂണിറ്റായും ഉയരും.