Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കോഡ: ഇക്കൊല്ലത്തെ വിൽപ്പന 10 ലക്ഷം പിന്നിട്ടു

skoda-superb-testdrive-8 Skoda Superb

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് നിർമാതാക്കളായ സ്കോഡയുടെ ആഗോളതലത്തിലെ വാഹന വിൽപ്പന ഇക്കൊല്ലവും 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. ‘സുപർബി’ന്റെ ഇതുവരെയുള്ള വിൽപ്പന 1.15 ലക്ഷം യൂണിറ്റാണ്; മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 85.2% അധികമാണിത്. പുതിയ സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘കോഡിയാക്’, നവീകരിച്ച ‘ഒക്ടേവിയ’ എന്നിവ എത്തുന്നതോടെ അടുത്ത വർഷം വിൽപ്പന ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണു സ്കോഡ.

ആധുനിക മോഡലുകളുടെ പിൻബലത്തിൽ രാജ്യാന്തര വിപണികളിൽ പുതിയ ഉപഭോക്തൃ മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനിക്കു കഴിയുമെന്നു സ്കോഡ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ബെൺഹാഡ് മേയർ അഭിപ്രായപ്പെട്ടു. വിൽപ്പനയിലെ വളർച്ചാനിരക്ക് അടുത്ത വർഷവും നിലനിർത്താൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു. പുതിയ എസ് യു വിയായ ‘കോഡിയൊക്’ ആവും അടുത്ത വർഷം സ്കോഡയ്ക്കായി പട നയിക്കുക. വളർച്ചാസാധ്യതയേറിയ എസ് യു വി വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ മോഡൽ സ്കോഡയെ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ചെറുകാറായ ‘ഫാബിയ’, കോംപാക്ട് ‘റാപിഡ്’ എന്നിവയുടെ വിൽപ്പനയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഫാബിയ’ വിൽപ്പനയിൽ 6.7 ശതമാനവും ‘റാപിഡ്’ വിൽപ്പനയിൽ ഏഴു ശതമാനവുമാണു വർധന. ‘ഒക്ടേവിയ’ വിൽപ്പനയിലും മികച്ച നേട്ടമുണ്ട്; ജനുവരി — ഒക്ടോബർ 3,61,700 യൂണിറ്റിന്റെ വിൽപ്പനയാണ് ‘ഒക്ടേവിയ’ കൈവരിച്ചത്. അടുത്ത വർഷവും വിൽപ്പന വളർച്ച പ്രതീക്ഷിക്കുന്ന സ്കോഡ ദീർഘകാലാടിസ്ഥാനത്തിലും മികച്ച പ്രകടനം തുടരാനാവുമെന്ന പ്രതീക്ഷയിലാണ്. ഇലക്ട്രോ മൊബിലിറ്റി, ഡിജിറ്റലൈസേഷൻ, പുതിയ മോഡലുകൾ, മൊബിലിറ്റി സേവനം, കണക്ടിവിറ്റി തുടങ്ങിയ മേഖലകളിലാണു സ്കോഡ ശ്രദ്ധ കേന്ദ്രീകരിക്കുക. രണ്ടു തലങ്ങളിലുള്ള വളർച്ചയാണു സ്കോഡ ലക്ഷ്യമിട്ടിരിക്കുന്നത്: വാഹനങ്ങളുടെ എണ്ണത്തിലുള്ള വർധനയ്ക്കൊപ്പം ഡിജിറ്റൽ മൊബിലിറ്റി സേവനം പോലെ പുതിയ ബിസിനസ് മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി പദ്ധതി തയാറാക്കുന്നുണ്ട്.  

Your Rating: