ഓൺലൈനായി കാറും വാങ്ങാം

സർവ്വസാധനങ്ങളും ഇപ്പോൾ ഓൺലൈനായാണ് വാങ്ങുന്നത്. മൊബൈൽ, വീട്ടു സാധാനങ്ങൾ തുടങ്ങി മത്സ്യം വരെ ഓൺലൈനായി വാങ്ങിക്കാൻ സൗകര്യമുണ്ടിപ്പോൾ. എന്നാൽ വാഹനങ്ങൾ സ്വന്തമാക്കണമെങ്കിൽ ഇപ്പോഴും കാലാകാലങ്ങളായി തുടരുന്ന രീതി തന്നെ തുടരണം. ഡീലർഷിപ്പിൽ പോകുക എക്സിക്യൂട്ടീവിനെ കാണുക തുടങ്ങിയ രീതികളിൽ നിന്നെല്ലാം ഇനി മുക്തി നേടാം.

വാഹനങ്ങൾ ഓണ്‍ ലൈനായി സ്വന്തമാക്കാനുള്ള അവസരം ഒരുക്കുകയാണ് പ്രമുഖ ഇ-ടെയിൽ ഷോപ്പായ സ്‌നാപ്ഡീൽ. വാഹനങ്ങളുടെ ഓൺലൈൻ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി സ്നാപ്പ് ഡീൽ ഓട്ടോമൊബൈലിന് മാത്രമായി പുതിയൊരു വിഭാഗം ആരംഭിച്ചു. സ്‌നാപ്ഡീൽ മോട്ടോഴ്‌സ് എന്ന പുതിയ ചാനലിലൂടെ കാറുകളും ബൈക്കുകളും ഇനി ഓൺലൈനായി വാങ്ങാം.

ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ വാഹനവിപണി എന്ന വിശേഷണത്തോടെയാണ് സ്‌നാപ്ഡീൽ മോട്ടോഴ്‌സിനു തുടക്കം കുറിച്ചത്. ഈ വർഷം ആദ്യ മഹീന്ദ്ര തങ്ങളുടെ എസ് യു വിയായ സ്കോർപ്പിയോയുടെ പുതിയ പതിപ്പ് പുറത്തിറക്കിയപ്പോൾ സ്നാപ്പ്ഡീൽ വഴി ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിരുന്നു. കൂടാതെ ഹീറോ, പിയാജിയോ തുടങ്ങിയ കമ്പനികളുടെ വാഹനങ്ങൾ ഇപ്പോൾ തന്നെ സ്നാപ്പ് ഡീലിൽ ലഭ്യമാണ്. മഹേന്ദ്ര, സുസുക്കി മോട്ടോർസൈക്കിൾസ്, ഡാറ്റ്‌സൺ വാഹനങ്ങൾ ഉടനെ വിൽപന ആരംഭിക്കും.

ഇതിനോടകം 3 ലക്ഷം ബൈക്കുകൾ ഓൺലൈനായി വിറ്റെന്നാണ് സ്‌നാപ്ഡീൽ അവകാശപ്പെടുന്നത്. ആവശ്യക്കാർക്ക് ചെറിയൊരു തുക അടച്ച് വാഹനങ്ങൾ ബുക്ക് ചെയ്യാം. തുടർന്ന് ലോൺ ആവശ്യമുള്ളവർക്ക് അതും ഓൺലൈനായി സംഘടിപ്പിക്കാം. സ്‌നാപ്ഡീൽ മോട്ടോഴ്‌സിൽ 5000 ഡീലർമാർ സഹകരിക്കുമെന്നാണ് പ്രതീക്ഷ.