സുസുക്കി ജിക്സർ 250 എത്തുന്നു

Gixxer SF 150

ഇന്ത്യൻ നിരത്തുകളിലുള്ള മികച്ച 150 സിസി ബൈക്കുകളിലൊന്നാണ് ജിക്സർ 150. പുറത്തിറങ്ങിയ നാൾ മുതൽ ആളുകളുടെ പ്രിയ ബൈക്കായി മാറിയ ജിക്സറിന്റെ 250 സിസി പുറത്തിറങ്ങുന്നു എന്നാണ് ഓൺലൈനിൽ നിന്നുള്ള വാർത്തകൾ. ജിക്സർ 150 ലഭിച്ച മികച്ച പ്രതികരണമാണ് 250 സിസി ബൈക്കിനെ പുറത്തിറക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്നാണ് കരുതുന്നത്.

Gixxer SF 150

സുസുക്കിയുടെ ജിഎസ്എക്സ്1000 എന്ന സൂപ്പർ‌ബൈക്കിൽ നിന്ന് പ്രചോദനം ഉൾ‌ക്കൊണ്ടുകൊണ്ടാണ് ജിക്സർ 250 യുടെ ഡിസൈൻ എന്നാണ് അറിയുന്നത്. മഹീന്ദ്ര മോജോ, ഹോണ്ട സിബിആർ 250, കാവസാക്കി നിഞ്ച തുടങ്ങിയ ബൈക്കുകളുമായിട്ടായിരിക്കും സുസുക്കി ജിക്സർ 250 മത്സരിക്കുക.

2016 ആദ്യം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ ബൈക്ക് പ്രദർശിപ്പിക്കുമെന്ന് ചില അനൗദ്യോഗിക റിപ്പോർട്ടുകൾ നൽകുന്ന സൂചന. 150 സിസി ജിക്സറിനെപ്പോലെ നേക്കഡ്, ഫെയേഡ് പതിപ്പുകൾ 250 സിസി ജിക്സറിനുണ്ടാകും. നേരത്തെ 250സിസി ഇനാസുമ മോഡല്‍ ഇന്ത്യയിലെത്തിയിരുന്നു . എന്നാൽ വിപണിയിൽ‌ നിന്നു ലഭിച്ച തണുപ്പൻ പ്രതികരണം മൂലം ബൈക്ക് കമ്പനി പിൻവലിക്കുകയായിരുന്നു. ജിക്സർ 250 പുറത്തിറങ്ങുന്ന വാർത്തകളെപ്പറ്റി കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.