ബൈക്കുകളിലും പുതുവർണങ്ങളുമായി സുസുക്കി

Suzuki Gixxer

ഉത്സവകാലത്തെ വരവേൽക്കാൻ സ്കൂട്ടറുകളെയും ബൈക്കുകളെയും അണിയിച്ചൊരുക്കുന്ന തിരക്കിലാണു സുസുക്കി. ഗീയർരഹിത സ്കൂട്ടറുകളായ ‘ലെറ്റ്സി’നും ‘സ്വിഷി’നും പിന്നാലെ ‘ജിക്സറി’ലും ‘ഹയാത്തെ’യിലുമാണ് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോൾ പരിഷ്കാരങ്ങൾ നടപ്പാക്കിയിരിക്കുന്നത്.

മാതൃസ്ഥാപനത്തിന്റെ പരമ്പരാഗത റേസിങ് വർണങ്ങളിൽ നിന്നു പ്രചോദിതമായാണു കമ്പനി ‘ജിക്സറി’നു പുത്തൻ നിറക്കൂട്ടുകൾ അവതരിപ്പിക്കുന്നത്. മെറ്റാലിക് ട്രൈറ്റൺ ബ്ലൂ/പേൾ മിറാഷ് വൈറ്റ്(നീലയും വെളുപ്പും), കാൻഡി ആന്ററെസ് റെഡ്/ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്(ചുവപ്പും കറുപ്പും) എന്നിവയാണു ‘ജിക്സർ’ ലഭ്യമാവുന്ന പുത്തൻ വർണസങ്കലനങ്ങൾ. പുതുവർണത്തിനൊപ്പം പുതിയ ബോഡി ഗ്രാഫിക്സ്, ക്ലിയർ ഇൻഡിക്കേറ്റർ ലെൻസ്, കളർ കോർഡിനേറ്റഡ് ഫ്രെയിം എന്നിവയും ബൈക്കിലുണ്ട്. ഇരട്ട വർണത്തിളക്കമുള്ള ‘ജിക്സറി’ന്റെ വിലയിലും വർധനയുണ്ട്; സാധാരണ മോഡലിനെ അപേക്ഷിച്ച് 1,100 രൂപ കൂടുതലാണു വില. ‘ജിക്സർ’ ശ്രേണിക്ക് 77,166 രൂപ മുതലാണു ഡൽഹി ഷോറൂമിലെ വില.

അതേസമയം ബൈക്കിന്റെ സാങ്കേതിക വിഭാഗത്തിൽ സുസുക്കി മാറ്റമൊന്നും വരുത്തിയിട്ടില്ല; ‘ജിക്സറി’നു കരുത്തേകുന്നത് 155 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ്. പരമാവധി 14.6 ബി എച്ച് പി കരുത്തും 14.02 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇതോടൊപ്പം ‘ഹയാത്തെ’യുടെ പരിഷ്കരിച്ച പതിപ്പും സുസുക്കി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്. ചുവപ്പ്, ഗ്രേ, വെളുപ്പ് എന്നിവയ്ക്കൊപ്പം കറുപ്പിന്റെ രണ്ടു ഷേഡിലും ലഭ്യമാവുന്ന ‘ഹയാത്തെ’യിൽ പുത്തൻ ഗ്രാഫിക്സുമുണ്ട്. കൂടാതെ പരിപാലനം ആവശ്യമില്ലാത്ത(എം എഫ്) ബാറ്ററിയും ട്യൂബ്രഹിത ടയറുകളും പരിഷ്കരിച്ച ‘ഹയാത്തെ’യിലുണ്ട്. 49,683 രൂപയാണു ബൈക്കിനു ഡൽഹി ഷോറൂമിൽ വില.

ബൈക്കിനു കരുത്തേകുന്നത് 112.8 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ്. 7500 ആർ പി എമ്മിൽ പരമാവധി 8.2 ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 8.83 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കിക് സ്റ്റാർട്ടിനൊപ്പം ഇലക്ട്രിക് സ്റ്റാർട്ട് സൗകര്യവുമുള്ള ബൈക്കിനു നാലു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.