തകാത്തയുടെ അവസാനിക്കാത്ത പുലിവാലുകൾ

എയർബാഗുകൾ നിർമ്മിക്കുന്ന തകാത്ത കോർപ്പറേഷൻ വാഹന നിർമ്മാതാക്കൾക്ക് സമ്മാനിച്ചിരിക്കുന്ന തലവേദന ചില്ലറയല്ല. തകാത്തയുടെ എയർബാഗുകൾ ഉപയോഗിക്കുന്ന പന്ത്രണ്ടോളം വാഹന നിർമ്മാതക്കൾ ഇതുവരെ കോടിക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിച്ച് എയർബാഗുകൾ മാറ്റിവെച്ച് നൽകിക്കഴിഞ്ഞു. എന്നാൽ കാര്യങ്ങൾ അവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. യുഎസിൽ മാത്രം ഏകദേശം 1.92 കോടി വാഹനങ്ങളുടെ തകരാർ പരിഹരിക്കാൻ ഇനിയും ബാക്കിയുണ്ടത്രേ. 

നാഷണൽ ഹൈവേ ട്രാഫിക്ക് സേഫ്റ്റി അഡ്മിനിട്രേഷന്റെ (എൻഎച്ച്ടിഎസ്എ) കണക്കുപ്രകാരം 1.92  കോടി വാഹനങ്ങളിലെ തകരാറാണ് ഇനിയും പരിഹരിക്കാനുള്ളത്. തകരാർ പരിഹരിച്ചതും പരിഹരിക്കാത്തതുമായി പതിനൊന്ന് വാഹന നിർമ്മാതാക്കളുടേതായി ഏകദേശം 2.34 കോടി വാഹനങ്ങളാണ് അമേരിക്കയിൽ മാത്രമുള്ളത്. തകാത്ത എയർ ബാഗിന്റെ തകരാറിന്റെ പേരിൽ 2008 മുതൽ ഇതുവരെ പന്ത്രണ്ടോളം നിർമാതാക്കൾ ചേർന്ന് അഞ്ചു കോടിയോളം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിച്ചെന്നാണ് കണക്കാക്കുന്നത്; നിർമാണ പിഴവിന്റെ പേരിലുള്ള വാഹന പരിശോധനയെ സംബന്ധിച്ചിടത്തോളം ഇതു ലോക റെക്കോർഡാണ്.

എയർബാഗിന്റെ വിന്യാസവേളയിൽ ശക്തമായ സ്‌ഫോടനം സൃഷ്ടിക്കുക വഴി മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാരെ ക്ഷതമേൽപ്പിക്കാനും  അപകടത്തിൽ പെടുത്താനുമുള്ള സാധ്യത മുൻനിർത്തിയാണ് തകാത്ത കോർപറേഷന്റെ എയർബാഗുകൾ ഘടിപ്പിച്ച വാഹനങ്ങൾ തിരിച്ചു വിളിക്കുന്നത്. നിർമാണ പിഴവുള്ള തകാത്ത കോർപറേഷന്റെ എയർബാഗുകൾ പൊട്ടിത്തെറിച്ച് ആറു മരണം സംഭവിച്ചെന്നാണു സ്ഥരീകരിക്കാത്ത കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടെ ജപ്പാനിൽ തകാത്ത എയർബാഗുകൾ 12 തവണ തെറ്റായ രീതിയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ നിക്കി റിപ്പോർട്ട് ചെയ്തിരുന്നു; ഇവയെല്ലാം ടൊയോട്ട, ഹോണ്ട വാഹനങ്ങളിലായിരുന്നെന്നും ജപ്പാൻ ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ അപകടങ്ങളിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും നിക്കി വ്യക്തമാക്കുന്നു. എയർബാഗ് തകരാറിനുള്ള മൂലകാരണം കണ്ടെത്താൻ തകാത്ത കോർപറേഷനോ വാഹന നിർമ്മാതാക്കൾക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.