Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സങ്കര ഇന്ധനം: സഹകരണത്തിനൊരുങ്ങി മഹീന്ദ്രയും ടാറ്റയും മാരുതിയും

Green Cars

വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങൾക്കുള്ള യന്ത്രഘടകങ്ങളുടെയും സംവിധാനങ്ങളുടെയും വികസനത്തിൽ സഹകരിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും മാരുതി സുസുക്കിയും തീരുമാനിച്ചു. പൊതുവായ നിലവാരത്തിലുള്ള ഘടകങ്ങളും സംവിധാനങ്ങളും പരസ്പര സഹകരണത്തോടെ വികസിപ്പിക്കുക വഴി പദ്ധതി ചെലവ് നിയന്ത്രിക്കുകയാണു കമ്പനികളുടെ ലക്ഷ്യമെന്നു മഹീന്ദ്ര രേവ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അരവിന്ദ് മാത്യു അറിയിച്ചു. ഇതു വഴി ഇത്തരം വാഹനങ്ങളുടെ വിലയും പരിപാലന ചെലവുമൊക്കെ കുറയ്ക്കാനാവുമെന്നാണു പ്രതീക്ഷ. വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങൾക്കായി കമ്പനികൾക്കു വ്യത്യസ്ത സോഫ്റ്റ്വെയർ ഇന്റർനെറ്റ് പ്രോട്ടൊക്കോൾ ഉണ്ടാവുമെങ്കിലും യന്ത്രഭാഗങ്ങൾക്കും സിസ്റ്റങ്ങൾക്കുമൊക്കെ പൊതു നിലവാരമാകും പിന്തുടരുക.

Maruti Suzuki Logo

രാജ്യത്തു വൈദ്യുത വാഹന വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര സർക്കാർ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്(അഥവാ ഫെയിം) പദ്ധതി പ്രഖ്യാപിച്ചതോടെയാണു മൂന്നു നിർമാതാക്കളും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചത്. സങ്കര ഇന്ധന, വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവർക്ക് വിലക്കിഴിവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണു ‘ഫെയിം’; നാഷനൽ ഇലക്ട്രി മൊബിലിറ്റി മിഷൻ പ്ലാനിന്റെ ആദ്യഘട്ടമായി രണ്ടു വർഷത്തിനിടെ 795 കോടി രൂപയുടെ ഇളവാണു ‘ഫെയിം’ വിതരണം ചെയ്യുക. തുടക്കത്തിൽ മെട്രോ നഗരങ്ങളിൽ നടപ്പാക്കിയ പദ്ധതി ക്രമേണ സ്മാർട് സിറ്റികളിലേക്കും രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും.

tata-kite-logo

കേന്ദ്ര ഘടന വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ‘ഫെയിം’ പദ്ധതിക്കു മൊത്തം 14,000 കോടി രൂപയുടെ ചെലവാണു പ്രതീക്ഷിക്കുന്നത്. സങ്കര ഇന്ധന, വൈദ്യുത വാഹനം വാങ്ങുന്നവർക്ക് ഉടനടി വിലക്കിഴിവ് ലഭ്യമാക്കുമെന്നതാണു പദ്ധതിയുടെ പ്രത്യേകത; നിർമാതാവിന് ഈ ഇളവ് സർക്കാർ മടക്കി നൽകുകയും ചെയ്യും. വൈദ്യുത കാറുകൾക്ക് 13,000 രൂപ മുതൽ 1.38 ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് ‘ഫെയിം’ വഴി ലഭിക്കുക; ലഘു വാണിജ്യ വാഹനങ്ങൾക്കുള്ള ഇളവ് 17,000 മുതൽ 1.87 ലക്ഷം രൂപ വരെയാണ്. ഈ സാധ്യത പരിഗണിച്ച് സെഡാനായ ‘വെരിറ്റൊ’യുടെയും മിനി ട്രക്കായ ‘മാക്സിമൊ’യുടെയും വൈദ്യുത വകഭേദങ്ങൾ വൈകാതെ പുറത്തിറക്കുമെന്ന് അരവിന്ദ് മാത്യു അറിയിച്ചു. ഇത്തരം മോഡലുകൾ ഉപയോഗിക്കാനുള്ള സാധ്യതയെപ്പറ്റി കൂടാതെ ഓല പോലുള്ള ടാക്സി ആഗ്രിഗേറ്റർമാരുമായി കമ്പനി ചർച്ചയും നടത്തുന്നുണ്ട്. വൈദ്യുത വാഹനമായ ‘ഇ ടു ഒ’യുടെ പവർട്രെയ്നാവും പുതിയ മോഡലുകൾക്കായി പ്രയോജനപ്പെടുത്തുകയെന്നും മാത്യു വിശദീകരിച്ചു.

mahindra-logo
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.