‘നാനോ’യ്ക്കു ‘ചോസൺ വൺ’പദ്ധതിയുമായി ടാറ്റ

Tata Nano GenX

പുതിയ അവതരണമായ ‘ജെൻ എക്സ് നാനോ’ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ടാറ്റ മോട്ടോഴ്സ് ‘ദ് ചോസൺ വൺ’പദ്ധതി പ്രഖ്യാപിച്ചു. ‘ജെൻ എക്സ് നാനോ’ ബുക്ക് ചെയ്യുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരെ സാനന്ദിലെ നിർമാണശാലയിലെത്തിച്ച് സ്വന്തം കാർ പുറത്തിറങ്ങുന്നതു കാണാൻ അവസരം നൽകുന്ന പദ്ധതിയാണിത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരുടെ സാനന്ദ് യാത്രയ്ക്കും മറ്റുമുള്ള ചെലവും കമ്പനി വഹിക്കും.

ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ലക്ഷ്യമിടുന്ന ‘ഹൊറൈസൻനെക്സ്റ്റ്’ പ്രകാരം ‘സെസ്റ്റി’നും ‘ബോൾട്ടി’നും ശേഷം കമ്പനി അവതരിപ്പിച്ച മൂന്നാം മോഡലാണു ‘ജെൻ എക്സ് നാനോ’യെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് മയങ്ക് പരീഖ് അറിയിച്ചു. ‘ജെൻ എക്സ് നാനോ’ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കു സവിശേഷ അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടാണു‘ദ് ചോസൺ വൺ’ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇപ്പോൾ പ്രാബല്യത്തിലുള്ള പദ്ധതി ഈ 18 വരെ തുടരുമെന്നു ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തി. ഇതിനകം ‘ജെൻ എക്സ് നാനോ’ ബുക്ക് ചെയ്തവരെയും 18നുള്ളിൽ കാർ ബുക്ക് ചെയ്യുന്നവരെയുമാണു പദ്ധതിയിൽ ഉൾപ്പെടുത്തുക. നറുക്കെടുപ്പ് വഴി തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണു ഗുജറാത്തിലെ സാനന്ദിലെത്തി ജൂലൈ ഏഴിനു സ്വന്തം കാറിന്റെ പിറവി നേരിട്ടു കാണാൻ അവസരം ലഭിക്കുക. ഒപ്പം പ്ലാന്റിൽ തന്നെ കാറുകളുടെ ജനന സർട്ടിഫിക്കറ്റും ഉടമകൾക്കു കമ്പനി കൈമാറുന്നുണ്ട്.

‘ദ് ചോസൺ വൺ’പദ്ധതി വിജയികളെ ഈ 24നു പ്രഖ്യാപിക്കുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. ഓൺലൈൻ രീതിയിൽ 5,001 രൂപ മുടക്കി ‘ജെൻ എക്സ് നാനോ’ ബുക്ക് ചെയ്യാൻ കമ്പനി അവസരമൊരുക്കിയിട്ടുണ്ട്.