ടാക്സി: ഇനി പഴയ മോഡലുകൾ മാത്രമെന്നു ടാറ്റ

Tata Zest

പഴയ മോഡലുകൾ ടാക്സി വിഭാഗത്തിനും പുത്തൻ കാറുകൾ വ്യക്തിഗത ഉപയോഗത്തിനുമെന്ന വിവേചനവുമായി ടാറ്റ മോട്ടോഴ്സ്. ഭാവിയിൽ ‘ഇൻഡിക്ക’യും ‘ഇൻഡിഗൊ’യും പോലുള്ള മോഡലുകൾ മാത്രമാവും ടാറ്റ മോട്ടോഴ്സ് വാണിജ്യ വിഭാഗത്തിൽ വിൽക്കുക; ‘ബോൾട്ടും’ ‘സെസ്റ്റു’മൊക്കെ വ്യക്തിഗത ഉപയോഗത്തിനു മാത്രമായി നീക്കി വയ്ക്കും. ടാക്സി വിഭാഗത്തിൽ വിജയിക്കുന്ന കാറുകൾ വ്യക്തിഗത ഉപയോഗത്തിന് തിരഞ്ഞെടുക്കാൻ ആളുകൾ മടിക്കുന്നെന്ന തിരിച്ചറിവാണു കമ്പനിയെ കടുത്ത തീരുമാനത്തിലേക്കു നയിക്കുന്നത്.

വാണിജ്യ വിഭാഗത്തിൽ നിന്നു കമ്പനി പിൻമാറുമെന്ന മട്ടിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ടാറ്റ മോട്ടോഴ്സ് സീനിയർ വൈസ് പ്രസിഡന്റ്(പ്രോഗ്രാം, പ്ലാനിങ് ആൻഡ് പ്രോജക്ട് മാനേജ്മെന്റ് — പാസഞ്ചർ വെഹിക്കിൾസ്) ഗിരീഷ് വാഗ് വ്യക്തമാക്കുന്നു. പകരം വ്യത്യസ്ത വിഭാഗങ്ങൾക്കായി വിഭിന്ന ബ്രാൻഡുകളും മോഡലുകളും അവതരിപ്പിക്കാനാണു കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും വാഗ് വിശദീകരിച്ചു.

വാണിജ്യ ഉപയോഗത്തിനുള്ള മോഡലുകൾ വ്യക്തിഗത മേഖലയിൽ വിൽക്കേണ്ടെന്നാണു കമ്പനിയുടെ നിലപാട്; അതുപോലെ വ്യക്തിഗത വിഭാഗത്തിൽ അവതരിപ്പിക്കുന്ന മോഡലുകൾ ടാക്സി മേഖലയിലും വിൽക്കില്ല. മികച്ച സ്വീകാര്യത കൈവരിച്ച സാഹചര്യത്തിൽ ‘ഇൻഡിക്ക’യും ‘ഇൻഡിഗൊ’യുമാവും വാണിജ്യ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെ പ്രതിനിധികളെന്നും വാഗ് വ്യക്തമാക്കുന്നു.

കമ്പനിയിൽ നിന്നുള്ള പുതിയ അവതരണങ്ങളെല്ലാം തന്നെ ഏറെക്കുറെ വ്യക്തിഗത വിഭാഗം ലക്ഷ്യമിട്ടാവും. ഈ മോഡലുകളുടെ ആയുസ്സിന്റെ അവസാനഘട്ടത്തിലോ പകരക്കാർ രംഗപ്രവേശം ചെയ്യുന്ന വേളയിലോ മാത്രമാവും ഇവ വാണിജ്യ ഉപയോഗത്തിനു ലഭ്യമാക്കുയെന്നു വാഗ് വെളിപ്പെടുത്തുന്നു.

Tata Bolt

ഡീസൽ കാർ നിർമാതാവെന്നും ടാക്സി കാർ നിർമാതാവെന്നുമൊക്കെയുള്ള ടാറ്റ മോട്ടോഴ്സിന്റെ പേരുദോഷം മാറ്റുന്നതിൽ ‘സെസ്റ്റും’ ‘ബോൾട്ടും’ വിജയിച്ചിട്ടുണ്ടെന്നാണു കമ്പനിയുടെ വിലയിരുത്തൽ. ഈ നില തുടർന്നാൽ വ്യക്തിഗത ഉപയോക്താക്കൾ ടാറ്റ മോട്ടോഴ്സ് ബ്രാൻഡുകൾ തേടിയെത്തുന്ന കാലം വരുമെന്നും വാഗ് കണക്കുകൂട്ടുന്നു.

എന്നാൽ വ്യക്തിഗത ഉപയോക്താക്കൾക്കായി വാണിജ്യ മേഖലയെ പൂർണമായും കൈവിടാനാവില്ലെന്നും വാഗ് പറയുന്നു. വാണിജ്യ വാഹന വിപണി എന്ന യാഥാർഥ്യത്തെ അവഗണിക്കാനാവില്ല. ഇന്ത്യ പോലെ ജനസംഖ്യയേറിയ രാജ്യത്തിൽ പൊതു ഗതാഗത മേഖലയുടെ ആവശ്യം ഉയരുകയും ടാക്സി വാഹന വിൽപ്പന വർധിക്കുകയും ചെയ്യുമെന്നു വാഗ് വിശദീകരിക്കുന്നു.