ഒറ്റ ചാർജിൽ 728 കിമീ സഞ്ചരിച്ച് ടെസ്​ല

Tesla Model S P85D

ഒറ്റ ചാർജിങ്ങിൽ 728.7 കിലോമീറ്റർ സഞ്ചരിച്ച് ലോക റിക്കാർഡിട്ടിരിക്കുകയാണ് ടെസ്​ലയുടെ മോഡൽ എസ് പി85ഡി. നോർവേ സ്വദേശി ബിയോൺ നെയ്‌ലാന്റും സുഹൃത്ത് മോർഗൻ ടോവോൾട്ടും ചേർന്നാണ് ഇത്ര അധികം ദൂരം പിന്നിട്ടിരിക്കുന്നത്. ഇതോടെ ചാർജിങ്ങിൽ ഏറ്റവും അധികം ദൂരം പിന്നിടുന്ന ഇലക്ട്രിക്ക് പ്രൊഡക്ഷൻ കാർ എന്ന റിക്കാർഡാണ് ടെസ്​ല മോഡൽ എസ് സ്വന്തമാക്കിയിരിക്കുന്നത്. 

മോഡൽ എസിന്റെ 85 കെഡബ്ല്യുഎച്ച് ബാറ്ററി ഒറ്റ ചാർജിൽ 510 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് കമ്പനി പറയുന്നത്. നാൽപത് കിലോമീറ്റർ വേഗതയിൽ പരമാവധി സഞ്ചരിച്ചതും, ബ്രേക്കിന്റെ ഉപയോഗം കുറച്ചതുമാണ് ഇത്ര അധികം ദൂരം സഞ്ചരിക്കാൻ തങ്ങളെ സഹായിച്ചതെന്നാണ് നെയ്‌ലാന്റ് പറഞ്ഞത്. കൂടാതെ അധികം കയറ്റങ്ങളോ ഇറക്കങ്ങളോ വളവുകളോ ഇല്ലാത്ത റോഡുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഡെൻമാർക്കിലെത്തിച്ചത് എന്നാണ് നെയ്‌ലാന്റ് പറയുന്നത്. 

19.40 മണിക്കൂറുകൾകൊണ്ടാണ് ഇത്രഅധികം ദൂരം ടെസ്​ല മോഡൽ എസ് പിന്നിട്ടത്. ഇതിൽ ഒരുമണിക്കൂർ വിശ്രമസമയം കൂടി ഉൾപ്പെട്ടതാണീ 19.40 മണിക്കൂർ. ഏകദേശം 39 കിമീ ആവറേജ് സ്പീഡിൽ സഞ്ചരിക്കാൻ കഴിഞ്ഞു എന്നും നെയ്‌ലാന്റ് യൂട്യൂബിൽ അപ് ലോഡ് ചെയ്ത വിഡിയോയിൽ പറയുന്നുണ്ട്.