‘മോഡൽ ത്രീ’: ഉൽപ്പാദനം കൂട്ടാൻ ടെസ്‌ല

വൻതോതിലുള്ള വിൽപ്പന പ്രതീക്ഷിക്കുന്ന പുതിയ സെഡാനായ ‘മോഡൽ ത്രീ’യുടെ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കുമെന്ന് യു എസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ല മോട്ടോഴ്സ്. 2018ൽ അഞ്ചു ലക്ഷം വൈദ്യുത വാഹനങ്ങൾ ഉൽപ്പാദിപ്പിക്കുകയാണു ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി. മുമ്പു നിശ്ചയിച്ചതിലും രണ്ടു വർഷം നേരത്തെയാണു ടെസ്‌ല മോട്ടോഴ്സ് വാർഷിക ഉൽപ്പാദനം അഞ്ചു ലക്ഷം യൂണിറ്റിലെത്തിക്കുന്നത്.

അതേസമയം, ഉൽപ്പാദനചെലവ് ഉയർത്തുന്നതു മൂലധന ചെലവ് വർധിപ്പിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു. ഈ വിഭാഗത്തിൽ ഇക്കൊല്ലം പ്രതീക്ഷിച്ച ചെലവ് 50% ഉയർന്ന് 225 കോടി ഡോളർ (ഏകദേശം 14965.30 കോടി രൂപ) ആകുമെന്നും കമ്പനി കണക്കുകൂട്ടുന്നു. പണം കണ്ടെത്താൻ പുതിയ ഓഹരി പുറത്തിറക്കുന്നതും വായ്പയെടുക്കുന്നതുമടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക് സൂചിപ്പിച്ചു.

നിലവിൽ ആഡംബര സെഡാനായ ‘മോഡൽ എസ്’, സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘മോഡൽ എക്സ്’ എന്നിവയാണു ടെസ്‌ല മോട്ടോഴ്സ് നിർമിക്കുന്നത്. ഏതാനും വർഷത്തിനകം വൻതോതിൽ വിൽപ്പനയുള്ള വാഹന നിർമാതാക്കളായി മാറുകയാണു കമ്പനിയുടെ ലക്ഷ്യം.

വ്യാപക വിൽപ്പന ലക്ഷ്യമിട്ടു വികസിപ്പിച്ച ‘മോഡൽ ത്രീ’ സെഡാന്റെ ഉൽപ്പാദനം അടുത്ത വർഷം അവസാനം ആരംഭിക്കാനാണു ടെസ്‌ല മോട്ടോഴ്സിന്റെ പദ്ധതി. കഴിഞ്ഞ മാർച്ച് 31ന് അനാവരണം ചെയ്ത കാർ ഇതിനകം തന്നെ ആഗോളതലത്തിൽ വാനഹപ്രേമികളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

ജപ്പാനിൽ നിന്നുള്ള ടൊയോട്ട മോട്ടോർ കോർപറേഷനും ജർമനിയിൽ നിന്നുള്ള ഫോക്സ്‌വാഗൻ എ ജിയും പോലെ പരമ്പരാഗത രീതിയിലുള്ള വാഹന നിർമാതാക്കളുടെ വാർഷിക ഉൽപ്പാദനവുമായി താരതമ്യം ചെയ്താൽ ടെസ്‌ല ലക്ഷ്യമിടുന്ന അഞ്ചു ലക്ഷം യൂണിറ്റ് വലിയ കാര്യമല്ലെന്നാണു നിരീക്ഷകരുടെ പക്ഷം. കഴിഞ്ഞ വർഷം യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനി ആഭ്യന്തര വിപണിയിൽ മാത്രം വിറ്റത് എട്ടു ലക്ഷത്തോളം ‘എഫ് സീരീസ്’ പിക്അപ് ട്രക്കുകളായിരുന്നു.